Skip to main content

സകാത്തിന്റെ പ്രാധാന്യം (1)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. അത് നിര്‍ബന്ധമാണെന്ന് വിശ്വസിക്കാതെയോ അത് നിര്‍വഹിക്കാതെയോ ഒരാള്‍ക്ക് യഥാര്‍ഥ വിശ്വാസിയാവാന്‍ കഴിയില്ല.

സകാത്ത് എന്ന പദം 38 സ്ഥലങ്ങളിലും അതിന്റെ ക്രിയാരൂപം 20 സ്ഥലങ്ങളിലും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.  മേല്‍ നിര്‍വചിച്ച ദാനധര്‍മ്മം എന്ന അര്‍ഥത്തിലല്ലാതെ ശുദ്ധി, നിര പരാധിത്വം, ശ്രേഷ്ഠകരം, അനുഗൃഹീതം, അനുവദനീയം, ദാനം, സന്മാര്‍ഗം എന്നീ അര്‍ഥത്തിലും സകാത്ത് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിശ്ചിത ദാനധര്‍മ്മം എന്ന അര്‍ഥത്തിലുള്ള സകാത്ത് എന്ന പദം 26 സൂക്തങ്ങളില്‍ ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരത്തോടൊപ്പമാണ് പരാമര്‍ശിച്ചിരിക്കുന്നത്. സൂറ: മുഅ്മിനില്‍ അടുത്തടുത്ത ആയത്തുകളിലായി നമസ്‌കാരവും സകാത്തും പരാമര്‍ശിക്കുമ്പോള്‍ സകാത്ത് മാത്രമായി 5 സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്.

മദീനയില്‍വെച്ചാണ് വ്യവസ്ഥാപിതവും സംഘടിതവുമായ രൂപത്തില്‍ സകാത്ത് നിലവില്‍ വരുന്നത്. എങ്കിലും മക്കയില്‍വെച്ച് പ്രബോധനത്തിന്റെ ആദ്യകാലത്തു തന്നെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കേണ്ടതിന്റെയും അവരെ സഹായിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന ധാരാളം വചനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.  

മുആദ് ബിന്‍ ജബലിനെ(റ) യമനിലേക്ക് പ്രബോധനത്തിനായി നിയോഗിച്ചുകൊണ്ട് പ്രവാചകന്‍(സ്വ) അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ പോകുന്നത് വേദക്കാരുടെ സമൂഹത്തിലേക്കാണ്. അവരോട് ആദ്യമായി അല്ലാഹുവല്ലാതെ ആരധ്യനില്ലെന്നും ഞാന്‍ (മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കാന്‍ ക്ഷണിക്കുക. അവരത് അനുസരിച്ചാല്‍   അല്ലാഹു അവരുടെമേല്‍ രാത്രിയിലും പകലിലുമായി അഞ്ചുനേരത്തെ നമസ്‌കാരം നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചാല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങി അവരിലെ ദരിദ്രര്‍ക്ക് നല്‍കേണ്ട ഒരു ദാനം  അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നും അവരെ അറിയിക്കുക.''

ഈ ഹദീസില്‍ നിന്ന് സകാത്തിന് ഇസ്ലാമില്‍ എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കാവു ന്നതാണ്. അബൂബക്ര്‍(റ) പ്രവാചകന്റെ നിര്യാണത്തിനുശേഷം സകാത്ത് നല്‍കുകയില്ല എന്ന് പറഞ്ഞവരോട്, ''അല്ലാഹുവാണെ സത്യം, നമസ്‌കാരത്തിന്റെയും സകാത്തിന്റെയും ഇടയില്‍ വിവേചനം കാണിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യുകതന്നെ ചെയ്യും. നബി(സ്വ)ക്ക് (സകാത്തിന്റെ ഒട്ടകത്തോടൊപ്പം നല്‍കാറുണ്ടായിരുന്ന) ഒരു കയര്‍ എനിക്ക് തരാതിരിക്കുകയാണെങ്കില്‍ അത് തടയുന്നതിന്റെ പേരില്‍ ഞാന്‍ അവരോട് യുദ്ധം ചെയ്യും'' എന്ന് പ്രഖ്യാപിച്ചത്  സകാത്തിന് ഇസ്ലാമിലുള്ള പ്രാധാന്യത്തെയാണ് വിളിച്ചോതുന്നത്. നമസ്‌കാരം പോലെത്തന്നെ ഇസ്ലാമും കുഫ്റും വേര്‍തിരിക്കുന്ന അടയാളമാണ് സകാത്തും. ഖുര്‍ആന്‍ പറയുന്നു: ''അവര്‍ പശ്ചാത്തപിച്ചു മടങ്ങുകയും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുകയാണെങ്കില്‍ അവരെ അവരുടെ പാട്ടിന് വിട്ടേക്കുക'' (9:5).

സകാത്ത് നിഷേധം നരകത്തിലെത്തിക്കും. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ദരിദ്രര്‍ക്ക് ഞങ്ങള്‍ ആഹാരം കൊടുത്തിരുന്നില്ല'' (74: 42-44).

സകാത്ത്, ദരിദ്രന്റെ അവകാശമാണ്. ധനികന്റെ ഔദാര്യമല്ല. ഖുര്‍ആന്‍ പറയുന്നു: ''അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും അവകാശമുണ്ട്'' (70: 24,25). 
''അടുത്ത ബന്ധുവിനും ദരിദ്രനും തെരുവിന്റെ സന്തതിക്കും അവരുടെ അവകാശം കൊടുക്കുക'' (17:26). 
''അത് വിളവ് നല്‍കിയാല്‍ നിങ്ങളതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. കൊയ്തെടുക്കുന്ന ദിവസം അതിന്റെ അവകാശം കൊടുത്തുവീട്ടുകയും ചെയ്യുക'' (6:141).
 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

References

 

Feedback