Skip to main content

ശിശു പരിപാലനം (3)

മാതാപിതാക്കള്‍ക്ക് അല്ലാഹു ഏല്പിച്ചുകൊടുത്ത ഒരു അമാനത്താണ് കുഞ്ഞുങ്ങള്‍. അല്ലാഹു നല്‍കിയ ഈ സ്‌നേഹസമ്മാനം നന്ദിപൂര്‍വം സ്വീകരിച്ച് അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ കഴിവതും മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. ശിശുക്കളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അനിവാര്യമായ ശ്രദ്ധയോടുകൂടിയ പരിചരണമാണ് ഈ പ്രായത്തില്‍ മാതാപിതാക്കള്‍ നിര്‍വഹിക്കേണ്ടത്. അതില്‍ വരുന്ന അപാകതകള്‍ അവരുടെ വ്യക്തിത്വവികാസനത്തിന് വിഘാതമുണ്ടാക്കുന്ന പ്രശ്‌നങ്ങളായി പിന്നീട് രൂപപ്പെട്ടുവരും. ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന നല്ല സന്താനങ്ങളുടെ പിറവിക്കായി പ്രാര്‍ഥിക്കുകയും പിറന്നുകഴിഞ്ഞാല്‍ അവരെ സദ്പന്ഥാവില്‍ ചരിക്കാനുള്ള ശിക്ഷണ മൂല്യങ്ങള്‍ നല്‍കുകയും ചെയ്താല്‍ രക്ഷിതാക്കള്‍ക്ക് പിന്നീട് ഖേദിക്കേണ്ടി വരില്ല.

മാതാക്കള്‍ക്ക് അവരോടള്ള പ്രഥമബാധ്യത ഇസ്ലാം നിര്‍ദേശിച്ച പ്രകാരം രണ്ടുവര്‍ഷം പൂര്‍ണമായി മുലപ്പാല്‍ നല്‍കുകയാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള മുലപ്പാല്‍ ശിശുക്കള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആഹാരമായി അല്ലാഹു സംവിധാനിച്ചതാണ്. അത് അവരുടെ തലച്ചോറിന്റെ വളര്‍ച്ചയും വികാസവും വഴി ബുദ്ധിവികാസവും ആശയഗ്രഹണ ശക്തിയും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. എന്നാല്‍ തങ്ങളുടെ സൗന്ദര്യം കുറയുമെന്ന മിഥ്യാധാരണകളാലും പരസ്യങ്ങളുടെ സ്വാധീനങ്ങളാലും ചില മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാതെ ടിന്‍ഫുഡുകളെയും മറ്റും ആശ്രയിക്കുന്നു. ഇത് മാതാക്കളില്‍ നിന്ന് കുഞ്ഞിന് ലഭിക്കേണ്ട അവകാശങ്ങളുടെ കടുത്ത ലംഘനമാണ് എന്ന് പറയാതെ വയ്യ.

കുഞ്ഞുങ്ങളില്‍ ശുചിത്വബോധം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ വൃത്തിയില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതി ശീലിക്കുന്നതായി കുഞ്ഞുങ്ങള്‍ക്ക് തോന്നണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്‌നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവുമെന്നതിനാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കുഞ്ഞ് വളരുമ്പോള്‍ ശുചിത്വശീലങ്ങള്‍ അവരെ പഠിപ്പിക്കണം. ഏഴെട്ടു മാസമാകുമ്പോള്‍ പല്ലുകള്‍ മുളച്ചു തുടങ്ങുന്ന പ്രായത്തില്‍ മുതല്‍ ഒന്നര വയസ്സാകുന്നതുവരെ അമ്മതന്നെ കുഞ്ഞിന്റെ പല്ല് വിരലുകള്‍ കൊണ്ട് വൃത്തിയാക്കിക്കൊടുക്കണം. കുട്ടികളില്‍ ശാരീരികപോഷണം ഉണ്ടാക്കുന്നതിന് അനിവാര്യമായ കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതോടൊപ്പം അവരുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് ഗുണപ്രദമായ മൂല്യബോധനം നല്‍കാന്‍ കുഞ്ഞുനാളിലെ ശ്രമിക്കേണ്ടതുണ്ട്.

ചൊട്ടയിലെ ശീലം ചുടല വരെ എന്ന തത്ത്വത്തിന്റെ പ്രയോഗവത്കരണം ഓരോ കുഞ്ഞിന്റെയും വളര്‍ച്ചയില്‍ മാതാപിതാക്കള്‍ ശ്രദ്ധ വെച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ പ്രായത്തെ പരിഗണിച്ച് ശിക്ഷണം നല്‍കാനുള്ള ആസൂത്രണ പദ്ധതികള്‍ ഉണ്ടാവും. അതുകൊണ്ടാണ് ശിശുവിന്റെ ആവശ്യങ്ങളെ പരിഹരിക്കുന്ന വിധമുള്ള വിദ്യാഭ്യാസ രീതിയാണ് പത്തുവയസ്സിനു മുമ്പെയുള്ള ഘട്ടത്തില്‍ വേണ്ടതെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ അഭിപ്രായപ്പെടുന്നത്. കാരണം, കാണുന്നതും കേള്‍ക്കുന്നതും അനുകരണത്തിലൂടെ ശീലമാക്കുന്നതും പ്രയോഗവത്കരിക്കാന്‍ ശ്രമം നടത്തുന്നതും ഈ പ്രായത്തിലാണ്. അതിനാല്‍ കുട്ടികളുടെ മുമ്പില്‍ നല്ല മാതൃകകള്‍ കാണാനുള്ള അവസരങ്ങള്‍ ഉണ്ടാകണം.

പ്രസിദ്ധ പണ്ഡിതനായ ഇമാം ഗസ്സാലി(റ) വിശുദ്ധ ഖുര്‍ആനിന്റെയും മനശ്ശാസ്ത്ര തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ ശൈശവദശയിലുള്ള പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട പല വിഷയങ്ങളെക്കുറിച്ച് സഗൗരവം അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഉണര്‍ത്തിയിട്ടുണ്ട്. 'ശിശു മനസ്സ് ഒരുചിത്രവുമില്ലാത്ത ശുദ്ധമായ അമൂല്യരത്‌നമാണ്. അതില്‍ എന്തും വരയ്ക്കാം. എങ്ങോട്ടും ആ മനസ്സിനെ തിരിച്ചുവിടാം. നല്ലത് ശീലിപ്പിച്ച് ദുനിയാവിലും പരലോകത്തും സൗഭാഗ്യവാനായ സന്താനമായി വളര്‍ത്താനുള്ള ബോധപൂര്‍മായ ശ്രമമാണ് മാതാപിതാക്കള്‍ നടത്തേണ്ടത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും നരകാഗ്നിയില്‍ നിന്നും രക്ഷപ്പെടുത്തുക'. ഒരുകുട്ടിക്ക് തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുവോ അതിനേക്കാള്‍ എത്രയോ ഇരട്ടി ശ്രദ്ധ മറ്റൊരു ജീവിതത്തില്‍ അവന്‍ അഗ്നിയാവാതിരിക്കാനുള്ള കാര്യത്തില്‍ വേണം.

കുഞ്ഞുന്നാളിലേ ലജ്ജാശീലം വളര്‍ത്തണം. അത് നന്മയുടെ കവാടങ്ങള്‍ തുറക്കുന്നു. തിന്മയുടെ വഴികളിലേക്കുള്ള ചിന്തയ്ക്ക് കൂച്ചുവിലങ്ങിടുന്നു. ശിശുവിന് ഭക്ഷണം കൊടുക്കുന്ന മതാവ് അന്നദാതാവിന്റെ അനുഗ്രഹത്തെ ഓര്‍ക്കാന്‍ ശീലിപ്പിക്കണം. അതോടൊപ്പം ഭക്ഷണ ശീലങ്ങളും മിതത്വത്തിന്റെ പാഠങ്ങളും പകര്‍ന്നുകൊടുക്കണം. ഭക്ഷണം മറ്റൊരാള്‍ക്ക് ദാനം ചെയ്യാനുള്ള താല്പര്യം കുട്ടികളില്‍ വളര്‍ത്തേണ്ടതുണ്ട്. 

ചീത്തശീലങ്ങള്‍ കൂട്ടുകാരില്‍ നിന്ന് പകാരാനുള്ള സാധ്യത കുട്ടികളില്‍ വളരെ കൂടുതലാണ്. അതുകൊണ്ട് നല്ല കൂട്ടുകെട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. സാമൂഹീകരണം കുട്ടികളുടെ മനസ്സില്‍ രൂഢമൂലമാകാന്‍ ഉപയോഗപ്രദമായ കളികളില്‍ ഏര്‍പ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടണം. എല്ലാ നന്മകളെയും സ്വാംശീകരിക്കാനും തിന്മകളെ മുളയിലേ നുള്ളിക്കളയാനും അതീവജാഗ്രതയോടു കൂടിയ ഒരു ഇടപെടല്‍ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികളുടെ ശൈശവദശ മുതല്‍ ഉണ്ടാവേണ്ടതുണ്ട്.

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445