Skip to main content

വിഗ്രഹാരാധന

ലോകത്ത് കഴിഞ്ഞു പോയ സമൂഹങ്ങളില്‍ ബഹു ഭൂരിപക്ഷവും മത വിശ്വാസികളാണ് അവര്‍ ദൈവ വിശ്വാസികളുമായിരുന്നു. എന്നാല്‍ അവരില്‍ അധിക പേരും ബഹു ദൈവാരാധകരായിരുന്നു. വികലമായ ദൈവ സങ്കല്‍പ്പം അവരെ വിഗ്രഹാരാധനയില്‍ എത്തിച്ചു. മാനവ ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗംതന്നെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയ നാഗരിതകളുടെ ശേഷിപ്പുകളായി ലഭിച്ച പുരാവസ്തുക്കളില്‍ അനേകം വിഗ്രഹങ്ങളും പ്രതിമകളും ഉണ്ടായിരുന്നു. അരൂപിയായ ദൈവത്തിന്റെ പേരില്‍ മൂര്‍ത്തമായ ബിംബങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. ഇങ്ങനെ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹങ്ങള്‍ പലപ്പോഴും മണ്‍മറഞ്ഞ മഹാന്മാരുടെ പ്രതിരൂപങ്ങളായിരുന്നു.

വിഗ്രഹാരാധന കൊടികുത്തിവാണിരുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. സാക്ഷാല്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിന്റെ ആദര്‍ശത്തിലേക്ക് അവര്‍ ജനങ്ങളെ ക്ഷണിച്ചു. വിഗ്രഹമോ ശവകുടീരമോ രൂപമോ ഒന്നും കൂടാതെ നേര്‍ക്കു നേരെ ദൈവത്തെ മാത്രം ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അനേകം സമൂഹങ്ങളും കഴിഞ്ഞു പോയിട്ടുണ്ട്. മനുഷ്യകരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഈ വിഗ്രഹങ്ങള്‍ യഥാര്‍ത്ഥത്തില്‍ പണ്ട് മരിച്ച് പോയ സച്ചരിതരെന്ന്‌വിശ്വസിക്കപ്പെടുന്ന ആളുകളുടെ പ്രതീകങ്ങളാണ്. 

നൂഹ് നബി(അ)യുടെ കാലത്ത് ജനങ്ങള്‍ ആരാധിച്ചിരുന്ന വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌റ്തുടങ്ങിയ പ്രധാന വിഗ്രഹങ്ങള്‍ അവര്‍ക്ക് മുമ്പ് മരിച്ചു പോയ സജ്ജനങ്ങളുടെ പേരുകളിലും രൂപങ്ങളിലും കൊത്തിയുണ്ടാക്കപ്പെട്ടവയായിരുന്നു. അവര്‍ മരിച്ചപ്പോള്‍ അവരുടെസ്മരണാര്‍ഥം അവരുടെ രൂപങ്ങള്‍ കൊത്തിയുണ്ടാക്കി. അവ ആരാധിക്കപ്പെട്ടിരുന്നില്ല. അടുത്ത തലമുറയാണ്  ആ രൂപങ്ങളെ പൂജാ ബിംബങ്ങളാക്കിയത് (ബൂഖാരി).

ഇബ്രാഹിം നബി(സ)യുടെ പിതാവ് വിഗ്രഹാരാധകനും ബിംബനിര്‍മാതാവുമായിരുന്നു. ഇബ്രാഹിം (അ) വിഗ്രഹാരാധനയെ ശക്തമായി എതിര്‍ത്തു. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം പിന്‍തലമുറ അദ്ദേഹത്തിന്റേയും മകന്‍ ഇസ്മാഇലി(അ)ന്റെയും പ്രതിമകള്‍ നിര്‍മിച്ചു. ആ പ്രവാചകന്‍ ഏകദൈവത്തെ ആരാധിക്കാനായി ഉണ്ടാക്കിയ കഅ്ബയില്‍ അവ പ്രതിഷ്ഠിക്കുകയും ചെയ്തു. മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ട പ്രദേശത്ത് വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നത് ലാത്ത, ഉസ്സ, മനാത്ത, ഹുബ്ല്‍തുടങ്ങിയ വിഗ്രഹങ്ങളായിരുന്നു. കഅ്ബയിലേക്ക് ഹജ്ജിന് വരുന്ന ആളുകള്‍ക്ക് പാനജലം പകര്‍ന്നുകൊടുത്തിരുന്ന സ്വാതികനായിരുന്നു  ലാത്തയെന്നും അദ്ദേഹം മരിച്ചപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങിയെന്നും ഹാഫീദ് ബ്‌നു പജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ വിശദീകരിക്കുന്നുണ്ട്. 

വിഗ്രഹാരാധകന്മാര്‍ എല്ലാകാലഘട്ടത്തിലും വിശ്വസിച്ചു പോന്നിരുന്നത് അവരുടെ സ്വന്തം കരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചുണ്ടാക്കിയ വിഗ്രഹങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുമെന്നോ ഉപകാരവും ഉപദ്രവും ചെയ്യുമെന്നോ ആയിരുന്നില്ല. മറിച്ച്, ഈ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചത് നബിമാരുടെയും വലിയ്യുകളുടെയുംസദ്‌വൃത്തരുടെയും പ്രതിമകളായിട്ടാണ്. അവര്‍ക്ക്ആരാധനയും പ്രാര്‍ഥനയും നിര്‍വ്വഹിക്കുന്നത് കൊണ്ട് ആ പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്ന നബിമാരും ഔലിയാക്കളും അവര്‍ക്കു വേണ്ടി അല്ലാഹുവിന്റെയടുത്ത് ശുപാര്‍ശ ചെയ്യുമെന്നാണ് (തഫ്‌സീര്‍റാസി, വാള്യം. 20 പേജ് 179).
 

Feedback