Skip to main content

സകാത്ത് നല്കാത്തവര്‍ക്കുള്ള ശിക്ഷ

പരലോകത്ത്

സകാത്ത് നല്കാതിരിക്കുന്നവര്‍ക്ക് പരലോകത്ത് അതികഠിനമായ ശിക്ഷയാണ് ലഭിക്കാനിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ''സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷവാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടുപഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചുവെച്ചതാണിത്. നിക്ഷേപം അനുഭവിച്ചുകൊള്ളുക'' (9:35).

പ്രവാചകന്‍ (സ്വ) ഒരിക്കല്‍ പറഞ്ഞു: ''ഏതൊരു മനുഷ്യനാണോ തന്റെ ധനത്തിന്റെ സകാത്ത് നല്‍ കാതിരിക്കുന്നത്, അവന്റെ കഴുത്തില്‍ അല്ലാഹു അതൊരു ഭീകരസര്‍പ്പമാക്കി അണിയിക്കുന്നതായിരിക്കും. അവന്‍ അതില്‍നിന്ന് ഓടിയകലൂംതോറും അത് അവനെ പിന്തുടരും. പിന്നീട് പ്രവാചകന്‍(സ്വ) അതിന് തെളിവായി വിശുദ്ധ ഖുര്‍ആന്‍ ആലുഇംറാന്‍ അധ്യായത്തിലെ താഴെ പറയുന്ന വചനം പാരായണം ചെയ്തു കേള്‍പ്പിച്ചു: ''അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചുപോകരുത്. അല്ല, അതവര്‍ക്ക് ദോഷകരമായിരിക്കും. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്''(3:180).

ഇഹലോകത്ത് പരീക്ഷണങ്ങള്‍


സകാത്ത് നല്‍കാതിരിക്കുന്നത്മൂലം പാരത്രിക ശിക്ഷ മാത്രമല്ല ലഭിക്കുക, മറിച്ച് ഭൂമിയില്‍ മഴ പോലും തടയപ്പെടുന്ന അവസ്ഥയുണ്ടാകും പ്രവാചകന്‍(സ്വ) പറയുന്നു. ''ഏതൊരുസമൂഹം സകാത്ത് നല്‍കാതിരിക്കുന്നുവോ അവര്‍ക്ക് ആകാശത്തുനിന്ന് മഴ തടയപ്പെടുന്നതാണ്. നല്‍കാലി കളില്ലായിരുന്നുവെങ്കില്‍ മഴ ഒട്ടും വര്‍ഷിക്കുമായിരുന്നില്ല'' (ഇബ്‌നു മാജ).

സകാത്ത് നല്‍കാതിരിക്കുന്നത്‌കൊണ്ട് വരള്‍ച്ച പോലെയുള്ള പ്രകൃതി വിപത്തുകള്‍ കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നതാണ്. ബുറൈദ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: ''ഏതൊരു ജനതയാണോ സകാത്ത് തടഞ്ഞുവെക്കുന്നത് അവരെ അല്ലാഹു വരള്‍ച്ചമൂലം പരീക്ഷിക്കുന്നതാണ്''.

അതാതുവര്‍ഷത്തെ സകാത്ത് ഒരാള്‍ക്ക് നിര്‍ബന്ധമായിക്കഴിഞ്ഞാല്‍ ശറഇയ്യായ കാരണങ്ങളാലല്ലാതെ അത് വൈകിപ്പിക്കാന്‍ പാടില്ല. അഥവാ അതിന്റെ അവകാശികളെ കണ്ടെത്താന്‍ എടുക്കുന്ന സമയം, നല്‍കാനുള്ള പണം കൈവശം ഇല്ലാതിരിക്കല്‍, ഭരണകൂടം സകാത്ത് പിരിക്കുന്ന നാടുകളില്‍ അവരില്‍നിന്നും വരുന്ന കാലതാമസം, സകാത്ത് സ്വീകര്‍ത്താവ് സ്വയം കൈപ്പറ്റുന്നത് വൈകല്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലല്ലാതെ സകാത്ത് വൈകിപ്പിക്കരുത്.

കൊടുത്ത് വീട്ടാത്ത സകാത്ത് എത്ര വര്‍ഷം പിന്നിട്ടാലും ഒരാളുടെമേല്‍ ബാധ്യതയായിത്തന്നെ നിലനില്‍ക്കും. കാരണം സകാത്ത് എന്നുള്ളത് പാവപ്പെട്ടവരുടെ അവകാശമാണ്. അതുകൊണ്ടു തന്നെ അതൊരു കടമാണ്. അതിനാലാണ് മരണപ്പെട്ട് പോയ ആള്‍ സകാത്ത് കൊടുത്ത് വീട്ടാന്‍ ഉണ്ടെങ്കില്‍ അയാളുടെ ധനത്തില്‍നിന്നും അനന്തര സ്വത്ത് വിഹിതംവെക്കുന്നതിന് മുമ്പായി വീട്ടേണ്ട കടങ്ങളില്‍ ഒന്നായി സകാത്തിനെ പരിഗണിക്കുന്നത്.

 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback