Skip to main content

സമ്പാദിക്കാനും ചെലവഴിക്കാനുമുള്ള സ്വാതന്ത്ര്യം

സ്വതന്ത്രമായി സ്വത്ത് സമ്പാദിക്കാനും വിനിയോഗിക്കാനും ആധുനിക സമൂഹങ്ങളില്‍ പോലും സ്ത്രീക്ക് ഏറെ വൈതരണികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അവള്‍ക്ക് അസ്തിത്വം പോലും നിഷേധിച്ചിരുന്ന അജ്ഞാന കാല അറബികളില്‍ നിന്ന് പിന്നെ അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് യൂറോപ്പിലെ ക്രൈസ്തവരിലും ഇന്ത്യയിലെ ഹൈന്ദവര്‍ക്കിടയിലുമെല്ലാം സ്ത്രീക്ക് സ്വത്തവകാശം നല്കപ്പെടുന്നത്. ബര്‍ണാഡ്ഷാ എഴുതി: ഇംഗ്ളീഷ് നിയമമനുസരിച്ച്, വിവാഹിതയാകുന്ന നിമിഷം സ്ത്രീയുടെ സ്വത്തെല്ലാം ഭര്‍ത്താവിന്‍റെതായിത്തീരുമായിരുന്നു. 1882 വരെ അതായിരുന്നു സ്ഥിതി. ഫ്രാന്‍സിലാവട്ടെ 1938 വരെ സ്ത്രീക്ക് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടായിരുന്നില്ല.


 
എന്നാല്‍ ഇസ്‌ലാം സ്ത്രീക്ക് സമ്പാദന വിനിമയ സ്വാതന്ത്ര്യം നല്കിയിട്ട് പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഖുര്‍ആന്‍ പറയുന്നു. "നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു"(4:32). ഇബ്നു ഹസം(റ) പറയുന്നു: വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല (മുഹല്ലാ 9/507).

വിവാഹാനന്തരം അവളുടെ സ്വത്തിന്‍റെ ഉടമസ്ഥാവകാശം ഭര്‍ത്താവിനു നീങ്ങുന്ന സാമൂഹിക ക്രമങ്ങളുണ്ട്. അത്തരം വ്യവസ്ഥകളില്‍ അവളുടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള എല്ലാ അധികാരവും പുരുഷനില്‍ നിക്ഷിപ്തമാണ്. 

സ്ത്രീക്ക് മഹ്ര്‍ എന്ന ധനം നല്കി വേണം അവളെ വിവാഹം ചെയ്യാന്‍ എന്ന് ഇസ്‌ലാം നിഷ്കര്‍ഷിച്ചു. പ്രയോജനകരമായ എന്തും മഹ്റായി നല്കാമെങ്കിലും റസൂല്‍(സ്വ)യുടെ പ്രവര്‍ത്തന മാതൃകയുള്ളത് അത് പണമായി നല്കി എന്നതാണ്. അത് എത്രയും കൊടുക്കാം. അന്നു മുതല്‍ ആ മഹ്റില്‍ അവള്‍ പൂര്‍ണ അവകാശിയാണ്. അവളുടെ താത്പര്യപ്രകാരം അതു ചെലവഴിക്കാനും ദാനം ചെയ്യാനുമെല്ലാം അതില്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവളുടെ സമ്മതമില്ലാതെ അത് ഉപയോഗിക്കാനോ ചെലവഴിക്കാനോ പുരുഷന്ന് യാതൊരു അധികാരവുമില്ലതാനും.  

ഇതിനു പുറമെ ഭര്‍ത്താവിന്‍റെ സ്വത്തിലും അവള്‍ക്ക് അവകാശമുണ്ട്. വീടും ഭക്ഷണവും പോലെ പ്രാഥമിക കാര്യങ്ങളെല്ലാം ഭര്‍ത്താവില്‍ നിന്ന് ലഭിക്കാന്‍ അവള്‍ക്ക് അര്‍ഹതയുള്ളതുകൊണ്ടു തന്നെ അതു ലഭിച്ചില്ലെങ്കില്‍ അനുവാദമില്ലാതെ തന്നെ അതെടുക്കാനും ഉപയോഗിക്കാനും അവള്‍ക്ക് ഇസ്‌ലാം അനുമതി നല്കുന്നു. പിശുക്കനായ ഭര്‍ത്താവിന്‍റെ പണം അയാളറിയാതെ എടുത്ത സ്ത്രീയെ നബി(സ്വ) തടഞ്ഞില്ലെന്നത് ഇതിനു തെളിവാണ്. അയാളുടെ മിച്ച സ്വത്തില്‍ നിന്ന് ദാനം ചെയ്യാന്‍ പോലും ഇസ്‌ലാം അവള്‍ക്ക് അനുമതി നല്കി. അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ സമ്പാദ്യത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ നിര്‍ദേശമില്ലാതെ തന്നെ ചെലവ് ചെയ്താല്‍ പ്രതിഫലത്തിന്‍റെ പകുതി അവള്‍ക്കുണ്ട് (ബുഖാരി).

Feedback