Skip to main content

സകാത്തിന്റെ ജോലിക്കാര്‍

സകാത്ത് സെല്‍, സകാത്ത് ഫണ്ട് പോലെയുള്ള സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്ന സമിതികളുടെയോ ഇതിനായുള്ള സര്‍ക്കാര്‍ സംവിധാനത്തിലെയോ ഉദ്യോഗസ്ഥരാണ് സകാത്തിന്റെ മൂന്നാമത്തെ അവകാശികള്‍. സകാത്ത് ശേഖരിച്ച് വിതരണംചെയ്യുന്ന പ്രക്രിയയിലെ മുഴുവന്‍ ജോലിക്കാരും ഈ ഗണത്തില്‍പെടുന്നതാണ്. ഇവര്‍ സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും ഇവര്‍ക്ക് സകാത്തില്‍നിന്ന് ഇവരുടെ ജോലിക്കുള്ള വേതനം നല്‍കാവുന്നതും അവര്‍ക്കത് സ്വീകരിക്കാവുന്നതുമാണ്. 

സകാത്തിന്റെ ഉദ്യോഗസ്ഥര്‍ മുസ്‌ലിംകളും പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവരും സകാത്തിന്റെ വിധികളെക്കുറിച്ച് ധാരണയുള്ളവരും സത്യസന്ധരുമായിരിക്കണം. അവര്‍ സകാത്ത് ദാതാക്കളില്‍ നിന്ന് യാതൊരു പാരിതോഷികങ്ങളോ സമ്മാനങ്ങളോ കൈപ്പറ്റരുത്. അവര്‍ സകാത്ത് ദാതാക്ക ള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്. ''അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്‌ക രിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍നിന്ന് നീ വാങ്ങുകയും, അവര്‍ക്കു വേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (വി.ഖു 9:103).

വ്യക്തികള്‍ തങ്ങളുടെ സകാത്ത് സ്വയം നല്കുകയല്ല, സകാത്തിനായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സമിതികളെയോ സര്‍ക്കാര്‍ സംവിധാനത്തെയോ ഏല്‍പ്പിക്കുകയാണ് വേണ്ടത് എന്ന മഹത്തായ സന്ദേശമാണ് സകാത്തിന്റെ ജോലിക്കാരെ സകാത്ത് ലഭിക്കേണ്ടവരില്‍ മൂന്നാമത്തെ വിഭാഗമാക്കുന്നതിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്നത്.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback