Skip to main content

ശിക്ഷയും ശിക്ഷണവും

കുട്ടികളെ ശിക്ഷാമുറകളിലൂടെയാണ് ശിക്ഷണം നല്‍കി വളര്‍ത്തേണ്ടത് എന്നു ചിന്തിക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും കാണാന്‍ സാധിക്കും. കുട്ടികള്‍ നന്നായി പഠിക്കാനും നല്ല സ്വഭാവത്തിനുടമകളായി വളരാനും അടിയും മറ്റ് ശിക്ഷാരീതികളും കൂടിയേ തീരൂ എന്ന പക്ഷക്കാരാണ് ഇങ്ങനെയുള്ളവര്‍. ഞാനവരെ അടിച്ച് പഠിപ്പിച്ചതാണ് എന്ന് പൊങ്ങച്ചം പറയാനും ഇക്കൂട്ടര്‍ക്ക് മടിയുണ്ടാവുകയില്ല. സത്യത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ശിക്ഷണ പ്രക്രിയയില്‍ മനഃശാസ്ത്ര തത്ത്വങ്ങളോട് യോജിക്കുന്ന സമീപനരീതിയാണ് അധ്യാപകരും രക്ഷിതാക്കളും സ്വീകരിക്കേണ്ടത്. കുട്ടികളെ മതനിഷ്ഠയും സ്വഭാവഗുണങ്ങളുമുള്ളവരായി വളര്‍ത്തുന്നതിന് മാതൃകാഗുരുനാഥന്റെ റോളില്‍ നബി(സ്വ) നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മതമൂല്യങ്ങളില്‍ കാണുന്നതും മനഃശാസ്ത്ര തത്ത്വങ്ങള്‍ക്ക് യോജിക്കുന്നതുമാണ്.

കുട്ടികളെ അടിക്കുന്ന വിഷത്തില്‍ വാത്സല്യനിധിയായ പ്രവാചകന്‍(സ്വ)യുടെ ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെറിയ പ്രായം മുതല്‍ തന്നെ നമസ്‌കാരം ശിലിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. പത്ത് വയസ്സായിട്ടും കുട്ടി നമസ്‌കരിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ മാത്രമാണ് അടി ശിക്ഷയായി നല്‍കാന്‍ കല്പിച്ചിട്ടുള്ളത്. ശിക്ഷണ മുറ എന്ന നിലയ്ക്കും നിര്‍ബന്ധാനുഷ്ഠാനമായ നമസ്‌കാരകാര്യത്തില്‍ നിഷ്‌കര്‍ഷയുള്ളവരായി കുട്ടികള്‍ വളരാനും വേണ്ടിയാണ് ഈ ഒരു ശിക്ഷാരീതി രക്ഷിതാക്കള്‍ സ്വീകരിക്കേണ്ടത്. ഒരിക്കലും കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷ പ്രതികാരമായോ പകപോക്കലിനുള്ള വഴിയായോ തോന്നാന്‍ പാടില്ല. ശിക്ഷിക്കപ്പെട്ടത് തന്നിലെ തെറ്റിനെ തിരുത്താനുള്ള ഗുണകാംക്ഷയുടെ നടപടിയായിട്ടാണ് അവര്‍ക്ക് തോന്നേണ്ടത്. 

അലി(റ)നോട് ഒരുകുട്ടിയുടെ  കാര്യത്തില്‍ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞു. 'അവനെ തല്ലരുത്. അവന്‍ നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്'. കുട്ടികളുടെ അപക്വമായ പെരുമാറ്റവും വിവേകപൂര്‍ണമല്ലാത്ത ഇടപെടെലുകളും മുതിര്‍ന്നവരെ പ്രകോപിപ്പിച്ചേക്കാം. അപ്പോഴൊക്കെ കര്‍ക്കശ സ്വരത്തില്‍ അവരെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രീതി ആശ്വാസ്യമല്ല. പരസ്യമായി അവരെ ശിക്ഷിക്കുന്നതും അവഹേളിക്കുന്നതും അനഭിലഷണീയമാണ്. സൗമ്യമായി അവരെ ഗുണദോഷിക്കുകയും ആവശ്യമായ ശിക്ഷാമുറകള്‍ അനിവാര്യ സാഹചര്യത്തില്‍ സ്വീകരിക്കുകയും ചെയ്ത്, തെറ്റിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന സമീപനരീതിയാണ് സ്വീകരിക്കേണ്ടത്.

തെറ്റുകാരനെ വെറുക്കുന്നതിനു പകരം തെറ്റിനെ വെറുത്ത് ശരിയായതിലേക്ക് വഴി നടത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. അതിന് അവധാനതയും സഹിഷ്ണുതയും കൂടിയേതീരൂ. നബി(സ്വ)യുടെ സേവകനായ അനസ്(റ)വിനോട് റസൂല്‍(സ്വ) അനിഷ്ടത്തിന്റെ സ്വരത്തില്‍ 'ഛെ' എന്നുപോലും പറഞ്ഞിട്ടില്ലെന്ന് അനസ്(റ) തന്നെ സാക്ഷ്യപ്പെടുത്തുന്നു. നീ എന്തിന് ഇത് ചെയ്തു, എന്തുകൊണ്ട് ചെയ്തില്ല എന്ന് വിചാരണ ചെയ്യും വിധമുള്ള ഇടപെടലുകളൊന്നും നബി(സ്വ) അദ്ദേഹത്തോട് തന്റെ പത്തുവര്‍ഷത്തിലെ സഹജീവിതത്തില്‍ നടത്തിതായി അനസ്(റ)വിന് ഓര്‍ക്കാന്‍ കഴിയുന്നില്ല. കുട്ടികളോട് രക്ഷിതാക്കള്‍ സ്വീകരിക്കേണ്ട പക്വത നിറഞ്ഞ സമീപനരീതിയാണ് ഇത് വെളിപ്പെടുത്തിത്തരുന്നത്. 

കുട്ടികളോട് കാര്‍ക്കശ്യംകാണിക്കുന്നതിന്റെ ദൂഷ്യത്തെപ്പറ്റി പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ ഇബ്‌നുഖല്‍ദൂന്‍ ഇങ്ങനെ പറയുന്നു. ''ബലപ്രയോഗവും കാഠിന്യവും പ്രയോഗിച്ചു വളര്‍ത്തിയാല്‍ ആ അടിച്ചമര്‍ത്തല്‍ അവന്റെ മാനസിക വികാസത്തെ ദോഷകരമായി ബാധിക്കും. ആലസ്യം ക്ഷണിച്ചുവരുത്തും. ഉന്മേഷം നശിക്കും. അടികിട്ടുമെന്ന ഭയം കളവ് പറയാനും വക്രത കാണിക്കാനും അവനെ പ്രേരിപ്പിക്കും. വഞ്ചനയും കുതന്ത്രവും പ്രയോഗിക്കാന്‍ അത് പഠിപ്പിക്കും. അവനിലെ മാനുഷിക മൂല്യങ്ങള്‍ നശിച്ച്, ദുഃസ്വഭാവത്തിന്നുടമയാകാനുള്ള സാധ്യത തെളിയുകയാണ് ചെയ്യുന്നത്''. 
കുട്ടികള്‍ക്ക് സന്മാര്‍ഗ ചിന്തകള്‍ ഉണര്‍ത്തുന്ന ബോധനരീതിയും പെരുമാറ്റ മനഃശാസ്ത്രവും പ്രയോഗിച്ച് ക്ലാസ് മുറികള്‍ പോലും ശിശു സൗഹൃദമാക്കാനുള്ള കര്‍മപദ്ധതികളാണ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഓരോ കാലഘട്ടത്തിലും വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ നിര്‍ദേശിക്കാറുള്ളത്. ഈ രംഗത്ത് റസൂല്‍(സ്വ) നിര്‍ദേശിച്ച തത്ത്വങ്ങളും പ്രയോഗവത്കരിച്ച പാഠങ്ങളും ആധുനികകാലഘട്ടത്തിലും പ്രസക്തമായിത്തന്നെ നിലനില്ക്കുന്നു. പ്രായത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് പുതിയ തലമുറകള്‍ക്ക് സദാചാര ചിന്തയില്‍ അധിഷ്ഠിതമായ ഒരു ജീവിതക്രമം ശീലപ്പിക്കാന്‍ അനുഗുണമായ അധ്യാപനങ്ങളാണ് റസൂല്‍(സ്വ)യില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നത്.

റാഫിഉബ്‌നു അബ്ദില്‍ഗിഫ്ഫാര്‍ എന്ന സ്വഹാബി പറയുന്നു. ഞാനും ഒരു കുട്ടിയും അന്‍സ്വാരികളുടെ ഒരു ഈത്തപ്പനയ്ക്ക് കല്ലെറിയുകയായിരുന്നു. ആ സമയത്ത് നബി(സ്വ) വന്നപ്പോള്‍ അദ്ദേഹത്തോട് അയാള്‍ പരാതിപ്പെട്ടു. എന്നെ  നബി(സ്വ)യുടെ അടുത്തേക്ക് വിളിക്കപ്പെട്ടു. നബി(സ്വ) എന്നോട് ചോദിച്ചു. കുഞ്ഞേ നീ എന്തിനാണ് ഈത്തപ്പനയ്ക്ക് കല്ലെറിയുന്നത്. ഞാന്‍ പറഞ്ഞു. തിന്നാനാണ്. നബി(സ്വ) അപ്പോള്‍ പറഞ്ഞു. ഇനി എറിയരുത് കെട്ടോ. താഴെ വീണതേ ഭക്ഷിക്കാവൂ. ഇതും പറഞ്ഞ് നബി(സ്വ) എന്റെ തല തടവി.  ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു. 'പടച്ചവനേ, ഇവന്റെ വിശപ്പ് തീര്‍ത്തുകൊടുക്കേണമേ'. കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ തെറ്റായി അവനെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും സൗമ്യമായി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്നതിന്റെ പക്വമായ ഒരു ഇടപെടല്‍ റസൂല്‍(സ്വ) നടത്തുകയും ചെയ്തു. 

കുട്ടികളുടെ നിഷ്‌ക്കളങ്കമായ മനസ്സില്‍ നിന്ന് സംഭവിച്ചേക്കാനിടയുള്ള അപാകങ്ങളെ റസൂല്‍(സ്വ) തിരുത്തുകയും ചെയ്തു. നുഅ്മാനുബ്‌നു ബശീര്‍(റ)ക്ക് നബി(സ്വ) കുറച്ചു മുന്തിരി ഹദിയ്യ നല്‍കി. അത് ഉമ്മാക്ക് കൊണ്ടുപോയി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് ചെയ്തില്ല. അന്വേഷിച്ചപ്പോള്‍ നബി(സ്വ) കാര്യം മനസ്സിലാക്കി. എന്നെ പറ്റിച്ചവന്‍ എന്ന് വിളിച്ച് നബി(സ്വ) അദ്ദേഹത്തിന്റെ ചെവിക്ക് പിടിച്ചു. ലളിതമായ ശിക്ഷയിലൂടെ തെറ്റ് ബോധ്യപ്പെടുത്തി.

Feedback