Skip to main content

പ്രാര്‍ഥനയുടെ ശ്രേഷ്ഠ സമയങ്ങള്‍

ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടാന്‍ ചില പ്രത്യേക സമയങ്ങളും സന്ദര്‍ഭങ്ങളും കൂടുതല്‍ ശ്രേഷ്ഠകരമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.  പ്രാര്‍ഥനയിലൂടെ അല്ലാഹുവോട് ഏറെ അടുപ്പമുണ്ടാക്കാന്‍ സാധിക്കുന്നതും മനഃസാന്നിധ്യത്തോട് കൂടി പ്രാര്‍ഥന നിര്‍വഹിക്കാന്‍ സാധിക്കുന്നതും രാത്രിയിലെ അന്ത്യയാമങ്ങളിലാണ്. അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും. അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട് തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സദ്‌വൃത്തരായിരുന്നു. രാത്രിയില്‍ നിന്ന് അല്പം ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു'' (51:15,16,17,18).

അബൂ മുസ്‌ലിമുല്‍ ജുദ്മി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ അബൂദര്‍റ്(റ)നോട് ചോദിച്ചു. ''രാത്രിയിലെ ഏത് നമസ്‌കാരമാണ് ഏറ്റവും ശ്രേഷ്ഠതയുള്ളത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ തിരുദൂതരോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. അര്‍ധരാത്രി അല്ലെങ്കില്‍ രാത്രിയുടെ അന്ത്യയാമം. അത് പ്രവര്‍ത്തിക്കുന്നവര്‍ കുറവാണ് (തുഹ്ഫത്തുല്‍ മുഹ്താജ്. ഭാഗം 1. പേജ്: 424).

അല്ലാഹുവിനെ സ്തുതിച്ച്‌കൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുന്ന വിശ്വാസി പ്രഭാതത്തിലെയും പ്രദോഷത്തിലെയും സമയം പ്രാര്‍ഥനക്ക് ഉപയോഗപ്പെടുത്തണമെന്ന് നബി(സ്വ) പഠിപ്പിച്ചു. അല്ലാഹു പറയുന്നു: തങ്ങളുടെ രക്ഷിതാവിനെ ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക (19:28). നബി പറയുന്നു: ഓരോ രാത്രിയിലും ഒന്നാം ആകാശത്തിലേക്ക് രക്ഷിതാവ് ഇറങ്ങിവരുന്നു. രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ അവന്‍ പറയുന്നു. എന്നോട് പ്രാര്‍ഥിക്കുന്നവര്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം. എന്നോട് ചോദിക്കുന്നവര്‍ക്ക് ഞാന്‍ നല്‍കാം. എന്നോട്  പാപമോചനം തേടുന്നവരുടെ പാപങ്ങള്‍ ഞാന്‍ പൊറുത്തുതരാം (സ്വഹീഹുല്‍ ബുഖാരി 58:26).

ഫര്‍ദ് നമസ്‌കാരാനന്തരം അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ കൂടുതല്‍ ശ്രേഷ്ഠത കല്പിക്കപ്പെട്ടിട്ടുള്ള ഒരു സമയമാണ്. ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞതും മാലാഖമാര്‍ ഇറങ്ങിവരുന്നതുമായ വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ നിര്‍ണയ രാത്രിയാണ് കൂടുതല്‍ സമയം പ്രാര്‍ഥനക്കു വേണ്ടി നീക്കി വെക്കേണ്ടത്. നോമ്പുകാരന്റെ പ്രാര്‍ഥനയ്ക്കും അല്ലാഹു പ്രത്യേകം പരിഗണന കല്പിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഏറ്റവും ശ്രേഷ്ഠതയുള്ള ദിനമായി റസൂല്‍(സ്വ) എണ്ണിയ അറഫാദിനം പ്രാര്‍ഥനകള്‍ വര്‍ധിപ്പിക്കല്‍ പ്രത്യേകം ശ്രേഷ്ഠകരമായി പഠിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് നരകമോചനം സാധ്യമാവുന്ന അറഫാദിനത്തില്‍ ഹാജിമാര്‍ അല്ലാത്തവര്‍ വ്രതമനുഷ്ഠിച്ചും ഹാജിമാര്‍ അറഫാ മൈതാനിയില്‍ ദീര്‍ഘനേരം നിന്നും അല്ലാഹുവോട് പ്രാര്‍ഥിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. അതുപോലെ വെള്ളിയാഴ്ചയിലെ പ്രത്യേക സമയവും ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയവും റസൂല്‍(സ്വ) പ്രാര്‍ഥനക്ക് കൂടുതല്‍ ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള ശ്രേഷ്ഠമായി പഠിപ്പിച്ചുതന്നിട്ടുണ്ട്.

Feedback