Skip to main content

ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, വഴിയാത്രക്കാര്‍


അല്ലാഹുവിന്റെ പ്രീതി ലഭിക്കാനായി വ്യക്തികള്‍ തനിച്ചോ കൂട്ടായോ നിര്‍വഹിക്കുന്ന ഏതു പ്രവര്‍ത്തനങ്ങളും ഫീ സബീലില്ലാഹ് എന്നതിന്റെ വിശാലപരിധിയില്‍ വരുന്നതാണ്.  

ഇസ്‌ലാമിന്റെ സംരക്ഷണാര്‍ഥം സായുധ സമരത്തിലേര്‍പ്പെടുന്നവര്‍, മതവിദ്യഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, പള്ളികള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍, ദൈവീകമാര്‍ഗത്തില്‍ പ്രബോധന സംബന്ധമായും മറ്റും വരുന്ന ആവശ്യങ്ങള്‍ എന്നിവക്കായി സകാത്തിന്റെ ഈ വിഹിതത്തില്‍ നിന്ന് ചെലവഴിക്കാവുന്നതാണ്. 

റോഡുകളും പാലങ്ങളും പോലെയുള്ള പൊതുആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നവയ്ക്ക് ഈ വിഹിതത്തില്‍ നിന്ന് ചെലവഴിക്കാന്‍ പാടില്ല എന്നാണു ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായം. 

ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്ന ദരിദ്രരായവര്‍ക്ക് സകാത്തിന്റെ ഈ ഇനത്തില്‍ നിന്ന് ചെല വഴിക്കാമെന്നു ചില പണ്ഡിതന്മാര്‍ അഭിപ്രായപെട്ടിട്ടുണ്ട്. എന്നാല്‍ റഷീദ് റിദായെ പോലുള്ളവരുടെ അഭിപ്രായം: ഹജ്ജും ഉംറയും അതിനുള്ള സാമ്പത്തികശേഷിയുള്ളവര്‍ക്കു മാത്രം നിര്‍ബന്ധമുള്ളതാണ്. അതിനാല്‍ സകാത്തിന്റെ ഈ വിഹിതത്തില്‍നിന്ന് ദരിദ്രരായ ഹജ്ജും ഉംറയും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പാടില്ല. മറിച്ച് ഹജ്ജ് ചെയ്യാന്‍ വേണ്ടുന്ന പൊതുസൗകര്യങ്ങള്‍ അതായത് ഹാജിമാര്‍ക്ക് ആവശ്യമായ താമസസൗകര്യങ്ങള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവക്ക്‌വേണ്ടി സകാത്തിന്റെ ഈ വിഹിതം ഉപയോഗിക്കാവുന്നതാണ്.

വഴിയാത്രക്കാര്‍

വഴിയാത്രക്കാരന്‍: 'തെരുവിന്റെ സന്തതി' എന്ന്  ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ഈ വിഭാഗം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കോ ഹജ്ജ് ഉംറ എന്നീ ആരാധന കര്‍മങ്ങള്‍ക്കു വേണ്ടിയോ അനുവദനീയമായ തന്റെ ഉപജീവനത്തിന് വേണ്ടിയോ, തന്റെയോ മറ്റുള്ളവരുടെയോ വല്ല അത്യാവശ്യകാര്യം നിര്‍വഹിക്കാനോ വേണ്ടിയുള്ള യാത്രയില്‍ കൈവശമുള്ള പണം തീര്‍ന്നുപോവുകയോ നഷ്ടപ്പെട്ടുപോവുകയോ ചെയ്തു പ്രയാസപ്പെടുന്ന വ്യക്തിയെയാണ് ഇബ്‌നു സബീല്‍ കൊണ്ട് വിവക്ഷ. ഇത്തരം വ്യക്തികള്‍ സ്വദേശത്തു സമ്പത്തുള്ളവരാണെങ്കിലും സക്കാത്തിന്റെ അവകാശികള്‍ തന്നെയാകുന്നു.

സ്വന്തം നാട്ടില്‍നിന്നു വിശ്വാസത്തിന്റെ പേരില്‍ അടിച്ചോടിക്കപ്പെടുകയോ അല്ലെങ്കില്‍ സ്വയം വീടും നാടും ഉപേക്ഷിച്ചു ഓടിപ്പോകേണ്ടിവരികയോ, കലാപങ്ങളില്‍ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കപ്പെട്ടു വഴിയാധാരമാക്കപ്പെടുകയോ ചെയ്തവരും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ഭൂമിയിലൂടെ യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇസ്ലാം ആ യാത്രയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രയാസത്തെ നേരിടാനുള്ള ഒരു സാമൂഹിക സുരക്ഷാപദ്ധതിയാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. ആധുനിക ലോകത്തു നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് പ്രീമിയം അടച്ചു അംഗമാവുന്നവര്‍ക്കു മാത്രമേ അതിന്റെ ഗുണഭോക്താവ് ആവാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇസ്‌ലാം പ്രീമിയം അടക്കാതെതന്നെ വ്യക്തികളെ ഗുണഭോഗത്താക്കളാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

എത്രയാണ് നല്‍കേണ്ടത്
സ്വദേശത്തു തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷണം വസ്ത്രം താമസം എന്നിവക്കു അത്യാവശ്യ ചിലവിന് വേണ്ടത് സകാത്തില്‍നിന്ന് നല്‌കേണ്ടതാണ്. എന്നാല്‍ യാത്രക്കാരന്റെ പക്കല്‍ കുറച്ച് പണമുണ്ടെങ്കില്‍ അത് കഴിച്ച് ബാക്കി നല്‍കിയാല്‍ മതി. സ്വദേശത്തു എത്തിയശേഷവും സകാത്തില്‍ നിന്ന് ലഭിച്ച പണം ബാക്കിയുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടതാണ് എന്നാണ് ഭൂരിപക്ഷപണ്ഡിതാഭിപ്രായം ഈ വിഭാഗം അവകാശികള്‍ ജോലിയെടുക്കാന്‍ ശേഷിയുള്ളവനാ ണെങ്കിലും ഇവര്‍ക്ക് സകാത്ത് നല്‍കാവുന്നതാണ്. 

ഈ കാലഘട്ടത്തില്‍

ബാങ്കിങ് സംവിധാനം വളരെയധികം പുരോഗതി പ്രാപിച്ച ഈ ആധുനിക കാലഘട്ടത്തില്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള പണം എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങളോ സേവനങ്ങളോ എവിടെ നിന്നും ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ ഒരു വ്യക്തി സ്വദേശത്ത് സമ്പത്തുള്ളവനാണെങ്കിലും തന്റെ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ ഈ സൗകര്യങ്ങള്‍ തന്റെ പക്കലോ അല്ലെങ്കില്‍ താന്‍ എത്തിയ നാട്ടിലോ ഇല്ലെങ്കില്‍ അത്തരം വ്യക്തികള്‍ക്ക് സകാത്തിന്റെ വിഹിതം അദ്ദേഹത്തിന് സ്വീകരിക്കാവുന്നതാണ്.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday May 17, 2024
  • Dhu al-Qada 9 1445