Skip to main content

സംസം (3)

ദാഹിച്ചുവശായ ഹാജറിനും മുലകുടി പ്രായത്തിലുള്ള മകന്‍ ഇസ്മാഈലിനും വിജനമായ മക്ക മണലാരണ്യത്തില്‍ അല്ലാഹു ഒഴുക്കിയ നീരുറവയാണ് സംസം. ജിബ്‌രീലി(അ)ന്റെ ചിറക് തട്ടി രൂപപ്പെട്ട ചെറിയകുഴിയില്‍ നിന്നാണ് ആദ്യം ജലം പൊടിഞ്ഞത്. തന്റെ തോല്‍പ്പാത്രം കൊണ്ട് ഹാജര്‍ ആ നീര് കോരിയെടുത്തു. അപ്പോള്‍ കുഴി ആഴം കൂടി. അതോടെ നീരൊഴുക്ക് ഒന്നുകൂടി ശക്തമായി. ഹാജറും മകനും ദാഹം തീര്‍ത്തപ്പോഴും നീര്‍ പ്രവാഹം നിലച്ചിരുന്നില്ല. അപ്പോള്‍ ഹാജര്‍ തന്റെ ഭാഷയില്‍ ഇങ്ങനെ മൊഴിഞ്ഞു: സോം,സോം (അടങ്ങുക അടങ്ങുക). ഇതാണ് പിന്നീട് 'സംസം' എന്നായത്.

സഹസ്രാബ്ദങ്ങള്‍ പിന്നിട്ട 'സംസം' ലോകത്തെ ശതകോടി മനുഷ്യര്‍ക്ക് ദാഹശമനമായി വിശുദ്ധ കഅ്ബയുടെ തൊട്ടടുത്ത് വിസ്മയങ്ങളൊളിപ്പിച്ച നീരുറവയായി ഇന്നുമുണ്ട്. ഇതിന്റെ കാതങ്ങള്‍ക്കടുത്തുപോലും മറ്റു നീരുറവകളൊന്നുമില്ല. തന്റെ വീടിന് കുളിര്‍മയായി അല്ലാഹു ഒരുക്കിയ പുണ്യതീര്‍ഥമാണ് സംസം.

Feedback