Skip to main content

ഇസ്തിഗ്ഫാറും തൗബയും

ഇസ്തഗ്ഫറ എന്ന അറബി ക്രിയാപദത്തിന്റെ ക്രിയാനാമമാണ് ഇസ്തിഗ്ഫാര്‍. പാപമോചനാര്‍ഥന എന്നതാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഗാഫിര്‍ (പൊറുക്കുന്നവന്‍), ഗഫൂര്‍ (ഏറെ പൊറുക്കുന്നവന്‍), (ഗഫ്ഫാര്‍ വളരെയേറെ പൊറുക്കുന്നവന്‍) എന്നിവയെല്ലാം അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍പെട്ടതാണ്.

തൗബ (പശ്ചാത്താപം)യും ഇസ്തിഗ്ഫാറും (പാപമോചനാര്‍ഥന) പരസ്പര പൂരകമായ കാര്യങ്ങളാണ്. സംഭവിച്ചുകഴിഞ്ഞ പാപങ്ങളുടെ ദോഷം നീക്കിത്തരണമെന്ന അര്‍ഥനയാണ് ഇസ്തിഗ്ഫാര്‍. എന്നാല്‍ ധിക്കാരത്തിന്റെയും നിഷേധത്തിന്റെയും വഴികളില്‍ അകപ്പെട്ട അടിമയുടെ അല്ലാഹുവിങ്കലേക്കുള്ള തിരിച്ചുപോക്കാണ് തൗബ. പശ്ചാത്താപത്തില്‍ പാപമോചനാര്‍ഥന അന്തര്‍ലീനമായിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ധാരാളം സൂക്തങ്ങളില്‍ അല്ലാഹു പശ്ചാത്താപത്തെയും പാപമോചനാര്‍ഥനയെയും ചേര്‍ത്തുപറഞ്ഞത്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനാര്‍ഥന നടത്തുകയും പിന്നീട് അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക (11:3).

അല്ലാഹുവിനോട് ഒരു അടിമ നിര്‍വഹിക്കേണ്ട ബാധ്യതാനിര്‍വഹണത്തില്‍ വീഴ്ചകള്‍ വന്നു പോകാന്‍ സാധ്യതയുണ്ട്. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ അശക്തനുമാണ്. അവകൂടാതെ പൈശാചിക ദുഷ്‌പ്രേരണക്ക് വശംവദനായി തിന്മ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ജ്ഞാനങ്ങള്‍ കൊണ്ടെല്ലാം പാപമോചനം വിശ്വാസിയുടെ നിര്‍ബന്ധബാധ്യതയായി മാറുന്നു. അതുകൊണ്ടു തന്നെയാണ് പാപസുരക്ഷിതനായ നബി(സ്വ) പാപമോചന പ്രാര്‍ഥന പതിവാക്കി കൊണ്ട് നമുക്ക് മാതൃക കാണിച്ച് തന്നത്.
 

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447