Skip to main content

ആരാധന: ചില തെറ്റിദ്ധാരണകൾ

ഇബാദത്ത് അഥവാ ആരാധന എന്ന സംഗതി മനസ്സിലാക്കുന്നേടത്ത് മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചില തെറ്റായ ധാരണകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ആരാധനയില്‍ പെട്ട ഏതു കാര്യവും അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും അര്‍പ്പിക്കുന്നത് ശിര്‍ക്കായിത്തീരുമെന്ന ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശം തത്ത്വത്തില്‍ അംഗീകരിക്കുന്നവര്‍ തന്നെ പല ആരാധനകളും അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നതായി കാണാം. പാപമോചന തേട്ടങ്ങളും നേര്‍ച്ചവഴിപാടുകളും ആരാധനയാണെന്ന വസ്തുതയറിയാതെ അതെല്ലാം മറ്റു പലര്‍ക്കും അര്‍പ്പിക്കുന്ന മുസ്‌ലിംകളുണ്ട്. പ്രപഞ്ചത്തിന് ഒന്നിലേറെ സ്രഷ്ടാവുണ്ട് എന്ന വിശ്വാസം മാത്രമേ ശിര്‍ക്കാവുകയുള്ളൂ എന്നാണിവരുടെ തെറ്റായ ധാരണ.

അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട അദൃശ്യജ്ഞാനം(ഇല്‍മുല്‍ഗൈബ്) പല സിദ്ധന്മാര്‍ക്കും ശൈഖുമാര്‍ക്കും ഉണ്ടെന്ന് ധരിച്ചുവശാവുകയും അവര്‍ക്കെല്ലാം നേര്‍ച്ചകളോ വഴിപാടുകളോ അര്‍പ്പിക്കുകയോ ചെയ്യുന്നവരുണ്ട്. രോഗശമനത്തിനും സന്താനസൗഭാഗ്യത്തിനും മഴ ലഭിക്കാന്‍ പോലും പല 'ദിവ്യ'കേന്ദ്രങ്ങളെയും സമീപിക്കുന്നവര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. ഇത്തരം സഹായം തേടലിന് പ്രാര്‍ഥന(ദുആ) എന്ന സാങ്കേതിക പദം പ്രയോഗിക്കുന്നില്ല എന്നുമാത്രം. തങ്ങള്‍ പ്രാര്‍ഥിക്കുകയല്ല, സഹായംതേടുക(ഇസ്തിഗാസ)യാണ് എന്നാണ് ഇവര്‍ പറയുന്നത്. അഭൗതികമായി സഹായം തേടുന്നത് തന്നെയാണ് യഥാര്‍ഥത്തില്‍ പ്രാര്‍ഥന. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് ചില മുസ്‌ലിംകള്‍ ശവകുടീരങ്ങളിലേക്ക് മോക്ഷത്തിനുവേണ്ടി തീര്‍ഥാടനം നടത്തുന്നത്.

ഇബാദത്ത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്തതിനാല്‍ ഇബാദത്തായ പലതും ഇബാദത്തല്ല എന്ന തെറ്റിദ്ധാരണയില്‍ ഒരു കൂട്ടര്‍ അന്ധവിശ്വാസത്തിലേക്ക് നീങ്ങിപ്പോകുന്നു. ഇതിന്റെ നേരെ മറുവശവുമുണ്ട്. ഇബാദത്തല്ലാത്ത പലതും ഇബാദത്താണെന്ന് തെറ്റിദ്ധരിച്ച് ഏത് പ്രവൃത്തി ചെയ്താലും ശിര്‍ക്കാവുമെന്ന് വാദിക്കുകയും പേടിക്കുകയും ചെയ്യുന്ന അതിവാദമാണ് ഇത്. ഇബാദത്ത് എന്ന അറബി പദത്തിന് ആരാധന, അനുസരണം, അടിമവൃത്തി എന്ന നിര്‍വചനം നല്‍കപ്പെടുന്നതാണിതിനുകാരണം. അല്ലാഹുവിന് മാത്രമേ ആരാധന ചെയ്യാവൂ എന്നതില്‍ തര്‍ക്കമില്ല. അല്ലാഹുവിനെ മാത്രമേ അനുസരിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ ദീനിനെതിരാണ്, ജീവിതത്തില്‍ അപ്രായോഗികവും. അല്ലാഹു അല്ലാത്ത പലരെയും അനുസരിക്കുവാന്‍ അല്ലഹുതന്നെ പറഞ്ഞിരിക്കെ അനുസരണം ഇബാദത്താണെന്ന് പറയാന്‍ കഴിയില്ല. ദൈവദൂതനെ(റസൂല്‍) നിരുപാധികം അനുസരിച്ചെങ്കിലേ ഒരാള്‍ മുസ്‌ലിമാവൂ. എന്നാല്‍ പ്രവാചകനെ ആരാധിച്ചാലോ? അയാള്‍ ശിര്‍ക്ക് ചെയ്തു. മാതാപിതാക്കളെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. അവര്‍ മുസ്‌ലിംകളല്ലെങ്കില്‍പോലും. അപ്പോള്‍ ഇബാദത്തിന് അനുസരണം എന്ന നിര്‍വചനമോ വിശദീകരണമോ നല്കുന്നത് വസ്തുതാവിരുദ്ധമാണ്. ദുര്‍മാര്‍ഗികളെ അനുസരിച്ച് മോശമായ കാര്യം ചെയ്താല്‍ പോലും അത് ശിര്‍ക്കാവുകയില്ല; പാപം മാത്രമേ ആവൂ. എല്ലാ പാപവും ശിര്‍ക്കല്ലല്ലോ.

അടിമവൃത്തിയും ഇങ്ങനെതന്നെ. മനുഷ്യന്‍ അല്ലാഹുവിന്റെ അടിമ(അബ്ദ്)യാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അടിമയുടെ പ്രവൃത്തികള്‍ക്ക് അടിമവൃത്തി എന്നു പറയാം. പക്ഷേ അത് ഇബാദത്തിന്റെ നിര്‍വചനമാവാന്‍ തരമില്ല. കാരണം, അല്ലാഹുവിന്റെ അടിമയായ മനുഷ്യന്റെ എല്ലാ പ്രവൃത്തികളും ഇബാദത്തല്ല. മനുഷ്യന്റെ കീഴില്‍ അടിമകളുണ്ടായിരുന്നുവല്ലോ. അടിമകള്‍ യജമാനനു വേണ്ടി ചെയ്യുന്ന നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ ഇബാദത്തല്ല. അതിന് സേവനം(ഖിദ്മത്ത്) എന്നാണ് അറബിയില്‍ പ്രയോഗിക്കുക. അടിമവേല ഇബാദത്താണെങ്കില്‍ അടിമ സമ്പ്രദായം ഇസ്‌ലാം നിരോധിക്കുമായിരുന്നു. അടിമ സമ്പ്രദായം നിരുത്സാഹപ്പെടുത്തുകയും അടിമ ഉടമ ബന്ധം മാനവികമാക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. അതില്‍ ആരാധനയുടെ വശം കടന്നുവരുന്നില്ല.

അനുസരണം ഇബാദത്താണ് എന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചവര്‍ ആ വാദം രാഷ്ട്രീയമായിട്ടാണ് ഉപയോഗിച്ചത്. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതും അവരുടെ കീഴില്‍ ജോലിയെടുക്കുന്നതും ശിര്‍ക്കാണെന്ന് അവര്‍ സിദ്ധാന്തിച്ചു. ഈ വാദം മൂലം ഇസ്‌ലാമിനെ അപ്രായോഗികമാക്കുകയായിരുന്നു ഇവര്‍. കാരണം ഇത് പ്രവാചകന്‍ പഠിപ്പിച്ചതല്ല. ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തിന്റെ കീഴില്‍ യൂസുഫ് നബി(അ) പണിയെടുത്തു. നബി സ്വഹാബിമാരെ ക്രിസ്ത്യാനികള്‍ ഭരിക്കുന്ന ഹബ്ശയിലേക്ക് ജീവിക്കാന്‍ വേണ്ടി പറഞ്ഞയച്ചു. അവര്‍ ആ ഭരണകൂടത്തെ അനുസരിച്ച് ജീവിച്ചു. വിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ ഇത്തരം നടപടിക്ക് ദോഷം പറഞ്ഞിട്ടില്ല. അപ്പോള്‍ ഇബാദത്തിന്റെ നിര്‍വചനമായി അനുസരണമോ അടിമവേലയോ വരുന്നില്ല. എന്നാല്‍ യജമാനനോ ഭരണാധികാരിക്കോ ആരാധന നടത്തിയാല്‍ അത് ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. അല്ലാഹുവിനു മാത്രം ചെയ്യേണ്ടതും അല്ലാത്തവര്‍ക്ക് പാടില്ലാത്തതും ആയ കാര്യങ്ങളാണ് ഇബാദത്ത്. അനുഷ്ഠാനകര്‍മങ്ങള്‍, ബലി, നേര്‍ച്ച, വഴിപാട് എന്നിവയെല്ലാം ഇബാദത്ത് ആയിത്തീരുന്നത് അവയിലടങ്ങിയ പ്രാര്‍ഥന മൂലമാണ്.
 

Feedback