Skip to main content

ഇന്‍ജീല്‍

ഈസാനബി(അ)ക്ക് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത വേദഗ്രന്ഥത്തിന്റെ പേരാണ് ഇന്‍ജീല്‍. സുവിശേഷം എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഏകനായ സ്രഷ്ടാവ് മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹനെന്ന് പഠിപ്പിക്കുവാനായി തെരഞ്ഞെടുത്ത് അയക്കപ്പെട്ട ഇസ്‌റാഈല്‍ പ്രവാചകനായ ഈസാനബിക്ക്(അ) അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ് 'ഇന്‍ജീല്‍' എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സന്മാര്‍ഗ നിര്‍ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി (5:46).

മൂസാനബിക്ക് അവതരിച്ച തൗറാത്ത് തന്നെയായിരുന്നു ഈസാ(അ)യുടെ കാലത്തും മതത്തിന്റെ നിയമസംഹിതയായും ന്യായപ്രമാണമായും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ നബിക്ക് (അ) പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് സാക്ഷാല്‍ സുവിശേഷം. ഈസാ(അ) ഇസ്രാഈല്‍ സമുദായത്തിലേക്ക് അയക്കപ്പെട്ട ഒരു റസൂലായിരുന്നുവെന്ന് ഈ സുവിശേഷത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈസാ(അ) തന്റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ സത്യപ്പെടുത്തുകയും അതിന്റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്റെ നിയമ നടപടികളെ പിന്‍പറ്റുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമ സംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ ആദിയായവയാണ് അതിലെ ഉള്ളടക്കം. ഈ സത്യം യേശുവിന്റെ വാക്കുകളിലൂടെ ബൈബ്ള്‍  ഇങ്ങനെ ഉദ്ധരിക്കുന്നു. ''ഞാന്‍ ന്യായ പ്രമാണത്തെയോ (തൗറാത്തിനെ) പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്ന് ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞു പോകുകയില്ല (മത്തായി 5, 17, 18).

ഈസാനബിയുടെ ദൗത്യോദ്ദേശ്യങ്ങളില്‍ പ്രധാനമായ രണ്ട് കാര്യങ്ങളാണ് അദ്ദേഹം തന്റെ ജനതയായ ഇസ്‌റാഈലികളെ അറിയിക്കുന്നത്. (ഒന്ന്) അദ്ദേഹത്തിന്റെ മുമ്പ് അവതരിച്ചതും തന്റെ മുന്നില്‍ നിലവിലുള്ളതുമായ തൗറത്തിന്റെ സത്യത സ്ഥാപിക്കുകയും ശരിവെക്കുകയും ചെയ്യുക. അഥവാ അതിലെ നിയമങ്ങള്‍ നടപ്പില്‍വരുത്തുക. (രണ്ട്) തന്റെ ശേഷം 'അഹ്മദ്' എന്ന് പേരുള്ള ഒരു റസൂല്‍ വരാനിരിക്കുന്നുവെന്ന സുവിശേഷം അറിയിക്കുക. കൈകടത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട ഇന്‍ജീലുകളാണ് ഇന്ന് നിവവിലുള്ളത്. അതിനാല്‍ മുഹമ്മദ് നബി(സ)യുടെ ആഗമനത്തെപ്പറ്റി ഈസാ (അ) നല്‍കിയ സുവിശേഷങ്ങള്‍ അതേപടി ഇന്നത്തെ ഇന്‍ജീലുകളില്‍ കാണപ്പെടുക സാധ്യമല്ല.  ഇങ്ങനെ ഏറ്റവുമധികം കൈകടത്തലിന് വിധേയമായ വിഷയം നബി(സ)യെ സംബന്ധിച്ചുള്ളതാണ്.

ഇന്‍ജീലാണെന്ന് വാദിക്കപ്പെടുന്നത് നാലു സുവിശേഷങ്ങളാണ്. മാര്‍ക്കോസ്, മത്തായി, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളാണ് അവ. ഈ നാലു സുവിശേഷങ്ങളും യേശു (ഈസാനബി) എഴുതിയതോ അറിഞ്ഞതോ അല്ല. ഭൂമിയില്‍ നിന്ന് അദ്ദേഹം ഉയര്‍ത്തപ്പെട്ടിട്ട് 65 മുതല്‍ 110 വരെയുള്ള വര്‍ഷങ്ങളില്‍ പല ആളുകളാല്‍ രചിക്കപ്പെട്ടവയാണ്. ക്രിസ്ത്യാനികള്‍തന്നെയും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണിത്. ഓരോ സുവിശേഷത്തിന്റെയും കര്‍ത്താക്കളെ സംബന്ധിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും തര്‍ക്കങ്ങള്‍ ഇന്നും തുടരുകയാണ്. യേശുവിന്റെ ഇന്‍ജീല്‍ (സുവിശേഷം) എന്നും ദൈവത്തിന്റെ ഇന്‍ജീല്‍ എന്നും പറയാവുന്ന മറ്റൊരു ഇന്‍ജീല്‍ തന്നെ ഉണ്ടായിരുന്നതായി പുതിയ നിയമത്തിലെ ചില ലേഖനങ്ങളില്‍ കാണാന്‍ കഴിയുന്നു. പ്രസ്തുത 4 ഇന്‍ജീലുകള്‍ക്കും സുവിശേഷം (ഇന്‍ജീലുകള്‍) എന്ന  പേര് വന്നത് തന്നെ ക്രിസ്തുവര്‍ഷം 15 മുതല്‍ക്കാകുന്നു.

ചുരുക്കത്തില്‍ തൗറാത്തോ ഇന്‍ജീലോ, അവയുടെ യഥാര്‍ഥ പരിഭാഷയോ എവിടെയും ഇന്ന് നിലവിലില്ല. ഇന്ന് പ്രചാരത്തിലുള്ള ബൈബിള്‍ പഴയനിയമമോ പുതിയ നിയമമോ പൂര്‍ണാര്‍ഥത്തിലുള്ള തൗറാത്തോ ഈന്‍ജീലോ അല്ല. തൗറാത്തിലും ഇന്‍ജീലിലുമുള്ള ചില ദൈവ വചനങ്ങള്‍ അതില്‍ കണ്ടേക്കാമെങ്കിലും ബാക്കി ഭാഗങ്ങളെല്ലാം ആരെല്ലാമോ രചിച്ചവയാണ്.
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445