Skip to main content

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഏകദൈവാരാധനയ്ക്കായി ലോകത്ത് നിര്‍മിക്കപ്പെട്ട ഒന്നാമത്തെ ഭവനമാണ് വിശുദ്ധകഅ്ബ. വിശുദ്ധിയും നിര്‍ഭയത്വവും നിറഞ്ഞ മക്കയില്‍, മസ്ജിദുല്‍ ഹറമിനാല്‍ വലയം ചെയ്യപ്പെട്ട് കഅ്ബ വിളങ്ങി നില്‍ക്കുന്നു, അല്ലാഹുവിന്റെ മലക്കുകള്‍ ഒന്നാം വാനലോകത്ത് ബൈത്തുല്‍മഅ്മൂറില്‍ അല്ലാഹുവിന്ന് ആരാധനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമി യില്‍ കഅ്ബ കേന്ദ്രീകരിച്ച് മനുഷ്യരും. മനുഷ്യര്‍ക്ക് ത്വവാഫിനുള്ള ഏക കേന്ദ്രമാണ് കഅ്ബ.

ദിവസേന അഞ്ചുനേരം നമസ്‌കരിക്കുമ്പോള്‍ ശതകോടികള്‍ മുഖംതിരിക്കുന്നത് അതിനു നേരെയാണ്. പതിനായിരങ്ങള്‍ അണമുറിയാതെ അതിനെ ത്വവാഫ് ചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോ വര്‍ഷവും ഹജ്ജിനും ഉംറയ്ക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ കഅ്ബയുടെ അടുത്തേക്ക് എത്തുന്നുണ്ട്. അന്ത്യവിശ്രമത്തിനായി ആറടി മണ്ണില്‍ കിടത്തുമ്പോള്‍ മുഖം ചെരിച്ചുവെക്കുന്നതും ഇതേ കഅ്ബയുടെ നേരെത്തന്നെ.

കഅ്ബയുടെ നിര്‍മാണം ചരിത്രത്തില്‍ ഏറെ പ്രസിദ്ധമാണ്. ഇബ്‌റാഹീം(അ) തന്റെ ഭാര്യ ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ ഇസ്മാഈലിനെ കാണാന്‍ ഇബ്‌റാഹീം(അ)വന്നു. അന്ന് ഇസ്മാഈല്‍(അ) യുവാവായി മാറിയിരുന്നു. പിതാവിനെ കണ്ടപ്പോള്‍ ഇസ്മാഈല്‍(അ) ആദരിച്ചിരുത്തി. ഇബ്‌റാഹീം(അ) പറഞ്ഞു: ''അല്ലാഹു എന്നോട്  ഒരു  കാര്യം കല്പിച്ചിരിക്കുന്നു. നീ എന്നെ സഹായിക്കുമോ?'' മകന്‍ പറഞ്ഞു: തീര്‍ച്ചയായും. കല്പിക്കപ്പെട്ടത് അങ്ങ് ചെയ്യുക. ''(കുന്നിലേക്ക് ചൂണ്ടി) ഇവിടെ ഒരു ഭവനമുണ്ടാക്കാനാണ് കല്പന'' - ഇബ്‌റാഹീം പറഞ്ഞു.
ഇരുവരും ദൈവഭവനത്തിന്റെ അസ്തിവാരമുയര്‍ത്തി. ഇസ്മാഈല്‍ കല്ലുകൊണ്ടുവന്നു . ഇബ്‌റാ ഹീം നിര്‍മിച്ചു (ബുഖാരി: 1351).

അതീവ ലളിതമായ ഒരു കെട്ടിടമാണ് കഅ്ബ. ഇബ്‌റാഹീം(അ) അതു നിര്‍മിച്ചത് ചെങ്കല്ലുകൊണ്ടാ ണ്. ഒറ്റപ്പൊളിയുള്ള രണ്ട് വാതിലുകള്‍. വാതില്‍പ്പടിയില്ല. മേല്‍ക്കുരയുമില്ല. ഒമ്പത് മുഴം (4.5 മീറ്റര്‍) ഉയരം, 31 മുഴം (15.5 മീറ്റര്‍) നീളം, 22 മുഴം (11 മീറ്റര്‍) വീതി. തെക്കുകിഴക്കെ മൂലയില്‍ ഒന്നരമീറ്റര്‍ ഉയരത്തില്‍ ചുമരില്‍ ഒരു കല്ലും വെച്ചു. ഹജറുല്‍അസ്‌വദ്. ഈ ദീര്‍ഘ ചതുരാകൃതിലുള്ള കെട്ടിടമാണ് വിശുദ്ധ കഅ്ബ.

കഅ്ബയെ വിശുദ്ധ ഖുര്‍ആന്‍ വേറെയും പേരുകളില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്‍ ബൈത്ത് (ആ ഭവനം -2:125), അല്‍ ബൈത്തുല്‍ അതീഖ് (ആ പുരാതന ഭവനം - 22:29), അല്‍ ബൈത്തുല്‍ മുഹര്‍റം (പവിത്ര ഭവനം - 14:31), അവ്വലു ബൈത്ത് (പ്രഥമ ഭവനം-3:96), മസ്ജിദുല്‍ ഹറാം (പവിത്രമായ പള്ളി - 5:2) എന്നിങ്ങനെയാണവ. കഅ്ബ എന്ന പദത്തിന് ചതുരക്കട്ട എന്നാണ് അര്‍ഥം. അല്‍ മാഇദ 95,97 എന്നീ വചനങ്ങളിലാണ് കഅ്ബ (ചതുരം) എന്നു പ്രയോഗിച്ചിട്ടുള്ളത്. 

ഇബ്‌റാഹീം നബി(അ) കഅ്ബ പടുത്തുയര്‍ത്തി നുറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ പല കാലങ്ങ ളിലായി തീപ്പിടിത്തം, വെള്ളപ്പൊക്കം, ആക്രമണങ്ങള്‍ എന്നിവമൂലം ഈ വിശുദ്ധ ഭവനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതാതുകാലങ്ങളില്‍ പുനര്‍നിര്‍മാണവും നടന്നു. ഖുറൈശികള്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ), ഹജ്ജാജുബ്‌നു യൂസുഫ്, ഉസ്മാനീ സുല്‍ത്താന്‍ മുറാദ്ഖാന്‍ എന്നിവരാണ് പുനര്‍നിര്‍മാണം നടത്തിയവരില്‍ പ്രമുഖര്‍.

പടുത്തുയര്‍ത്തിയതു മുതല്‍തന്നെ കഅ്ബക്ക് സൂക്ഷിപ്പുകാരുണ്ടായിരുന്നു. സാദിന്‍ എന്നാണിവരെ വിളിച്ചിരുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റ് അവകാശങ്ങളും ഇവര്‍ക്കായിരുന്നു. ജാഹിലിയ്യാകാലത്ത് ഇത് അബ്ദുദ്ദാര്‍ കുടുംബത്തിനായി. മക്ക വിജയവേളയില്‍ ഈ കുടുംബത്തിലെ ത്വല്‍ഹയുടെ മകന്‍ ഉസ്മാന്റെ കൈവശമായിരുന്നു താക്കോലുണ്ടായിരുന്നത്. ഉസ്മാനില്‍ നിന്ന് നബി(സ്വ) ആ താക്കോല്‍ വാങ്ങി. കഅ്ബ വൃത്തിയാക്കി നമസ്‌കരിച്ചിറങ്ങിയ നബി(സ്വ) താക്കോല്‍ ഉസ്മാനു(റ) തന്നെ മടക്കിക്കൊടുത്തു(ബുഖാരി 67:1613). 

ഇപ്പോള്‍ ഇത് സൂക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരായ ആലുശൈബി കുടുംബമാണ്. ഡോ. സ്വാലിഹ് സൈനുല്‍ ആബിദീന്‍ അശ്ശൈബിയാണ് 2014 ഒക്‌ടോബര്‍ മുതല്‍ താക്കോല്‍ സൂക്ഷിപ്പുകാരന്‍. 2013ല്‍ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു. 

കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്. ഹജറുല്‍അസ്‌വദ് (കറുത്ത കല്ല്), വാതില്‍ മീസാബ് (പാത്തി), ശാദിര്‍വാന്‍ (അടിത്തറ), ഹിജ്ര്‍ (ഹത്വീം), മുല്‍തസം (ഹജറുല്‍ അസ്‌വദിന്റെയും വാതിലിന്റെയും ഇടയിലുള്ള സ്ഥലം) മഖാമു ഇബ്‌റാഹീം, നാലു മൂലകള്‍, കിസ്‌വ (കഅ്ബയെ മൂടിയ തുണി) എന്നിവയാണവ.


 

Feedback