Skip to main content

കൂട്ടു പ്രാര്‍ഥന

പ്രാര്‍ഥന ആരാധനയാണ്. ഒരു മുസ്‌ലിം ദിനേന നിര്‍ബന്ധമായും നിരവധി തവണ അല്ലാഹുവോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാര്‍ഥനയുടെ രൂപവും രീതിയും സന്ദര്‍ഭവും ഒക്കെ എവ്വിധമായിരിക്കണമെന്ന് അല്ലാഹു കല്പിക്കുകയും റസൂല്‍(സ്വ) നമുക്ക് കാണിച്ചു തരുകയും ചെയ്തിട്ടുണ്ട്. അതേപ്രകാരം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മുഴുവന്‍ മുസ്‌ലിംകളും ബാധ്യസ്ഥരാണ്. 

ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ജനങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ബഹുവചനരൂപത്തില്‍ നബി(സ്വ) പ്രാര്‍ഥന ചൊല്ലിക്കൊടുത്ത രംഗങ്ങളില്‍ അത് കേള്‍ക്കുന്നവന്‍ ആമീന്‍ പറഞ്ഞിരുന്നു. ഇതാണ് കൂട്ടുപ്രാര്‍ഥന എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. വെള്ളിയാഴ്ച ജുമുഅ ഖുത്വുബയുടെ വേളയില്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കുകയും അത് കേട്ടിരുന്നവര്‍ ആമീന്‍ പറയുകയും ചെയ്തു. സാന്ദര്‍ഭികമായ മറ്റ് ഉപദേശങ്ങളുടെ വേളയില്‍ ഉറക്കെ പ്രാര്‍ഥിക്കുകയും കേട്ടിരുന്നവര്‍ ഉറക്കെ ആമീന്‍ പറയുകയും ചെയ്യുന്നതിന് വിരോധമില്ല. 

അനസ്(റ) നിവേദനം നബി(സ്വ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറിവന്ന് ഇപ്രകാരം പറഞ്ഞു. പ്രവാചകരേ, മൃഗങ്ങളും ഞങ്ങളുടെ കുടുംബങ്ങളും നശിച്ചു. അപ്പോള്‍ നബി(സ്വ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ഥിച്ചു. ജനങ്ങളും നബി(സ്വ)യുടെ കൂടെ അവരുടെ കൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി (സ്വഹീഹുല്‍ ബുഖാരി: 1029). മഴക്കു വേണ്ടി ഉദ്ദേശിക്കുമ്പോള്‍ മാത്രമല്ല, വെള്ളിയാഴ്ച ദിവസം സ്ഥിരമായിത്തന്നെ നബി(സ്വ) ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പ്രാര്‍ഥിക്കാറുണ്ടെന്ന് ഹദീസ് (സ്വഹീഹ് മുസ്‌ലിം: 874) വ്യക്തമാക്കുന്നു. ഇമാം ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ബഹുവചനത്തിന്റെ പദങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ മറ്റുള്ളവര്‍ ആമീന്‍ ചൊല്ലിയാല്‍ തന്നെ അവരും പ്രാര്‍ഥിച്ചതിന് സമമാകുമെന്ന് ചില ഹദീസുകളില്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

നമസ്‌കാരം പ്രാര്‍ഥനയാണല്ലോ. ഇതിലൊക്കെ ചൊല്ലേണ്ട നിര്‍ണിതമായ പദങ്ങള്‍ ഉള്‍ക്കൊണ്ട പ്രാര്‍ഥനകള്‍ റസൂല്‍(സ്വ) പഠിപ്പിച്ച് കാണിച്ചു തന്ന മാതൃക പിന്‍തുടരുക മാത്രമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. പുണ്യം പ്രതീക്ഷിച്ചും നന്മയാകുമെന്ന് തെറ്റിദ്ധരിച്ചും നബി(സ്വ)യും അനുചരനും മാതൃക കാണിച്ച് തന്നിട്ടില്ലാത്തവിധം പ്രാര്‍ഥനകള്‍ നടത്തുന്നത് ബിദ്അത്താണ്. ബിദ്അത്ത് (മതത്തിലെ പുതുനിര്‍മിതി) തള്ളപ്പെടേണ്ടതും വഴികേടുമാണ്.  

നബി(സ്വ) ഒറ്റയ്ക്ക് പ്രാര്‍ഥിച്ച് നമുക്ക് മാതൃക കാണിച്ച് തന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഒറ്റയ്ക്കും സംഘടിതമായി അവിടുന്ന് പ്രാര്‍ഥിച്ചു കാണിച്ചുതന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും സംഘടിതമായും പ്രാര്‍ഥിക്കുക എന്ന രീതിയാണ് ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. ഏതെങ്കിലും സ്ഥലത്തോ സന്ദര്‍ഭങ്ങളിലോ നബി(സ്വ)യും സ്വഹാബിമാരും പ്രാര്‍ഥിച്ചിരുന്നുവെന്നല്ലാതെ ഒറ്റക്കോ സംഘടിതമായോ എന്ന് വ്യക്തമാക്കാതിരിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുക്കുവാനും സ്വാതന്ത്ര്യമുണ്ട്.

ജമാഅത്തായി നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ കൂട്ടപ്രാര്‍ഥന ഉള്‍പ്പെടുന്നതാണ്. അത്കൂടാതെ സുന്നത്തായ കൂട്ടുപ്രാര്‍ഥന റസൂല്‍(സ്വ) നടത്തിയ സന്ദര്‍ഭങ്ങള്‍ ഇവയാണ്.  സൂര്യചന്ദ്രഗ്രഹണങ്ങളുണ്ടാകുമ്പോള്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥന, മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖബ്‌റിങ്ങല്‍ വെച്ചുള്ള പ്രാര്‍ഥന (തസ്ബീത്ത്) എന്നിവയാണവ. 

ഫര്‍ദ് നമസ്‌കാരങ്ങള്‍ സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. ഖിയാമുല്ലൈല്‍ റമദാനില്‍ സംഘമായി നമസ്‌കരിക്കാം. റവാതിബുകള്‍, തഹിയ്യത്ത് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ സംഘമായി നമസ്‌കരിക്കാന്‍ മാതൃകയില്ല. നമസ്‌കാരശേഷം പ്രാര്‍ഥിക്കേണ്ടതാണ്. അവിടെയും കൂട്ടുപ്രാര്‍ഥന നബി(സ്വ) പഠിപ്പിച്ചിട്ടില്ല. പ്രവാചക മാതൃകയില്ലാത്തത് ചെയ്യുന്നതില്‍ പുണ്യമില്ല. പുതിയ ആചാരങ്ങള്‍ നിര്‍മിക്കപ്പെട്ട ബിദ്അത്താണ്. ബിദ്അത്ത് തള്ളപ്പെടേണ്ടതാണ്.

പ്രവാചകചര്യയ്ക്ക് വിരുദ്ധമായ കൂട്ടുപ്രാര്‍ഥന രീതികള്‍ മുസ്‌ലിം സമൂഹത്തില്‍പ്പെട്ട ചിലരെങ്കിലും പുണ്യം പ്രതീക്ഷിച്ച് നിര്‍വഹിച്ചു വരാറുണ്ട്. ചില ഉദാഹരണങ്ങള്‍: മയ്യിത്ത് വീട്ടില്‍ നിന്ന് ഇറക്കുമ്പോള്‍, വിവാഹദിവസം വരന്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍, ഭക്ഷണം കഴിച്ചശേഷം, ഖബ്‌റിന്റെ അടുത്തുവെച്ച്, രോഗിയെ സന്ദര്‍ശിച്ച ശേഷം. ഇവയെല്ലാം പ്രവാചകചര്യക്ക് വിരുദ്ധമാണ്. ചാവടിയന്തിരത്തിന്റെ ഭക്ഷണം കഴിഞ്ഞശേഷം, മരണം നടന്ന വീട്ടില്‍ ആണ്ട്, നാല്പത് തുടങ്ങിയ നൂതനാചാരങ്ങളുടെ പേരില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ കഴിച്ചശേഷം, മൗലിദിന്റെ ഭക്ഷണം കഴിച്ചശേഷം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ചിലര്‍ നടത്തുന്ന കൂട്ടുപ്രാര്‍ഥനയ്ക്ക് മാത്രമല്ല ആ ആചാരങ്ങള്‍ക്കും പ്രമാണങ്ങളുടെ പിന്‍ബലമില്ല. അവയെല്ലാം പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്.  

Feedback