Skip to main content

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും സ്വര്‍ഗപ്രവശേവും ലഭ്യമാക്കത്തക്കവിധം ദൈവിക അനുഗ്രഹങ്ങളും പാപമോചനവും കൊണ്ട് ധന്യമാണ് റമദാന്‍. 

ദേഹവും ദേഹിയും ചേര്‍ന്ന സൃഷ്ടിയാണ് മനുഷ്യന്‍. ശരീരവും മനസ്സും വൈവിധ്യമാര്‍ന്ന സംവിധാനവും ദൗത്യവും നിര്‍വഹിക്കുന്നു. ഭൗതിക പ്രമത്തതയും ഉപഭോഗ തൃഷ്ണയും ശക്തമായ സമകാലത്ത് ശരീരേഛകള്‍ അനിയന്ത്രിതമായി വരുന്നു. സുഖലോലുപതക്കും ഭൗതിക ഐശ്വര്യങ്ങള്‍ക്കുമുള്ള നിരന്തരമായ സഞ്ചാരവും സാഹസവുമാണ് പൊതുവില്‍ കാണുന്നത്. അതിരും എതിരുമില്ലാത്ത ശരീരകാമനകളെ സംതൃപ്തിപ്പെടുത്താന്‍ കുതിക്കുന്ന ആധുനിക സമൂഹം. നവ ഉദാര സമീപനങ്ങളിലൂടെ പവിത്രമായ ബന്ധങ്ങളും ജൈവ പരിഗണനകളും വരെ തകര്‍ത്തെറിയുന്ന ലോകം. അപരവത്ക്കരണവും അധിനിവേശങ്ങളും വഴി അന്യനെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും അടക്കിഭരിക്കാനുമുള്ള ശ്രമങ്ങള്‍, ഭ്രാന്തമായ കിടമത്‌സരങ്ങളായി വ്യക്തി മുതല്‍ രാഷ്ട്രം വരെ പരിണമിച്ചിരിക്കുന്നു. ഇത്തരം പ്രവണതകളെ നിയന്ത്രിക്കുകയെന്ന പ്രധാന ദൗത്യമാണ് വ്രതം പകരുന്ന കരുത്ത്. 

മനുഷ്യന്‍ ആര്? അവന്റെ ദൗത്യമെന്ത്, ജീവിത വീക്ഷണമെന്ത്, തുടങ്ങിയ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അടിസ്ഥാന വിചാരങ്ങളുടെ വീണ്ടെടുപ്പാണ് റമദാന്‍. സ്രഷ്ടാവിന്റെ നിയമങ്ങളും മാര്‍ഗദര്‍ശനവും പൂര്‍ണമായി അനുധാവനം ചെയ്യുകയാണ് സൃഷ്ടിയുടെ മൗലികമായ ധര്‍മം. ആ ധര്‍മ നിര്‍വ്വഹണത്തിന്റെ ശക്തമായ മാര്‍ഗ്ഗമാണ് വ്രതം. പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു വ്യക്തി അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുന്നതിന്റെ താത്പര്യം എന്ത്, മനുഷ്യന്റെ ജൈവികമായ പ്രതികരണമാണ് ഭക്ഷണം, ലൈംഗിക വികാരങ്ങള്‍ തുടങ്ങിയവ. പക്ഷേ ഇവ നിശ്ചിത സമയത്തില്‍ മാറ്റിവെച്ച് ശരീരേഛകളെ നിയന്ത്രിക്കുന്നു. അഥവാ ദേഹത്തിന്റെ സ്വാഭാവിക ചോദനകളെ സ്രഷ്ടാവിന്റെ കല്പന വഴി മാത്രം ഉപയോഗപ്പെടുത്തുന്നു. ഇത്തരമൊരു പരിശീലനം വ്രതം വഴി ലഭ്യമാകുന്നുവെന്നിരിക്കെ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അനിവാര്യമായ വിധേയത്വമാണ് ഉണ്ടാകുന്നത്. 

ശരീരേഛകളെ നിയന്ത്രിച്ച് സദ്‌വഴികളിലും ധര്‍മപാതയിലും മാത്രം ചരിക്കുകയെന്ന സൃഷ്ടിധര്‍മമാണ് മൗലികമായി റമദാനില്‍ പരിശീലിച്ചെടുക്കുന്നത.് ഖുര്‍ആന്‍ 2:183 ല്‍ ഈ ലക്ഷ്യമാണ് നിര്‍ബ്ബന്ധ വ്രതാനുഷ്ഠാനത്തിന്റെ അടിസ്ഥാന താത്പര്യമായി പറയുന്നത്. ആധുനിക മനുഷ്യന്റെ ഭൗതികപ്രമത്തതയെ 'കടിഞ്ഞാണിടാന്‍' വ്യവസ്ഥാപിതമായ വ്രതാനുഷ്ഠാനത്തിന് സാധ്യമാണ്. 

ശരീരത്തിന്റെ കാവല്‍ഭടനാവണം ആത്മാവ്. തിന്‍മകളെ പ്രതിരോധിക്കുന്ന പരിച. ഉപഭോഗതൃഷ്ണയെ തകര്‍ക്കുന്ന ഉള്‍ക്കരുത്ത്. അതിരടയാളങ്ങളെ ആവര്‍ത്തിച്ച് ബോധനം ചെയ്യുന്ന ഗുണകാംക്ഷയുള്ള നിര്‍വ്വാഹകന്‍..

വ്രതാനുഷ്ഠാനം വഴി ശാരീരികമായ ചില ക്രമീകരണങ്ങളേക്കാള്‍ ആത്മീയ വിശുദ്ധിയാണ് പൂര്‍ത്തീകരിക്കേണ്ടത്. സദ്കര്‍മവും സത്‌വഴിയും തിരിച്ചറിയുന്ന വിശുദ്ധിയുള്ള ആത്മാവിന്റെ നിയന്ത്രണത്തില്‍ മാത്രം ശരീരേഛകളുടെ സഞ്ചാരം ക്രമീകരിക്കുക വഴി മനുഷ്യന്‍ സ്തുത്യര്‍ഹനായി മാറുന്നു. നന്‍മ വിചാരങ്ങളും ബന്ധങ്ങളിലെ പവിത്രതയും കര്‍മങ്ങളിലെ സത്യസന്ധതയും സന്‍മാര്‍ഗദര്‍ശനവും ഉള്‍കൊണ്ട് ഉത്തമസൃഷ്ടിയായി മാറുന്നു. 

അത്തരമൊരു പരിശീലനമാണ് വ്രതം. ശരീരേഛകളെ സദ്‌വഴികളിലേക്ക് തിരിച്ചൊഴുക്കാന്‍ കഠിനമായ ചെറുത്ത്‌നില്പ്പ് നിര്‍വ്വഹിക്കുന്ന മനസ്സിന്റെ വിശ്വാസ ശക്തി (ഖുവ്വതുല്‍ ഈമാന്‍) യാണ് റമദാനിന്റെ കരുതലും കാവലും.

പിടിച്ചു വെക്കുക (ഇംസാക്ക്) എന്ന ആശയമാണ് സ്വൗമ് (നോമ്പ്) എന്ന അറബി പദത്തിന്റെ താത്പര്യം-റമദാന്‍ എന്നത് കരിച്ചു കളയുന്നതും, ചൂടേറിയതുമായ മണല്‍ പരപ്പിനെ ഭാഷാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നു. തിന്‍മകളുടെ സാധ്യതകളെയും തെറ്റുകളെയും കരിച്ചുകളഞ്ഞ്  നന്‍മയുടെ വസന്തം തീര്‍ക്കലാണ് ആ അര്‍ഥത്തില്‍ റമദാന്‍.
 

Feedback