Skip to main content

പശ്ചാത്തപത്തിന്റെ നിര്‍ബന്ധഘടകങ്ങള്‍

പശ്ചാത്താപത്തിന്റെ സ്വീകാര്യതക്ക് അനിവാര്യമായ ഘടകങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. 

ഒന്ന്: ആത്മാര്‍ഥമായ ഖേദം. ചെയ്തുപോയ പാപത്തെക്കുറിച്ച് കഠിനമായ ഹൃദയവേദനയെത്തുടര്‍ന്ന് സംഭവിക്കുന്നതാവണം ആത്മാര്‍ഥമായ പശ്ചാത്താപം. ഉള്ളുവയ്ക്കുന്ന ഖേദത്തിന്റെ അകമ്പടിയില്ലാത്ത പശ്ചാത്താപം കേവലം ചടങ്ങായി പരിണമിക്കും. തെറ്റില്‍ ആത്മാര്‍ഥമായി ഖേദിക്കുന്ന മനസ്സില്ലാതെ പോയാല്‍ തെറ്റ് ആവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാവുന്നു. റസൂല്‍(സ്വ) പറഞ്ഞു തന്നു: ഹൃദയത്തെ പൊള്ളിക്കുന്ന ഒരു തീക്കനലായി പാപത്തെക്കുറിച്ചുള്ള ഖേദം ഉണ്ടായില്ലെങ്കില്‍ അവന് യഥാര്‍ഥത്തില്‍ പശ്ചാത്താപമില്ല. നബി(സ്വ) പറഞ്ഞു: ഖേദമാണ് പശ്ചാത്താപം. (അല്‍ ജുര്‍ഹുവആഅ്-ദില്‍ ഭാഗം 7:പേജ് 244). 

രണ്ട്: പാപങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കല്‍. പാപത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ടുള്ള പശ്ചാത്താപം നിരര്‍ഥകമാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് പാപങ്ങളില്‍ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള പുതുജീവിതത്തിന്റെ വിശുദ്ധിയോടെ ജീവിക്കാന്‍ കഴിയുമ്പോഴാണ് പശ്ചാത്താപത്തിന്റെ സദ്ഫലം വിശ്വാസിയില്‍ ഉണ്ടാവുന്നത്. കുറ്റങ്ങളില്‍ നിന്നുള്ള വിരാമത്തെ ആധാരമാക്കിയാണ് അല്ലാഹു പശ്ചാത്തപിക്കുന്നവര്‍ക്ക് പാപമോചനം നല്‍കുന്നതെന്ന് അറിയിക്കുന്നു. അവര്‍ അറിഞ്ഞുകൊണ്ട് തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നതല്ല. അവര്‍ക്കുള്ള പ്രതിഫലമാകുന്നു അവരുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനം (3:135, 136). 

മൂന്ന്: തെറ്റിലേക്ക് തിരിച്ചുപോകില്ലെന്ന ദൃഢപ്രതിജ്ഞ. കഴിഞ്ഞകാലത്ത് സംഭവിച്ചുപോയ തെറ്റിനെ ഓര്‍ത്ത് ഖേദിക്കുകയും ജീവിതം ശുദ്ധീകരിക്കുകയും ചെയ്ത് ഭാവിയില്‍ പാപത്തിലേക്ക് ഒരിക്കലും തിരിച്ചുപോകുകയില്ലെന്ന ദൃഢപ്രതിജ്ഞകൂടി ഉള്‍ക്കൊള്ളുന്നതാണ് തൗബ. ചീത്ത ചുറ്റുപാടുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരിക്കും പ്രയോഗതലത്തില്‍ പശ്ചാത്താപം സാക്ഷാത്കൃതമാക്കാന്‍ കഴിയുന്നത്.  

നാല്:നന്മകളും പുണ്യങ്ങളും വര്‍ധിപ്പിക്കുകയാണ് തൗബ സാക്ഷാത്കരിക്കാനുള്ള മറ്റൊരു മാര്‍ഗം. തിന്മകള്‍ ചെയ്തുപോയവര്‍ നന്മകളിലൂടെ അത് മായ്ച്ചു കളയാന്‍ നബി(സ്വ) ഉപദേശിക്കുന്നുണ്ട്. 'നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മകളോട് നന്മകളെ തുടര്‍ത്തുക. ആ നന്മകള്‍ തിന്മകളെ മായ്ച്ചുകളയും. ജനങ്ങളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുകയും ചെയ്യുക' (ജാമിഅസ്വഹീഹ് പേജ് 97).


 

Feedback