Skip to main content

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക്

2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന 'ഇസ്‌ലാം കവാടം' ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

ആധുനികസങ്കേതങ്ങളുടെ സഹായത്താല്‍ ഇസ്‌ലാമിന്റെ തനതായ രൂപം സമഗ്രമായും ആധികാരികമായും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വതന്ത്ര സംരംഭമാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ലൈബ്രറി.

ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലക്ഷ്യ പൂര്‍ത്തീകരണത്തിലേക്ക് ഒരുപാട് ചുവടുകള്‍ മുന്നോട്ട് സഞ്ചരിക്കാന്‍ ഇസ്‌ലാം കവാടത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായി സകാത്ത് കാല്ക്കുലേറ്റിംഗ് സോഫ്റ്റ്‌വെയര്‍ കഴിഞ്ഞ റമദാനില്‍ ആരംഭിച്ചു എന്നത് അതില്‍ എടുത്തു പറയേണ്ടതാണ്.

സമകാലിക വിഷയങ്ങളില്‍ സമയാസാമയം നിലപാട് അവതരിപ്പിച്ചും വിവിധ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി മാറിയും കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ബൗദ്ധിക നേതൃത്വം നല്കാന്‍ ഇസ്‌ലാം കവാടത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ മൂന്നു ലക്ഷം വായനക്കാരെ ലഭിച്ചു എന്നുള്ളത് ജനങ്ങള്‍ ഇസ്‌ലാം കവാടത്തെ നെഞ്ചേറ്റി എന്നതിന്റെ തെളിവാണ്.

മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിവേചനമില്ലാതെ അഭിപ്രായ അനുഷ്ഠാന സ്വാതന്ത്ര്യം ഭരണഘടനാപരമായിത്തന്നെ നല്കപ്പെടുന്ന മതനിരപേക്ഷ ഇന്ത്യയില്‍ എല്ലാ മതങ്ങളെപ്പറ്റിയും അനുയായികള്‍ക്കെന്ന പോലെ ഇതര സമൂഹങ്ങള്‍ക്കും മനസ്സിലാക്കാന്‍ അവസരങ്ങളുണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്ന പ്രഥമപഠിതാവിനും ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഗവേഷക വിദ്യാര്‍ഥിക്കും ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കിയവര്‍ക്കും ഇസ്‌ലാം കവാടം വഴികാട്ടിയായായി മാറിയിട്ടുണ്ട്.

പക്ഷപാതിത്വങ്ങള്‍ക്കും സംഘടനാ താത്പര്യങ്ങള്‍ക്കും അതീതമായി ഇസ്‌ലാം വായിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാര്‍ തയ്യാറാക്കിയ രചനകളാണ് ഇസ്‌ലാം കവാടം മുന്നോട്ടു വെച്ചത്.

ഇസ്‌ലാം ഒരു സാമുദായിക മതമല്ല. മനുഷ്യസമൂഹത്തിനു വേണ്ടിയുള്ളതാണ് അത്. ഭാരതത്തിന്റെ ബഹുസ്വരതയില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല സമൂഹക്ഷേമതത്പരമായ അതിന്റെ മാനവികതലങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകസംസ്‌കാരത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനവും സര്‍വതലസ്പര്‍ശിയും സമ്പന്നവുമായ അതിന്റെ ഇന്നലെകളുടെ ബൃഹത്തായ ചരിത്രവും കവാടത്തിന്റെ പ്രധാന പ്രതിപാദ്യമാണ്. വിവരാന്വേഷണങ്ങള്‍ക്ക് ഓണ്‍ലൈന്‍ വ്യാപകമായി അവലംബിക്കപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. 

ഇസ്‌ലാം കവാടത്തിന്റെ ഉള്ളടക്കത്തിന് ഏതെങ്കിലും മദ്ഹബുകളുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോടാണ് പ്രതിബദ്ധത. സമകാലിക സംഭവങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുകയും ശ്രദ്ധയില്‍പ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്തുകയും ചെയ്യുന്നതാണ്. 

ഏറെ പുതുമകളോടെയാണ് ഇസ്‌ലാം കവാടം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ചരിത്ര പഠനത്തിനായി ഹിസ്റ്റോറിയ എന്ന പംക്തി ആരംഭിക്കുകയാണ്. അതോടൊപ്പം ആഴ്ചയില്‍ ഒന്നെന്ന നിലയില്‍ വിവിധ വിഷയങ്ങളിലെ പുതിയ പഠനങ്ങളും അറിവുകളും വായനക്കാര്‍ക്ക് ലഭ്യമാക്കാനുള്ള ലേഖനങ്ങളും തയ്യാറായിക്കഴിഞ്ഞു.

കൂടാതെ മലയാളത്തിലെ ആദ്യത്തെ അനന്തരാവകാശ കാല്‍ക്കുലേറ്റിംഗ് സോഫ്റ്റ്‌വെയര്‍, കുട്ടികള്‍ക്കായുള്ള കളിയൂഞ്ഞാല്‍ ഗെയിം, പുസ്തക പ്രസാധന രംഗത്തേക്കുള്ള ചുവടു വെപ്പായി കവാടം ബുക്‌സ്, കവാടത്തിലെ സെര്‍ച്ചിംഗും മറ്റു സംവിധാനങ്ങളും കുറച്ചു കൂടി ലളിതമാക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് തുടങ്ങി ധാരാളം പദ്ധതികള്‍ ഈ ഒരു വര്‍ഷത്തിനിടയില്‍ വായനക്കാര്‍ക്ക് നല്കാനായി കവാടം ആഗ്രഹിക്കുകയാണ്. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയോടെ. നാഥന്‍ അനുഗ്രഹിക്കട്ടെ.
 

Feedback