Skip to main content

മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍ (1-2)

ഉച്ചത്തിലുള്ള ശകാരവാക്കുകളും അടിപിടിയും ബഹളവും കേട്ടാണ് അന്ന് വില്യം ഉണര്‍ന്നത്. എഴുന്നേറ്റ് അദ്ദേഹം പുറത്തേക്ക് നോക്കി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ തന്റെ ഫ്‌ളാറ്റിനു മുന്നിലെ വീട്ടുമുറ്റത്ത് അടിപിടി നടക്കുന്നതാണ്. ഒരു വൃദ്ധന്‍ യുവാവിനെ കണക്കിന് ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നു. എന്നാല്‍ യുവാവ് തിരിച്ചൊന്നും പറയുന്നില്ല. ചെയ്യുന്നുമില്ല. വില്യം കൗതുകത്തോടെ ഏറെ നേരം നോക്കിനിന്നു. എല്ലാം കഴിഞ്ഞപ്പോള്‍ വില്യം പുറത്തിറങ്ങി ആ യുവാവിനെ അടുത്തുവിളിച്ചു കാര്യമാരാഞ്ഞു.

വിമ്മിട്ടത്തോടെയും വിഷമത്തോടെയും യുവാവ് പറഞ്ഞു: ''ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരു തുക കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്കു തുക മടക്കി നല്‍കാന്‍ എനിക്കായില്ല. അതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്.''

''നീ യുവാവല്ലേ? നിനക്കെന്താ തിരിച്ചും ശകാരിക്കുകയും അടിക്കുകയും ചെയ്തുകൂടേ?''-വില്യം ചോദിച്ചു.

യുവാവിന്റെ മറുപടി വില്യമിനെ ശരിക്കും സ്തബ്ധനാക്കിക്കളഞ്ഞു. ''കടം ഒരു കരാറാണ്. അത് നിശ്ചിത അവധിക്ക് തിരിച്ചു നല്‍കിയിരിക്കണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ കരാര്‍ ഞാന്‍ തെറ്റിച്ചു. അതൊരു വീഴ്ചയാണ്. അദ്ദേഹം എന്നെക്കാള്‍ പ്രായമുള്ളവനാണ്. വലിയവരെ ആദരിക്കണമെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. വൃദ്ധനെ തിരിച്ചടിച്ച് ഞാനെന്തിന് രണ്ടാമതൊരു തെറ്റു കൂടി ചെയ്യണം.''

തനി സാധുവും സാധാരണക്കാരനുമായ ഒരു യുവാവിനെ ഇത്രമേല്‍ സ്വാധീനിച്ച ഖുര്‍ആനും മുഹമ്മദ് നബിയും അന്ന് വില്യമിന്റെ ചിന്തയില്‍ ഓളങ്ങളുണ്ടാക്കി. മധ്യപൂര്‍വദേശത്ത് നിരന്തരം യാത്രചെയ്തിരുന്ന നയതന്ത്രജ്ഞനും കഥാകൃത്തുമായിരുന്ന വില്യം പിന്നീട് അറബി ഭാഷ പഠിച്ചു. ഖുര്‍ആന്‍ വായിച്ചു. മുഹമ്മദ് നബിയെ അടുത്തറിഞ്ഞു. അറബ് നാടുകള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംകളുമായി അടുത്തിടപഴകി.

1917 നവംബര്‍ 29ന് ലണ്ടനില്‍വെച്ച് വില്യം മര്‍മഡ്യൂക്ക് തന്റെ പേരിന്റെ ആദ്യത്തിൽ അറബിനാമം കൂടി കൂട്ടിച്ചേര്‍ത്തു, മുഹമ്മദ്. അതേ, വര്‍ഷങ്ങള്‍ക്കുമ്പ് തന്റെ ചിന്തയെ തിരിച്ചുവിട്ട ആ യുവാവിനെ സ്വാധീനിച്ച പ്രവാചകന്‍ മുഹമ്മദിന്റെ പേരുതന്നെ. അങ്ങനെയാണ്, 20-ാം ശതകത്തില്‍ യൂറോപ്പ് ഇസ്‌ലാമിനായി കാത്തുവെച്ച വിലപ്പെട്ട സംഭാവനയായ മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താള്‍ 'പിറന്ന'ത;് 'ദ മീനിങ് ഓഫ് ദ ഗ്ലോറിയസ് ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷ ലോകത്തിന് ലഭിക്കാന്‍ ഇടയായതും.

Feedback