Skip to main content

ആശൂറാഅ്, അറഫ, ശവ്വാലിലെ നോമ്പുകള്‍

നബി(സ്വ)യും സ്വഹാബികളും റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പ് മുഹര്‍റം മാസത്തിലെ പത്താം നാള്‍(ആശൂറാഅ്) നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റമദാന്‍ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ഇത് ഐഛികമായി നിലനിര്‍ത്തി (ബുഖാരി 2002). നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം ഏതാണെന്നും റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യകരമായ നോമ്പ് ഏതാണെന്നും നബി(സ്വ)യോടു ചോദിച്ചു. രാത്രിയുടെ അന്ത്യയാമത്തിലെ തഹജ്ജുദ് നമസ്‌കാരവും അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പും എന്നായിരുന്നു മറുപടി (മുസ്‌ലിം 1163).

അബൂഖത്താദ(റ) പറയുന്നു: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും (മുസ്‌ലിം).

ഈ ദിവസം യഹൂദികളും ക്രിസ്ത്യാനികളും ബഹുമാനിക്കുന്ന ദിവസമാണെന്ന് നബി(സ്വ)യെ അറിയിച്ചപ്പോള്‍ എങ്കില്‍ അടുത്ത വര്‍ഷം നാം ഉണ്ടെങ്കില്‍, അല്ലാഹു ഉദ്ദേശിച്ചാല്‍, നാം ഒമ്പതും നോല്‍ക്കും എന്ന് നബി(സ്വ) പറഞ്ഞു. പക്ഷേ, അടുത്ത വര്‍ഷമാകുന്നതിനു മുമ്പായി നബി(സ്വ) മരണപ്പെട്ടു (മുസ്‌ലിം 1134). ഇതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്‍പത് (താസൂആഅ്) നോമ്പെടുക്കുന്നത് സുന്നത്താണെന്ന് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ മുഹര്‍റം പതിനൊന്നിന് നോമ്പ് നോല്‍ക്കാന്‍ ഉദ്ധരിക്കുന്ന ഹദീസുകളില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി ഈ ഹദീസ് ദുര്‍ബലമാണെന്ന് രേഖപ്പെടുത്തുന്നു.

അറഫാ നോമ്പ്

ദുല്‍ഹിജ്ജ ഒന്‍പതിന് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം ഹാജിമാരല്ലാത്തവര്‍ നോമ്പെടുക്കുന്നത് സുന്നത്താണ്. അബൂഖതാദ(റ) പറയുന്നു: അറഫാ നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും (മുസ്‌ലിം 1162).

ഈ നോമ്പിന്റെ ദിവസം തീരുമാനിക്കേണ്ടത് അതാതു നാട്ടിലെ മാസപ്പിറവി അനുസരിച്ചാണോ അതല്ല, മക്കയിലെ അറഫാദിനം പ്രകാരമാണോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നവീക്ഷണമുള്ളവരാണ്. ഇതൊരു ഗവേഷണാത്മക വിഷയമാണ്. അതാതു നാടുകളിലെ മാസപ്പിറയാണ് പരിഗണിക്കേണ്ടത് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. 

ശവ്വാലിലെ ആറുനോമ്പ്

റമദാനിനുശേഷം വരുന്ന ശവ്വാല്‍ മാസം ഒന്നാം തിയ്യതി ഈദുല്‍ഫിത്വ്‌റാണ് (ചെറിയ പെരുന്നാള്‍). അന്ന് നോമ്പെടുക്കല്‍ നിഷിദ്ധമാണ്. ശേഷമുള്ള ആറു ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് പുണ്യകരമാണ്. അബൂഅയ്യൂബ്(റ)പറയുന്നു. നബി(സ്വ)പറഞ്ഞു: "ആരെങ്കിലും റമദാനിലെ നോമ്പും തുടര്‍ന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതുപോലെയാണ്" (മുസ്‌ലിം 1164). ഈ നോമ്പ് ശവ്വാലിലെ ഏതു ദിവസങ്ങളിലും നോല്‍ക്കാമെന്നും ആറും തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ലെന്നും ഇമാം അഹ്മദും മറ്റും അഭിപ്രായപ്പെടുന്നു.
    
ഇമാം മാലികും അബൂഹനീഫയും ഇങ്ങനെ ഒരു നോമ്പ് സ്ഥിരപ്പെട്ടിട്ടില്ലെന്ന അഭിപ്രായക്കാരാണ് (ശര്‍ഹു മുസ്‌ലിം 4:313). 

Feedback
  • Monday May 6, 2024
  • Shawwal 27 1445