Skip to main content

ഉംറ

വാസയോഗ്യമായ സ്ഥലം ലക്ഷ്യംവയ്ക്കുക, സന്ദര്‍ശനം എന്നിവയാണ് ഉംറയുടെ ഭാഷാര്‍ഥം. കഅ്ബയിലും പരിസരത്തുമായി പ്രത്യേക നിയ്യത്തോടെ പുണ്യം പ്രതീക്ഷിച്ച് നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് ഇസ്ലാമികമായി ഉംറ. ഒരു സത്യവിശ്വാസിക്ക് ശേഷിയുണ്ടെങ്കില്‍ ഹജ്ജുപോലെ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായ കര്‍മമാണ് ഉംറ.(2:196). ഇബ്‌നു തൈമിയ(റ)യെപ്പോലെ ധാരാളം പണ്ഡിതന്മാര്‍ ഉംറ നിര്‍ബന്ധമല്ലെന്ന അഭിപ്രായക്കാരാണ് (മജ്മൂഉ ഫതാവാ 26/5, 26/7). അത് നിര്‍ബന്ധമാണ് എന്ന നിലപാട് തന്നെയാണ് സൂക്ഷ്മത (അദ്വ്‌വാഉല്‍ ബയാന്‍, ശന്‍ഖീത്വീ 5/657). ഇഹ്‌റാം, ത്വവാഫ്, സഅ്‌യ് എന്നീ മൂന്ന് നിര്‍ബന്ധ ഘടകങ്ങളാണ് (റുക്‌നുകള്‍) ഉംറയ്ക്കുള്ളത്. ഇവയില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ ഉംറ നഷ്ടപ്പെടും. ഇഹ്‌റാം മീഖാതില്‍ വെച്ചായിരിക്കല്‍, മുടിയെടുക്കല്‍ എന്നിവ ഇതിന്റെ മുഖ്യഭാഗങ്ങളാണ് (വാജിബുകള്‍). ഇവ നഷ്ടപ്പെട്ടാല്‍ പ്രായശ്ചിത്തമായി ബലി നല്കണം. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിയെടുക്കല്‍ എന്നിവയാണ് ഉംറയുടെ കര്‍മങ്ങള്‍. (കര്‍മരൂപങ്ങള്‍ക്ക് ഇവയുടെ ലിങ്ക് കാണുക). ഹജ്ജുപോലെത്തന്നെ ഏറെ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഉംറയും. അബൂഹുറയ്‌റ(റ) പറയുന്നു: നിശ്ചയം നബി(സ്വ)പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറ വരേയുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമേയില്ല (ബുഖാരി, മുസ്‌ലിം). 

ഉംറ ഹജ്ജിന്റെ മാസങ്ങളിലും മറ്റു മാസങ്ങളിലുമെല്ലാം നിര്‍വഹിക്കാം. റമദാന്‍ മാസത്തിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.  ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹജ്ജ് പൂര്‍ത്തിയാക്കാന്‍ ശേഷിയില്ലാത്ത സ്ത്രീയോട് റമദാനില്‍ ഉംറ ചെയ്താല്‍ ഹജ്ജിന്റെ പുണ്യമുണ്ടെന്ന് നബി(സ്വ) സമാധാനിപ്പിച്ചത് (ബുഖാരി 1782) ശ്രദ്ധേയമാണ്. എന്നാല്‍ റമദാനിലെ ഉംറ ഹജ്ജിന് പകരമാവുകയോ ഹജ്ജിന്റെ ബാധ്യത ഒഴിവാക്കുകയോ ഇല്ല. (ഫത്ഹുല്‍ബാരി 5/372). മറ്റുകാലങ്ങളിലെ ഉംറയെക്കാള്‍ മഹത്തായ പുണ്യം ലഭിക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നത്. വേറെ ഏത് ദിവസത്തിലെയും ഉംറയുടെ പ്രതിഫലം തുല്യമാണ്. ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍ബന്ധമാണ് എന്ന ധാരണ ശരിയല്ല. നബി(സ്വ) ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചുള്ളൂവെങ്കിലും നാലു ഉംറകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അതിനാല്‍ കഴിവുള്ളവര്‍ക്ക് ഉംറ കൂടുതല്‍ തവണ ചെയ്യാവുന്നതാണ്. ഇത് ലോകമാന്യത്തിനും വിനോദയാത്രയ്ക്കുമുള്ള അവസരമാക്കാതിരിക്കന്‍ ശ്രദ്ധിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതകളുണ്ടെന്നിരിക്കെ വിദൂര ദേശങ്ങളിലുള്ളവര്‍ അടിക്കടി ഉംറ നിര്‍വഹിക്കുന്നത് നല്ല കീഴ്‌വഴക്കമല്ല. 

ഒരു യാത്രയില്‍ തന്നെ പലതവണ ഉംറ നിര്‍വഹിക്കുക എന്നത് നബി(സ്വ)യുടെ മാതൃക ഇല്ലാത്തതാണ്. ഹജ്ജതുല്‍വിദാഇല്‍ പത്തൊമ്പത് ദിവസം അദ്ദേഹവും അനുയായികളും മക്കയില്‍ താമസിച്ചെങ്കിലും ഒരു ഉംറ മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. എന്നാല്‍ സാധാരണ നിലയില്‍ മക്കവിട്ട് പുറത്തുപോയി വരുന്നവര്‍ക്ക് വീണ്ടും മക്കയില്‍ പ്രവേശിക്കുമ്പോള്‍ ഉംറ നിര്‍വഹിക്കാവുന്നതാണ്. 

നബി(സ്വ)യുടെ ഹജ്ജുവേളയില്‍ ആഇശ(റ)ക്ക് ആര്‍ത്തവം കാരണം ഉംറയുടെ ത്വവാഫ് നിര്‍വഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നീട് അവരെ കൂട്ടി തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്യിക്കാന്‍ സഹോദരന്‍ അബ്ദുര്‍റഹ്മാനെ നബി(സ്വ) ചുമതലപ്പെടുത്തി. ആഇശ(റ) അങ്ങനെ ഇഹ്‌റാം ചെയ്ത് നഷ്ടപ്പെട്ട ഉംറ നിര്‍വഹിച്ചു. പക്ഷേ, കൂടെപോയ അബ്ദുര്‍റഹ്മാന്‍(റ) അങ്ങനെ ചെയ്തില്ലെന്നതില്‍ നിന്നും മനസ്സിലാകുന്നത്, ഇങ്ങനെ ഉംറ നിര്‍വഹിക്കേണ്ടത് പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നാണ്. ഹജ്ജെന്ന പോലെ ഉംറയും ബാധ്യതയുള്ള മറ്റൊരാള്‍ക്ക് പകരമായി നിര്‍വഹിക്കാവുന്നതാണ്. സ്വന്തമായ ഉംറ നിര്‍വഹിച്ച ശേഷമേ മറ്റുള്ളവര്‍ക്കുവേണ്ടി ഉംറ നിര്‍വഹിക്കാവൂ. ഇതും നേരത്തേ സൂചിപ്പിച്ച പോലെ ഒരേയാത്രയില്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടതല്ല. കൂലിക്ക് നിര്‍വഹിക്കുന്നത് ശരിയല്ല; ചെലവ് കൈപ്പറ്റാവുന്നതാണ്.

ഉംറ നിര്‍വഹിക്കാനുദ്ദേശിച്ചുകൊണ്ട് ദൂരദേശങ്ങളില്‍ നിന്ന് വരുന്നവര്‍ മീഖാതില്‍ വെച്ച് ഹജ്ജിന്റെതുപോലെ ഇഹ്‌റാം ചെയ്യുക (ഇഹ്‌റാം ലിങ്ക്കാണുക). ശേഷം അല്ലാഹുമ്മ ലബ്ബൈക ഉംറതന്‍ എന്നു നിയ്യത്ത് പറഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിക്കുക. മീഖാതിന്റെ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ താമസസ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്താല്‍ മതി. മീഖാതിലേക്ക് പോകേണ്ടതില്ല. ഇഹ്‌റാമിലും പിന്നീടങ്ങോട്ടു കര്‍മങ്ങളിലുമെല്ലാം മുഅ്തമിറിനും (ഉംറ ചെയ്യുന്നവന്‍) ഹാജിയുടെ സുന്നതുകളും വാജിബുകളും ഹറാമുകളും മര്യാദകളുമെല്ലാം ബാധകമാണ്. ഇവ നഷ്ടപ്പെടുത്തുന്നത് ഉംറ നിഷ്ഫലമാക്കുകയോ പ്രായശ്ചിത്തം നിര്‍ബന്ധമാക്കുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്യും.

ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ തല്‍ബിയതുമായി കഅ്ബയെ ലക്ഷ്യമാക്കി നീങ്ങുക. ഉംറയുടെ ത്വവാഫ് നിയ്യത്തോടെ നിര്‍വഹിക്കുക. ഇദ്ത്വിബാഅ് വസ്ത്രശൈലിയും റമല് നടത്തവും, ത്വവാഫുല്‍ ഖുദൂം പോലെ മറ്റെല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കുക. സംസം കുടിക്കാം. (ത്വവാഫ് ലിങ്ക് കാണുക) സഅ്‌യും ഹജ്ജിന്റെതുപോലെ പൂര്‍ത്തിയാക്കുക. (സഅയ് ലിങ്ക് കാണുക) ശേഷം മുടിയെടുക്കുക. ഉംറക്കു മാത്രമായി വന്ന പുരുഷന്മാര്‍ മുടി പൂര്‍ണമായും വടിക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ ഒരു വിരല്‍ നീളത്തില്‍ മുടി മുറിക്കുക.  ഇതോടെ ഉംറയുടെ ഇഹ്‌റാമില്‍ നിന്ന് വിരമിച്ചു. കര്‍മങ്ങള്‍ പൂര്‍ണമായി.


 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446