Skip to main content

അന്തിമ വേദഗ്രന്ഥം

 

മനുഷ്യര്‍ക്കു നല്‍കാനുള്ള സന്ദേശങ്ങള്‍ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന ദൂതന്മാരിലൂടെ മാത്രമേ നല്‍കാറുള്ളൂ.  ആദം നബി(അ) മുതലുള്ള പ്രവാചക ശൃംഖല മുഹമ്മദ് നബിയോടുകൂടി അവസാനിച്ചതായി അല്ലാഹു അറിയിക്കുന്നു.അതോടൊപ്പം ദിവ്യ സന്ദേശങ്ങളുടെ അവതരണവും നിലച്ചുകഴിഞ്ഞു.  ഇനി അന്ത്യനാള്‍ വരെയുള്ള ആളുകള്‍ക്ക് അന്തിമവേദഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമേ അവലംബമായുള്ളൂ.

ഖുര്‍ആന്‍ അന്തിമ വേദ ഗ്രന്ഥമാണ്.  ഖുര്‍ആനിന്റെ നിലനില്‍പ്പുതന്നെ അതിനുള്ള തെളിവാകുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖുര്‍ആനിന്റെ സ്വീകര്‍ത്താവായ മുഹമ്മദ് നബി(സ്വ) ഉപയോഗിച്ച അതേ ഖുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നുവെന്നത്, ഇനി പുതിയ ഒരു വേദഗ്രന്ഥത്തിന് ഇവിടെ ഇടമില്ലന്ന് വ്യക്തമാക്കുന്നുണ്ട്. മുന്‍വേദ ഗ്രന്ഥങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഗവേഷകര്‍ക്ക് ബോധ്യമാവുന്ന ഒരു കാര്യമുണ്ട്.  ഒരു പ്രവാചകനുശേഷം അടുത്ത പ്രവാചകന്‍ നിയുക്തനാവുന്നതിനു മുമ്പ് ആദ്യത്തെ പ്രവാചകന്റെ വേദ ഗ്രന്ഥങ്ങള്‍ കാലഹരണപ്പെടുകയോ മനുഷ്യരുടെ കൈയേറ്റങ്ങള്‍ക്കു വിധേയമാവുകയോ ചെയ്തിട്ടുണ്ടാവും.  ഉദാഹരണമായി മൂസാനബിയുടെ തൗറാത്ത് കയ്യേറ്റങ്ങള്‍ക്ക് വിധേയമായപ്പോഴാണ് ഈസാനബിയെ ഇഞ്ചീലുമായി അല്ലാഹു നിയോഗിച്ചത്.  ഇഞ്ചീല്‍ കാലഹരണപ്പെട്ടപ്പോഴാണ് ഖുര്‍ആനുമായി മുഹമ്മദ് നബി നിയുക്തനായത്.

എന്നാല്‍ മുഹമ്മദ് നബി(സ്വ) വിടപറഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഖുര്‍ആനില്‍ തിരുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.  കാരണം എക്കാലവും ഖുര്‍ആനിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗം നില നിന്നിരുന്നു. ഇന്നും ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരുണ്ട്.  മറ്റൊരു ഗ്രന്ഥത്തിനും ഈ സൂക്ഷിപ്പ് അറകള്‍ ഉണ്ടായിരുന്നില്ല. മനുഷ്യര്‍ക്ക് നല്‍കാനുള്ള ദൈവീക സന്ദേശം ജീവനോടെ നിലനില്‍ക്കുണ്ടെന്നിരിക്കെ പുതിയൊരു വേദഗ്രന്ഥത്തിന്റെ ആവശ്യകതയില്ലല്ലോ.  അതുകൊണ്ടു തന്നെ ഖുര്‍ആന്‍ വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായി തുടരുകയും ചെയ്യുന്നു.

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445