Skip to main content

തെറ്റായ അദൃശ്യജ്ഞാന വിശ്വാസം

അല്ലാഹുവിനെ അദൃശ്യമായ രീതിയില്‍ വിശ്വസിക്കണമെന്നതുപോലെ പ്രധാനമാണ് അദൃശ്യകാര്യങ്ങള്‍ (ഗൈബ്) അല്ലാഹുവിന് മാത്രമേ അറിയൂ എന്ന വിശ്വാസം. അല്ലാഹു പറയുന്നു:

'അദൃശ്യത്തിന്റെ ഖജനാവുകള്‍ അവന്റെ പക്കലാകുന്നു. അവനല്ലാതെ അത് അറിയുകയില്ല'(6.59). 

അദൃശ്യമെന്നാല്‍ കാണാന്‍ കഴിയാത്തത് എന്നര്‍ഥം. അദൃശം ആപേക്ഷികമാണ്. കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത് ഉപകരണങ്ങള്‍കൊണ്ട് കാണുന്നു. ഇരുട്ടത്തുള്ളത് വെളിച്ചം വന്നാല്‍ കാണുന്നു. മറയ്ക്കപ്പുറമുള്ളത് മറനീക്കിയാല്‍ കാണുന്നു. ഒരാള്‍ക്ക് കാണാന്‍ കഴിയാത്തത് മറ്റൊരാള്‍ കണ്ടറിയുന്നു. കണ്ണുകൊണ്ട് കണ്ടില്ലെങ്കിലും വസ്തുക്കളുടെ സാന്നിധ്യം അറിയുന്നു. ഇതെല്ലാം ഭൗതികമായ സംഗതികളാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനുഷ്യരുടെ കഴിവില്‍പ്പെട്ടതാണ്. മനുഷ്യര്‍ക്ക് കാര്യങ്ങളറിയാനുള്ള മാര്‍ഗങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം മനനം ചെയ്ത് കാര്യങ്ങള്‍ കണ്ടെത്തുവാനും മനുഷ്യര്‍ക്ക് കഴിയും.

പഞ്ചേന്ദ്രിയങ്ങള്‍ക്കും ചിന്തക്കുമപ്പുറമുള്ള കാര്യങ്ങളറിയുവാന്‍ മനുഷ്യര്‍ക്കാവില്ല. അത്തരം കാര്യങ്ങള്‍ക്ക് ഗൈബ് (അദൃശ്യ കാര്യങ്ങള്‍) എന്നു പറയുന്നു. ഉദാഹരണം. ഭാവികാര്യങ്ങള്‍. ഇത്തരം ഗൈബ് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഗൈബ് അല്ലാഹു അല്ലാതെ മറ്റാര്‍ക്കെങ്കിലും അറിയുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. പ്രവാചകന്മാര്‍ക്കും പുണ്യവാളന്മാര്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന വിശ്വാസമാണ് ശിര്‍ക്കിലേക്ക് നയിക്കുന്നത്. ഖുര്‍ആന്‍ അതിനെ നിശിതമായി ഖണ്ഡിക്കുന്നു.

'നബിയേ പറയുക, എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയില്ലായിരുന്നു' (7:188). 

ഒരിക്കല്‍ നബി(സ)യെ പുകഴ്ത്തിക്കൊണ്ട് (നാളത്തെ കാര്യം അഥവാ ഭാവി) അറിയുന്ന ഒരു നബി ഞങ്ങള്‍ക്കിടയിലുണ്ട് എന്ന് ഏതാനും കുട്ടികള്‍ പാട്ടുപാടിയപ്പോള്‍ നബി(സ)അത് വിലക്കി. അദൃശ്യജ്ഞാനം അല്ലാഹു വഹ്‌യിലൂടെ അറിയിച്ചുകൊടുത്താല്‍ മാത്രമേ നബി(സ)ക്ക് അറിയാന്‍ സാധിച്ചിരുന്നുള്ളൂ. 

സ്വന്തം പത്‌നി ആഇശ(റ)യെപ്പറ്റി കപടവിശ്വാസികള്‍ അപവാദം പറഞ്ഞു പരത്തിയപ്പോള്‍ നിജസ്ഥിതി അറിയാതെ നബി(സ)യുടെ മനസ്സ് വേദനിച്ചു. അദൃശ്യമായ നിലക്ക് നബിക്ക് കാര്യം മനസ്സിലാക്കാന്‍ സാധിച്ചില്ല. യഅ്ഖൂബ് നബിയുടെ മൂത്ത മക്കള്‍ യൂസുഫിനെ പൊട്ടക്കിണറ്റില്‍ ഏറിഞ്ഞപ്പോള്‍ അവനെ ചെന്നായ പിടിച്ചു എന്നായിരുന്നു അവര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. സത്യാവസ്ഥ അിറയാതെ ആ പിതാവ് ദീര്‍ഘനാള്‍ കരഞ്ഞുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. പ്രവാചകന്മാരാണെങ്കിലും അല്ലാഹു അറിയിച്ച് കൊടുത്താലല്ലാതെ (വഹ്‌യിന്റെ അടിസ്ഥാനത്തില്‍) അവര്‍ക്ക് അദൃശ്യം അറിയാന്‍ സാധിച്ചിരുന്നില്ല.

ഇതൊന്നും മനസ്സിലാക്കാതെ പലരും പല മഹാന്മാരിലും അദൃശ്യ ജ്ഞാനം ആരോപിക്കുകയും അവരെ ദിവ്യത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഇത് ശിര്‍ക്കിലേക്ക് നയിക്കുകയും ചെയ്തു. അദൃശ്യമറിയുമെന്ന മിഥ്യധാരണയില്‍ ലക്ഷണം പറയുന്നവരെയും ഹസ്തരേഖ പ്രവചനക്കാരെയും സമീപിക്കുന്നത് ശിര്‍ക്ക് തന്നെയാണ്. അദൃശ്യ കാര്യങ്ങള്‍ അഭൗതികമായ നിലയില്‍ അറിയുമെന്ന അബദ്ധധാരണ മൂലമാണ് സിദ്ധന്‍മാരെയും ആള്‍ദൈവങ്ങളെയും ജ്യോത്സ്യന്മാരേയും ഗണിതക്കാരെയും സമീപിച്ച് സങ്കടങ്ങള്‍ ഉണര്‍ത്തിക്കാന്‍ ആളുകള്‍ തയ്യാറാവുന്നത്. ഇത് ഇസ്‌ലാം ശക്തിയായി വിലക്കുന്നു. ഈ ധാരണയാണ് ബഹുദൈവാരാധനയുടെ (ശിര്‍ക്ക്) അടിത്തറ.

ആരെങ്കിലും ഉറുക്ക് ധരിച്ചാല്‍ അവന്‍ ശിര്‍ക്ക് ചെയ്തു എന്ന് പ്രവാചകന്‍(സ) പറഞ്ഞതായി ഇബ്‌നു ആമിര്‍ ഉദ്ധരിക്കുന്നു(ഹാകിം). ജ്യോത്സ്യനെ സമീപിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അദൃശ്യജ്ഞാനവും ഭാവിപ്രവചനവും ജ്യോത്സ്യനില്‍ ആരോപിക്കുകയാണ്. അത് ശിര്‍ക്കിലേക്കുള്ള വഴിയാണ്. 

സ്വഫിയ്യ(റ) പറയുന്നു, നബി(സ) അരുളി: ആരെങ്കിലും ഒരു ഗണിതക്കാരനെ സമീപിച്ച് എന്തെങ്കിലും (നഷ്ടപ്പെട്ടതിനെക്കുറിച്ച് അല്ലെങ്കില്‍ അദൃശ്യകാര്യങ്ങളെക്കുറിച്ച്) ചോദിച്ചാല്‍ അവന്റെ 40 ദിവസത്തെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല (മുസ്‌ലിം). 

അദൃശ്യകാര്യങ്ങള്‍ പറയുന്നവന്‍ ആണ് കാഹിന്‍. മുസ്‌ലിം അമുസ്‌ലിം എന്ന വ്യത്യാസമില്ല. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) അരുളി. ''ആരെങ്കിലും ഒരു ജ്യോത്സ്യനെ സമീപിച്ച് അവന്‍ പറഞ്ഞത് വിശ്വസിച്ചാല്‍ മുഹമ്മദിന് ഇറക്കിയതില്‍ അവന്‍ അവിശ്വസിച്ചു'' (അബൂദാവൂദ്).
 

Feedback