Skip to main content

ഉംറയുടെ രൂപം

ഉംറയുടെ കര്‍മങ്ങള്‍
1) ഇഹ്‌റാം 
2) ത്വവാഫ്
3) സഅ്‌യ് (സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടല്‍)
4) മുടി കളയുകയോ വെട്ടുകയോ ചെയ്യല്‍

1) ഇഹ്‌റാം

മീഖാത്ത്
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഉംറക്കോ ഹജ്ജിനോ വേണ്ടി മക്കയിലേക്കു വരുന്നവര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുന്ന സ്ഥലങ്ങളാണ് ദുല്‍ഹുലൈ(അബ്‌യാര്‍ അലി), ജുഹ്ഫ(റാബിഅ്),ഖര്‍നുല്‍ മനാസില്‍(സൈലുല്‍ കബീര്‍),യലംലം, ദാതുല്‍ ഇര്‍ഖ് എന്നിവയാണ് നിര്‍ദിഷ്ട മീഖാത്തുകള്‍ 
 
ഇഹ്‌റാമിന്റെ രൂപം
1. കുളി, സുഗന്ധം പൂശല്‍
2. ഇഹ്‌റാമിന്റെ വേഷം ധരിക്കല്‍ (പുരുഷന്‍മാര്‍ മാത്രം) 
3. തല്‍ബിയത്ത്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഇഹ്‌റാം ചെയ്ത ശേഷം മാത്രമേ മീഖാത്ത് കടന്നു പോകാന്‍ പാടുള്ളൂ. 
2. വെള്ളം കിട്ടാതെ വരികയോ, ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ തയമ്മും ചെയ് താല്‍ മതി.
3. സുഗന്ധം പൂശുന്നത് ശരീരത്തില്‍ മാത്രം. (വസ്ത്രത്തിലല്ല) 
4. നഖം മുറിക്കാനോ മുടി നീക്കാനോ ഉദ്ദേശിക്കുന്നവര്‍ ഇഹ്‌റാമിന് മുമ്പ് ചെയ്യേണ്ടതാണ്. (പുറപ്പെടുന്നതിന്റെ മുമ്പ് റൂമില്‍ നിന്ന് ചെയ്താല്‍ യാത്രക്ക് സൗകര്യമാവും)
5. പുരുഷന്മാര്‍ക്ക് ഇഹ്‌റാമിന്റെ വേഷം വെള്ള മുണ്ടും, രണ്ട് ചുമലും മറയും വിധമുള്ള മേല്‍മുണ്ടുമാണ്. സ്ത്രീകള്‍ക്ക് പ്രത്യേക നിറവും വേഷവും നിശ്ചയിക്കപ്പെട്ടിട്ടില്ല.
6. ഇഹ്‌റാം ഏതെങ്കിലുമൊരു നമസ്‌കാരത്തിന് ശേഷമാവുന്നതാണ് നല്ലത്. എന്നാല്‍ ഇഹ്‌റാമിന് പ്രത്യേക നമസ്‌കാരമില്ല. കുളി, സുഗന്ധം പൂശല്‍, ഉംറ യുടെ വേഷം ധരിക്കല്‍, നമസ്‌കാരം എന്നിവയ്ക്ക് ശേഷം ഉംറ നിര്‍വഹിക്കാനുദ്ദേശിക്കുന്നു എന്ന് മനസ്സില്‍ കരുതുക. തല്‍ബിയത്ത് (ലബ്ബൈക…) ചൊല്ലുക  
7. വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ മുതല്‍ തല്‍ബിയത്ത് ചൊല്ലിത്തുടങ്ങണം. ആദ്യ തല്‍ബിയത്തില്‍ 'ലബൈക്കല്ലാഹുമ്മ ഉംറതന്‍' എന്നായിരിക്കണം. പിന്നീട് കഅ്ബയിലെത്തുന്നത് വരെ തല്‍ബിയത്ത് തുടരുകയും വേണം.
8. ആര്‍ത്തവകാരികളും മീഖാത്തില്‍ വെച്ചു തന്നെ ഇഹ്‌റാം ചെയ്യണം. (കുളി, സുഗന്ധം പൂശല്‍, നിയ്യത്ത്, തല്‍ബിയത്ത് എന്നിവ നിര്‍വഹിക്കുക) അവര്‍ നമസ്‌കരിക്കാന്‍ പാടില്ല. സ്ത്രീകള്‍ തല്‍ബിയത്ത് ഉറക്കെ ചൊല്ലേണ്ടതില്ല.
9. ഇഹ്‌റാമിന് ശേഷം പാടില്ലാത്ത കാര്യങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.

മക്കയിലെത്തുമ്പോള്‍.
മക്കയിലെത്തുമ്പോഴോ കഅ്ബ കാണുമ്പോഴോ പ്രത്യേക പ്രാര്‍ഥനകളൊന്നുമില്ല. മക്ക യിലെത്തുന്ന ഏതു നേരത്തും ഉംറയുടെ ആദ്യ കര്‍മമായ ത്വവാഫ് തുടങ്ങാവുന്നതാണ്. ആവശ്യ മെങ്കില്‍ ഇത് പിന്തിക്കാവുന്നതാണ്.

ത്വവാഫിന്റെ രൂപം
1. ഹജറുല്‍ അസ്‌വദിന്റെ നേരെ നിന്ന് ബിസ്മി ല്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ട്
തുടങ്ങുക. 
2. ആകെ ഏഴ് തവണയാണ് കഅ്ബയെ ചുറ്റേണ്ടത്.
3. മഖാം ഇബ്‌റാഹീമിന്റെ പിറകില്‍ നിന്ന് കഅ്ബയിലേക്ക് തിരിഞ്ഞ് രണ്ടു റകഅത്ത് നമസ്‌കരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 1. മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതോടെ തല്‍ബിയത്ത് അവസാനിപ്പിക്കണം.
2. പുരുഷന്‍മാര്‍ ത്വവാഫ് തുടങ്ങുന്നതിന് മുമ്പ് വലത്തെ ചുമല്‍ കാണത്തക്കവിധം മേല്‍മുണ്ട് ധരിക്കണം.
3. ത്വവാഫിന് വുദു നിര്‍ബന്ധമാണ്. ആര്‍ത്തവകാരികള്‍ ശുദ്ധിയായ ശേഷമേ ത്വവാഫ് ചെയ്യാവൂ
4. കഅ്ബ തന്റെ ഇടതു ഭാഗത്ത് വരത്തക്ക വിധമാണ് ത്വവാഫ് ചെയ്യേണ്ടത്.
5. ഹജറുല്‍ അസ്‌വദ് തൊട്ടു തടവുന്നതും ചുംബിക്കുന്നതും സുന്നത്താണ്. തിരക്കുള്ള സമയത്ത് അത് ഉപേക്ഷിക്കാവുന്നതാണ്.
6. റുക്‌നുല്‍ യമാനി തടവുന്നത് സുന്നത്താണ്. ചുംബിക്കരുത്. കഅ്ബയുടെ മറ്റൊരു ഭാഗവും തടവുന്നത് പുണ്യമല്ല.
7. ത്വവാഫ് ആരംഭിക്കുമ്പോഴോ ത്വവാഫിനിടയിലോ പ്രത്യേകം ദിക്‌റുകളോ പ്രാര്‍ഥനകളോ ഇല്ല. ത്വവാഫിനിടയില്‍ ദിക്‌റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കണം. (ആവശ്യമുണ്ടെങ്കില്‍ സംസാരിക്കാം).
8. ഓരോ ചുറ്റലിലും റുക്‌നുല്‍ യമാനിയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഇടയില്‍ വെച്ച്
റബ്ബനാ ആതിനാ ഫിദ്ദുന്‍യാ... എന്ന പ്രാര്‍ഥന ചൊല്ലല്‍ സുന്നത്താകുന്നു.
9. ഓരോ ചുറ്റലിലും ഹജറുല്‍ അസ്‌വദിന്റെ നേരെ എത്തുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയണം. കൈകള്‍ ഉയര്‍ത്തേണ്ടതില്ല.
10. ആദ്യത്തെ മൂന്ന് ചുറ്റലിലും അല്‍പം വേഗത്തില്‍ നടക്കണം. ഇത് സ്ത്രീകള്‍ക്ക് ബാധകമല്ല. ത്വവാഫിനിടയ്ക്ക് നമസ്‌കാര സമയമായാല്‍ ത്വവാഫ് നിര്‍ത്തി നമസ്‌കാരത്തിന് ശേഷം ബാക്കി പൂര്‍ത്തിയാക്കണം.
12. ത്വാവാഫിനിടയ്ക്ക് വുദു നഷ്ടപ്പെട്ടാല്‍ വുദു എടുത്ത ശേഷം ബാക്കി പൂര്‍ത്തിയാക്കണം. ചുറ്റലുകളുടെ എണ്ണത്തെ പ്പറ്റി സംശയമുണ്ടായാല്‍ ഉറപ്പുള്ള എണ്ണം സ്വീകരിക്കണം.
13. ഇബ്‌റാഹീം മഖാമിന്റെ പിറകില്‍ നിന്ന് നമസ്‌കരിക്കാന്‍ സൗകര്യപ്പെട്ടില്ലെങ്കില്‍ മറ്റെവിടെ നിന്നും നമസ്‌കരിക്കാവുന്നതാണ്. ആദ്യത്തെ റക്അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറുനും രണ്ടാമത്തെ റക്അത്തില്‍ ഖുല്‍ഹുവ ല്ലാഹു അഹദും ഓതണം.
14. സ്ത്രീപുരുഷന്‍മാര്‍ ഇടകലരുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
15. ത്വവാഫിനും നമസ്‌കാരത്തിനും ശേഷം സംസം കുടിക്കുക. പ്രത്യേക രൂപമോ പ്രാര്‍ഥന
കളോ ഇല്ല.
(ത്വവാഫിനുദ്ദേശിക്കുന്നുവെങ്കില്‍ മസ്ജിദുല്‍ ഹറമില്‍ തഹിയ്യത്ത് നമസ്‌കാരമില്ല)

സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടല്‍ (സഅ്‌യ്) 
1. സ്വഫായില്‍ നിന്ന് തുടങ്ങുക.
2. പച്ച ലൈറ്റ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ക്കിടയില്‍ പുരുഷന്‍മാര്‍ വേഗത്തില്‍ നടക്കുക.
3. സ്വഫായുടെയും മര്‍വയുടെയും മുകളില്‍ വെച്ച് ഖിബ്‌ലയുടെ നേര്‍ക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കുക.
4. സ്വഫാ മുതല്‍ മര്‍വ വരെ ഒന്ന്, മര്‍വ മുതല്‍ സ്വഫാ വരെ രണ്ട് എന്ന ക്രമത്തില്‍ ആകെ ഏഴ് തവണ ഓടുക.
 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സഅ്‌യിന് വുദു  നിര്‍ബന്ധമില്ല. 
2.സ്വഫായോടടുക്കുമ്പോള്‍
إنَّ الصَّفَا والمَرْوَةَ مِنْ شَعَائِرِ الله فَمَنْ حَجَّ البَيْتَ أو اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَليم (سورة البقرة (158)
'തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പ്പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സത്കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു'. എന്ന ആയത്ത് ഓതി നിർദിഷ്ട  പ്രാർഥന ചെല്ലണം.
3. സ്വഫായിലും മര്‍വയിലും കയറുമ്പോഴും ഇറങ്ങുമ്പോഴും അവയ്ക്കില്‍ ഓടുമ്പോഴും പ്രത്യേക പ്രാര്‍ഥനകളൊന്നുമില്ല.
4. സ്വഫായുടെയും മര്‍വയുടെയും മുകളില്‍ വെച്ച് ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന് തുടങ്ങുന്ന ദിക്ര്‍ ചൊല്ലല്‍ സുന്നത്താകുന്നു. 
5. സഅ്‌യിനിടക്ക് നമസ്‌കാര സമയമായാല്‍ സഅ്‌യ് നിര്‍ത്തി നമസ്‌കാരത്തിന് ശേഷം ബാക്കി പൂര്‍ത്തിയാക്കുക.

മുടി വെട്ടല്‍
1.    പുരുഷന്‍മാര്‍ അല്പ ഭാഗം മാത്രം വെട്ടി മതിയാക്കരുത്. മുണ്ഡനം ചെയ്യുന്നതാണ് ഉത്തമം. 2. സ്ത്രീകള്‍ മുടി കൂട്ടിപ്പിടിച്ചു അറ്റത്തു നിന്ന് ഒരു ചെറുവിരലോളം നീളത്തില്‍ വെട്ടിയാല്‍ മതി
ഇതോടുകൂടി ഉംറ പൂര്‍ത്തിയായി. ഇഹ്‌റാം കൊണ്ട് പാടില്ലാത്തതെല്ലാം അനുവദനീയമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസ്ജിദുല്‍ ഹറമിലെ ജമാഅത്ത് നമസ്‌കാരങ്ങളിലും പ്രാര്‍ഥനകളിലുമായി കഴിച്ചുകൂടുക.

പ്രത്യേകം നിര്‍ദേശിക്കപ്പെട്ട ദിക്‌റുകളും പ്രാർഥനകളും

തല്‍ബിയത്ത് ആരംഭം
لَبَّيْكَ اللَّهُمَّ عُمْرَةً (اللَّهُمَّ لَبَّيْكَ عُمْرَةً لَبَّيْكَ عُمْرَةً)
തല്‍ബിയത്തിന്റെ പൂര്‍ണ്ണരൂപം
  لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ

ത്വവാഫ് തുടങ്ങുമ്പോള്‍
بِسمِ اللَّهِ  اللَّهُ اَكبَر
 ഓരോ ചുറ്റിലിലും ഹജറുല്‍ അസ്‌വദിന്റെ നേരെ എത്തുമ്പോള്‍
الله أَكْبَرُ
ത്വവാഫില്‍ റുക്‌നുല്‍ യമാനിയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഇടയില്‍
 رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وفِي الآخِرَةِ حَسَنَةً وقِنَا عَذَابَ النَّارِ
സ്വഫായുടെയും മര്‍വയുടെയും മുകളില്‍ 
لا إلهَ إلَّا اللهُ وَحْدَه لا شريكَ له، له المُلْك وله الحَمْدُ، وهو على كلِّ شيءٍ قديرٌ، لا إلهَ إلَّا اللهُ وحده، أنجَزَ وَعْدَه، ونَصَر عبْدَه، وهزَمَ الأحزابَ وَحْدَه

ഇഹ്‌റാമില്‍ വിരോധിക്കപ്പെട്ട കാര്യങ്ങള്‍
1. പുരുഷന്മാർ ശരീരാവയവങ്ങളുടെ രൂപത്തില്‍ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിക്കരുത്.
2. സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്.
3. പുരുഷന്‍മാര്‍ തല  മറയ്ക്കരുത് 
4. സ്ത്രീകള്‍ മുഖം മറയ്ക്കരുത് 
5. രോമങ്ങളും നഖങ്ങളും നീക്കം ചെയ്യരുത്.
6. ലൈംഗിക ബന്ധവും സല്ലാപവും പാടില്ല.
7. വേട്ടയാടരുത്.
8. വിവാഹം കഴിക്കരുത്.

Feedback