Skip to main content

ഹിന്ദു മതം (1-2)

ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. ഹിന്ദു എന്നതിനെക്കാള്‍ 'വൈദിക ധര്‍മം', സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധനം ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. 'ഏകം സത്ത്' എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്‌ഘോഷിക്കുന്നത്. ഇതിഹാസ കാലഘട്ടത്തില്‍ ത്രിമൂര്‍ത്തി സങ്കല്പം പ്രത്യക്ഷപ്പെടുകയും പുരാതന കാലഘട്ടത്തില്‍ അത് ശക്തി പ്രാപിക്കുകയും ചെയ്തു. പിന്നീടാണ് ഹിന്ദു മതത്തില്‍ ബിംബാരാധന നടപ്പിലാവുകയും പ്രചാരം സിദ്ധിക്കുകയും ചെയ്തത്. സത്തയെ പ്രകാശിപ്പിക്കുന്നതില്‍ പ്രതീകങ്ങള്‍ എത്രത്തന്നെ അപര്യാപ്തമാണെങ്കിലും ദൈവിക സാമീപ്യം സാക്ഷാല്‍കരിക്കാന്‍ സഹായിക്കുമെന്നുള്ളത് കൊണ്ട് അവയെ അനുവദിക്കാമെന്ന് ഡോ.രാധാകൃഷണന്‍ അഭിപ്രായപ്പെടുന്നുണ്ട്.

ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളില്‍ 98 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രധാനമായും ഇന്ത്യയില്‍ വസിക്കുന്നു. ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.

ഹിന്ദുമതത്തിലെ ദൈവസങ്കല്‍പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാന്‍, ഭഗവതി അഥവാ പരബ്രഹ്മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കല്‍പ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് 'ഓം' എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.

ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂര്‍ത്തികള്‍ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവില്‍ കുടികൊള്ളുന്നു എന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു.

ഹിന്ദു മതത്തിന്റെ സവിശേഷ ഘടകമായ 'ധര്‍മം'  ജനങ്ങളുടെ ആത്മീയ ബോധവും സ്വഭാവവും രൂപപ്പെടുത്തുന്നു. ധര്‍മാനുഷ്ഠാനങ്ങളാണ് ഒരാളെ ഹിന്ദുവാക്കുന്നത്. ജൈവാസ്തിത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലമാണ് ധര്‍മം.ഇത്തരം പ്രവൃത്തികള്‍ ധാര്‍മികതയില്‍ അധിഷ്ടിതമാവണം. മതത്തിന്റെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ ധാര്‍മികതക്കേ നിലനില്‍പ്പുള്ളൂ.

കര്‍മസിദ്ധാന്തം ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പ്രവൃത്തി എന്നാണീ വാക്കിനര്‍ഥം. ഇഛാജാതം, ക്രിയ എന്നിവയാണ് മനുഷ്യന്റെ കര്‍മത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. അവന്റെ ആഗ്രഹവും ചീത്ത പ്രവൃത്തിയും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആഗ്രഹങ്ങള്‍ മനുഷ്യനെ അതിന്റെ സാക്ഷാത്കാരത്തിന് പ്രേരിപ്പിക്കുന്നു. മനസ്സ് വത്സനെ അതിനു വേണ്ടി പാകപ്പെടുത്തുന്നു. പ്രവൃത്തികള്‍ അവന്റെ ഭാഗധേയം നിര്‍ണയിക്കുന്നു.

ഹിന്ദു മതം പഠിപ്പിക്കുന്ന മറ്റൊരു വിഷയം മോക്ഷമാണ്. ഈശ്വര സാമീപ്യം ലഭിക്കുന്നതോടുകൂടിയാണ് മനുഷ്യന് മോക്ഷം സിദ്ധിക്കുന്നത്. പരിപൂര്‍ണനായ ഈശ്വരന്‍-പരമാത്മാവ്- പൂര്‍ണ സുഖസ്വരൂപനാണ്. പഞ്ചേന്ത്രിയങ്ങള്‍ക്കപ്പുറമുള്ള അനന്ത സുഖമാണ് മോക്ഷം. 
ഹിന്ദുമതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ധര്‍മം (സ്വപ്രവൃത്തി), അര്‍ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങള്‍), മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി) ഇവയൊക്കെയാണ്.

മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ ഉന്നതിക്കുവേണ്ടി അവന്റെ ജീവിതത്തെ 4 ഘട്ടങ്ങള്‍(ആശയ)ങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, എന്നിവയാണവ. ജീവിതിയാത്ര സുഗമവും സുന്ദരവുമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്. തന്റെ കഴിവും പരിസ്ഥിതികളും ആവതും ഉപയോഗപ്പെടുത്തി ലക്ഷ്യം തേടാനുള്ള വഴികളാണ് ചതുരാശ്രമങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആയുഷ്‌കാലത്തിന്റെ ആദ്യ ഘട്ടമാണ് ബ്രഹ്മചര്യം. പഠിപ്പ്, പരിശീലനം, സ്വഭാവ സംസ്‌കരണം എന്നിവയാണ് യൗവനം വരെ നീണ്ടു നില്‍ക്കുന്ന ഈഘട്ടത്തില്‍ നടക്കേണ്ടത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആള്‍ ഗൃഹാസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നു. ആര്യ ജീവിത ക്രമത്തിലെ ഹൃദയമാണ് ഗൃഹസ്ഥാശ്രമം. ജീവിതത്തില്‍ അര്‍ധ ഭാഗം കഴിഞ്ഞാല്‍ ഗൃഹസ്ഥന്‍ മൂന്നാമത്തെ ആശ്രമമായ വാനപ്രസ്ഥത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് എല്ലാ ലൗകിക ബന്ധങ്ങളും കര്‍മങ്ങളും ത്യജിച്ച് സന്ന്യാശ്രമം സ്വീകരിക്കുന്നു.

 

Feedback