Skip to main content

അത്താഴം

നോമ്പിനുവേണ്ടി എന്ന ഉദ്ദേശ്യത്തോടുകൂടി  പാതിരാവിനു ശേഷം പ്രാഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുക എന്നതാണ് അത്താഴംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നോമ്പിന്റെ പ്രധാന സുന്നത്താണ്. 'നിങ്ങള്‍ അത്താഴം കഴിക്കുക, അതില്‍ അനുഗ്രഹമുണ്ട്' എന്ന് നബി(സ്വ) പറയുന്നു (ബുഖാരി 1923). ഒരിറക്ക് വെള്ളം കുടിച്ചെങ്കിലും ഇത് നിര്‍വഹിക്കണമെന്നും അത്താഴം കഴിക്കുന്ന വര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാര്‍ഥനയും ഉണ്ടാകുമെന്നും നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്. 

അത്താഴം കഴിക്കുക എന്നത് മറ്റു മതങ്ങളിലെ വ്രതങ്ങളില്‍നിന്ന് ഇസ്‌ലാമിക വ്രതത്തെ വ്യതിരിക്തമാക്കുന്ന കാര്യമാണ്. അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: "നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പുകള്‍ തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്" (മുസ്‌ലിം). നിര്‍ണിത സമയത്തിനപ്പുറം ഭക്ഷണം കഴിക്കാതെ നോമ്പ് തുടരുന്നത് പ്രത്യേക പുണ്യമുള്ളതല്ലെന്നും അതില്‍ അനുഗ്രഹമില്ലെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

സൂര്യാസ്തമയം മുതല്‍ പ്രഭാതോദയം വരെ ഭക്ഷണം കഴിക്കാന്‍ നോമ്പുകാരന് അനുവാദമുണ്ട്. എന്നാല്‍ ഈ ഭക്ഷണം അത്താഴത്തിന്റെ പരിധിയില്‍ വരികയില്ല. അത് പ്രത്യേക ഉദ്ദേശ്യത്തോടെ (നിയ്യത്ത്) തന്നെ നിര്‍വഹിക്കണം. എങ്കിലേ അതിന്റെ പുണ്യം ലഭിക്കൂ. അത്താഴത്തിന്റെ ഏറ്റവും പുണ്യകരമായ സമയം രാത്രിയുടെ അന്ത്യയാമമാണ്. അമ്പത് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്ന സമയമായിരുന്നു നബി(സ്വ)യുടെ അത്താഴത്തിനും സ്വുബ്ഹ് ബാങ്കിനും ഇടയിലുണ്ടാ യിരുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സ്വുബ്ഹ് ബാങ്ക് കേട്ടാലും വായിലുള്ളത് തുപ്പിക്കളയുകയോ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയോ വേണ്ട. അത് പൂര്‍ത്തിയാക്കാവുന്നതാണ് (അബൂദാവൂദ് 2350). ഉദയസമയത്തെക്കുറിച്ച് സംശയമുണ്ടായാലും ഭക്ഷണം കഴിക്കാവുന്നതാണ്. അത്താഴം കഴിച്ചശേഷമാണ് സമയം വൈകിയത് അറിഞ്ഞത് എങ്കിലും ആ നോമ്പ് നഷ്ടപ്പെടുകയില്ല; പൂര്‍ത്തിയാക്കാവുന്നതാണ്.


 

Feedback
  • Thursday May 2, 2024
  • Shawwal 23 1445