Skip to main content

മുലയൂട്ടല്‍

ജന്തുക്കളധികവും കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന സസ്തനികളാണ്. പ്രസവം നടക്കുമ്പോഴേക്കും സ്തനം പാലുചുരത്താന്‍ പാകപ്പെടുകയും മുലപ്പാല്‍ മാത്രം കുടിക്കാന്‍ കഴിയും വിധം കുഞ്ഞിന്റെ ദഹനേന്ദ്രിയങ്ങള്‍ സജ്ജമാവുകയും ചെയ്യുന്നു. ഒരു മനുഷ്യക്കുഞ്ഞ് പിറക്കുമ്പോള്‍ അതിനു ആവശ്യമായ ഭക്ഷണം അല്ലാഹു മാതാവിന്റെ ശരീരത്തില്‍ തന്നെ തയ്യാര്‍ ചെയ്തിരിക്കുന്നു എന്നത് അത്ഭുതമാണ്. മുലപ്പാല്‍ എന്ന പ്രകൃതിജന്യമായ ഈ പാനീയം അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിന്റെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും മഹത്തായ ദൃഷ്ടാന്തമാണ്. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖാതാവായ ശൈഖ് മുഹമ്മദ് അബ്ദ രേഖപ്പെടുത്തുന്നു. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കാനുള്ള ദൈവിക കല്പന വന്നത് മനുഷ്യപ്രകൃതി അത് ആവശ്യപ്പെടുന്നതു കൊണ്ടാണ്. കുട്ടിയുടെ വളര്‍ച്ചയുടെ വവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് അവന് അനുയോജ്യമായത് മുലപ്പാലാണ്.

അല്ലാഹു കനിഞ്ഞേകിയ മഹത്തായ അനുഗ്രഹമാണ് മുലപ്പാല്‍. മതാവിനും കുഞ്ഞിനും  ഇതു നന്മയാകുന്നു. അല്ലാഹു കനിഞ്ഞേകിയ മുലപ്പാല്‍ കുഞ്ഞിന് നല്‍കുക തന്നെ വേണം. അത് പാഴാക്കിക്കളയുന്നതും നിഷേധിക്കുന്നതും അല്ലാഹുവിനോട് കാണിക്കുന്ന നിന്ദയും കുഞ്ഞിന്റെ അവകാശ നിഷേധവുമാണ്. അതുകൊണ്ടാണ് ഈ മുലപ്പാല്‍ സൃഷ്ടിച്ച അല്ലാഹു മാതാക്കളോട് രണ്ടു വര്‍ഷം അതു കുഞ്ഞിനു നല്കാന്‍ കല്പിക്കുന്നത്. 'മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു കൊല്ലം മുലയൂട്ടേണ്ടതുണ്ട്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു' (2:233).

മരണം, വിവാഹമോചനം എന്നീ കാരണങ്ങളാല്‍ കുഞ്ഞിന് മുലയൂട്ടാന്‍ അനുയോജ്യമല്ലാത്ത സാഹചര്യങ്ങളുണ്ടായാല്‍ മറ്റാരെങ്കിലും മുലപ്പാല്‍ നല്‍കി വളര്‍ത്തണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. 'ഇനി നിങ്ങള്‍ ഇരുവിഭാഗത്തിനും ഞെരുക്കമുണ്ടാവുകയാണെങ്കില്‍ അയാള്‍ക്ക് വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്ത് കൊള്ളട്ടെ' (65:6).

മാതാവ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിലൂടെ കുഞ്ഞിന്റെ വിശപ്പിന് പരിഹാരം മാത്രമല്ല കിട്ടുന്നത്. ഒപ്പം സ്നേഹവാത്സല്യങ്ങള്‍ കൂടി ചുരത്തിക്കൊടുക്കുകയും മാതാവും കുഞ്ഞും തമ്മില്‍ വൈകാരികബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യാന്‍ അത് നിമിത്തമാവുന്നു. മാതാവിന് അതിനു സാധിക്കാതെ വന്നാല്‍ മാതാവല്ലാത്തവര്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നു. അപ്പോള്‍ അവരെ സ്വന്തം മാതാവിനെപ്പോലെ പരിഗണിക്കണമെന്നാണ് ഇസ്‌ലാം കല്പിക്കുന്നത്. തന്റെ മാതാവിനെയും സഹോദരിമാരെയും വിവാഹം ചെയ്യാന്‍ പാടില്ലാത്തതുപോലെ മുലപ്പാല്‍ നല്‍കിയ പോറ്റുമ്മയെയും അവരുടെ പെണ്‍മക്കളെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. 

അല്ലാഹു പറയുന്നു: 'നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടിബന്ധം മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു' (4:23).  

മുലപ്പാലിന്റെയും മുലയൂട്ടുന്നതിന്റെയും പ്രാധാന്യവും മുലയൂട്ടല്‍ ഒരുദൈവിക ശാസനമാണെന്ന തത്ത്വവും വിസ്മരിച്ച് കുഞ്ഞുങ്ങള്‍ക്ക് കൃത്രിമപ്പാല്‍ നല്‍കുന്ന ഒരു പ്രവണത ആധുനികകാലത്ത് വര്‍ധിച്ചുവരുന്നു. 
 
പ്രസവിച്ച ഉടനെയുള്ള കുഞ്ഞിന്റെ ഭക്ഷണമാണ് മുലപ്പാല്‍. ചോരയെ പാലാക്കി മാറ്റാന്‍ കഴിവുള്ള ഗ്രന്ഥിയാണ് സ്തനം. കൗമാരത്തോടെ പെണ്‍കുട്ടിയുടെ സ്തനം വളരാന്‍ തുടങ്ങുന്നു. അണ്ഡാശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് സ്തനവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. അതില്‍ ധാരാളമായി കൊഴുപ്പ് നിക്ഷേപിക്കപ്പെടുകയും അതുമൂലം മുലക്കണ്ണുകള്‍ വികസിക്കുകയും അവയ്ക്ക് ചുറ്റുമുള്ള ഭാഗത്തിന്റെ നിറം മാറിത്തുടങ്ങുകയും ചെയ്യുന്നു. പാല്‍ ഉത്പാദിപ്പിക്കുന്ന പതിനേഴു യൂനിറ്റുകളാണ് ഒരു സ്തനത്തിലുണ്ടാവുക. ഓരോ യൂനിറ്റും ആയിരക്കണക്കിന് മുന്തിരികളുള്ള ഓരോമുന്തിരക്കുലയുടെ ആകൃതിയാണുണ്ടാവുക.

'ആല്‍വിയോളസ്സുകള്‍' എന്ന് വിളിക്കപ്പെടുന്ന ഇവയിലാണ് പാലുണ്ടാകുന്നത്. ഗര്‍ഭകാലത്ത് സ്ത്രീയുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെയും പ്രോജസ്റ്രറോണ്‍ന്റെയും സ്വാധീനത്താല്‍ ഒത്തുകുടി സ്തനങ്ങള്‍ വളരുന്നു. ഗര്‍ഭത്തിന്റെ ഇരുപത്തി ഏഴാം ആഴ്ചയോടെ പിറ്റിയൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ ആല്‍വിയോ ളസ്റ്റുകളെ ഉത്തേജിപ്പിക്കാന്‍ തുടങ്ങുന്നു. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ എല്ലാ പോഷകമൂല്യങ്ങളും കൃത്യമായി അളന്നു തൂക്കി ചേര്‍ത്തുണ്ടാക്കിയത് പോലെയാണ് മുലപ്പാലിന്റെ ഘടന. ലാക്ടാന്‍ബുമിന്‍, ലോക്ടോഗ്‌ളോബുലിന്‍ തുടങ്ങിയവയും കൊഴുപ്പ്, ജീവകങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവയും ആവശ്യാനുസൃതം മുലപ്പാലിലുണ്ട്. ഇവ വളരെ പെട്ടെന്ന് ദഹിക്കുന്നു. മാതാവിന്റെ ശരീരത്തിലെ രോഗാണുക്കളല്ലാതെ മുലപ്പാലില്‍ പുറത്തുനിന്നും രോഗാണുക്കള്‍ കടക്കാനുള്ള സാധ്യത തീരെയില്ല (ഇസ്‌ലാം വാള്യം1, പേജ് 133, 134).

കുട്ടിക്ക് രണ്ടു വര്‍ഷമാണ് മാതാവ് മുലയൂട്ടേണ്ടത്. അതിനിടയ്ക്ക് മുലകുടി നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടുമായിരിക്കണം അതു തീരുമാനിക്കേണ്ടത്. ഒരുകുഞ്ഞിന്, മുല കൊടുക്കുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകാതിരിക്കലാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും സുരക്ഷക്കും അഭികാമ്യം എന്നാണ് പണ്ഡിതമതം. മുലകുടികാലമത്രയും ഭാര്യാഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധം ഉപേക്ഷിക്കുന്നത് കൂടുതല്‍ പ്രയാസങ്ങള്‍ക്ക് ഇടവരുത്തുന്നുവെങ്കില്‍ ശാരീരികമായി ബന്ധപ്പെടുകയും ഗര്‍ഭധാരണം നടക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യാമെന്നാണ് ഡോ. യുസുഫുല്‍ഖറദാവി അല്‍ഹലാല്‍ വല്‍ഹറാമു ഫില്‍ ഇസ്‌ലാം എന്ന വിഖ്യാതഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്.

മുലകുടി നിര്‍ത്തുന്നതുപോലും കുഞ്ഞുങ്ങളെ പ്രയാസപ്പെടുത്തുന്നവിധം പൊടുന്നനെയാവരുതെന്ന് ഇബ്‌നുല്‍ ഖയ്യിം(റ) നിര്‍ദേശിക്കുന്നു. 
 

Feedback