Skip to main content

വേദ ഗ്രന്ഥങ്ങള്‍ (5)

മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗദര്‍ശനത്തിനും ഇഹപര സൗഭാഗ്യത്തിനും വേണ്ടി അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാര്‍ക്ക് അല്ലാഹു ഇറക്കിക്കൊടുത്തിട്ടുള്ള നിയമ സംഹിതകളാണ് വേദഗ്രന്ഥങ്ങള്‍. വേദഗ്രന്ഥങ്ങളിലെ ഓരോ പദവും ആശയവും ദൈവികമായിരിക്കും. അത് പ്രവാചകന്റെ ജീവചരിത്രമോ ഉപദേശങ്ങളോ അല്ല.

vedagrandhangal

വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു ദൂതന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്പ്പിക്കാനായി അവരുടെകൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു'' (2:213).

എത്ര പ്രവാചകന്മാരാണ് ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടത് എന്ന് വ്യക്തമാക്കാത്തതുപോലെ, എത്ര വേദങ്ങള്‍ ഇങ്ങനെ പ്രവാചകന്മാരിലൂടെ ജനങ്ങള്‍ക്ക് കിട്ടി എന്നും വിശുദ്ധ ഖുര്‍ആനോ നബി(സ)യുടെ    വചനങ്ങളോ വിശദീകരിക്കുന്നില്ല. പ്രധാനമായും നാല് വേദഗ്രന്ഥങ്ങള്‍ ഖുര്‍ആന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. മൂസാ നബിക്ക് നല്‍കിയ തൗറാത്ത്, ദാവൂദ് നബിക്ക് നല്‍കിയ സബൂര്‍, ഈസാ നബിക്ക് നല്‍കിയ ഇന്‍ജീല്‍, മുഹമ്മദ് നബിക്ക് നല്‍കിയ വിശുദ്ധ ഖുര്‍ആന്‍ എന്നിവയാണവ. ഈ നാല് വേദഗ്രന്ഥങ്ങള്‍ക്ക് പുറമെയും എഴുതപ്പെട്ട രേഖകള്‍ ദൈവത്തില്‍നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന.

''നിങ്ങള്‍ പറയുക, അല്ലാഹുവിലും അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും  യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചു കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വ്വ പ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതിലും (സന്ദേശങ്ങള്‍) ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പ്പിക്കുന്നില്ല.  ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്) കീഴ്‌പ്പെട്ട് ജീവിക്കുന്നവരുമാകുന്നു'' (2:136). ഇബ്‌റാഹീമിന് നല്‍കപ്പെട്ട ഗ്രന്ഥം എന്ന് 87:19 ല്‍ പരാമര്‍ശമുണ്ട്. പേരു പറഞ്ഞിട്ടില്ല.

വേദഗ്രന്ഥങ്ങളെന്നപേരില്‍ വേറെയും ചിലതുണ്ട്. ഹൈന്ദവ ദര്‍ശനങ്ങളില്‍ ശ്രുതികളും സ്മൃതികളും മതഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്നു. ഋഷിമാരാല്‍ ശ്രമിക്കപ്പെട്ടത് എന്ന അര്‍ഥത്തില്‍ വേദസംഹിതകള്‍, ഉപനിഷത്തുകള്‍, ആരണ്യകങ്ങള്‍, ബ്രാഹ്മണങ്ങള്‍ എന്നിവ ശ്രുതികളായി പരിഗണിക്കപ്പെടുന്നു. ഋഷിമാര്‍ എഴുതിയവയാണ് സ്മൃതികള്‍. വേദാംഗങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, നീതിശാസ്ത്രങ്ങള്‍ മുതലായവ സ്മൃതികളായി കണക്കാക്കപ്പെടുന്നു. ഋക്ക്, യജൂസ്, സാമം, അഥര്‍വം എന്നിവയാണ് വേദസംഹിതകള്‍. ഇവ സംസ്‌കൃത ഭാഷയിലുള്ളതാണ്. ഇവയിലെല്ലാം ദൈവത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ കാണാം.

ഇതരവേദങ്ങളെ സത്യമാണെന്ന് അംഗീകരിക്കുകയോ അസത്യമാണെന്ന് തള്ളിക്കളയുകയോ വേണ്ടതില്ലെന്നാണ് ഇസ്‌ലാമിക നയം.

Feedback