Skip to main content

കുഞ്ഞുങ്ങളോടുള്ള സ്‌നേഹലാളനകള്‍

സന്താനങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. കുഞ്ഞുങ്ങളുടെ മുഖത്തെ മന്ദഹാസം മാതാപിതാക്കളുടെ കണ്ണിനും കരളിനും കുളിര് പകരുന്നു. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ കഴിയുന്നതാണ് വീടിന് അലങ്കാരവും മനസ്സിന് സമാധാനവും നല്‍കുന്നത്.


മക്കളോടുള്ള സ്‌നേഹവാല്‍സല്യങ്ങള്‍ കേവലം നൈസര്‍ഗിക വികാരങ്ങളുടെ ഭാവപ്രകടനം മാത്രമായിട്ടല്ല ഇസ്‌ലാം കാണുന്നത്. ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരെ ആദരിക്കാത്തവനും മതത്തിന്റെ വൃത്തത്തില്‍ നിന്ന് പുറത്താണെന്ന് പറഞ്ഞുകൊണ്ട് ഈ വിഷയത്തിന്റെ ഗൗരവമുണര്‍ത്തി.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ആഗ്രഹം മനുഷ്യന്റെ പ്രകൃതി സഹജമായ താല്പര്യമാണ്. ജീവിതത്തില്‍ ബന്ധങ്ങള്‍ക്ക് അഴകും അര്‍ഥവും പകരുന്നത് മനുഷ്യര്‍ പരസ്പരം പ്രകടിപ്പിക്കുന്ന സ്‌നേഹഭാവങ്ങളാണ്. വിശേഷിച്ചും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹവാത്സല്യങ്ങളുടെ ആദാനവും പ്രദാനവുമാണ് കടമകളും കടപ്പാടുകളും ഉണര്‍ത്തി ജീവിതത്തെ സമാധാനപൂര്‍ണവും സന്തോഷഭരിതവുമാക്കിത്തീര്‍ക്കുന്നത്. ഏതൊരു മനുഷ്യന്റെയും ശൈശവദശയില്‍ തന്നെ സ്‌നേഹം ആവോളം അനുഭവിക്കാന്‍ കഴിയണമെങ്കില്‍ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ആ സ്‌നേഹത്തിന്റെ ഭാവപ്രകടനങ്ങള്‍ പ്രതിഫലിക്കുന്ന സഹജവീതമാണ് ഉണ്ടാകേണ്ടത്. കുഞ്ഞുങ്ങളോടുള്ള നബി(സ്വ)യുടെ സ്‌നേഹപ്രകടനങ്ങള്‍ വൈകാരിക ബന്ധത്തിന് ഊഷ്മളത പകര്‍ന്നിരുന്നു. നബി(സ്വ) ഒരിക്കല്‍ തന്റെ പേരക്കുട്ടികളിലൊന്നിനെ ചുംബിച്ചു. അദ്ദേഹത്തിനരികെ അഖ്‌റഅ്ബ്‌നു ഹാബിസ് ഉണ്ടായിരുന്നു. അഖ്‌റഅ് പറഞ്ഞു. എനിക്ക് പത്തു മക്കളുണ്ട്. അവരിലൊരാളെയും ഒരിക്കലും ഞാന്‍ ചുംബിച്ചിട്ടില്ല. ഇതുകേട്ട റസൂല്‍(സ്വ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞുപറഞ്ഞു. കരുണ കാണിക്കാത്തവന് കാരുണ്യം കിട്ടുകയില്ല.(ബുഖാരി, മുസ്ലിം).

ചുംബനം എന്നത് സ്‌നേഹത്തിന്റെ പ്രകടന ഭാവമായിട്ടാണ് റസൂല്‍(സ്വ) പഠിപ്പിക്കുന്നത്. മിക്ക മാതാപിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങളോട് അധികമായ സ്‌നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന വിഷയത്തില്‍ ലുബ്ധ് കാണിക്കുന്നവരാണ്. ഈ സ്‌നേഹദാരിദ്ര്യം മാതാപിതാക്കളും മക്കളും തമ്മില്‍ മാനസികമായി അകല്‍ച്ച വരാന്‍ കാരണമാവുകയും ചെയ്യുന്നു.

കുട്ടികളോടൊത്ത് വിനോദിക്കാനും അവരിലൊരാളായി ഉല്ലസിക്കാനും സമയം കണ്ടെത്തിയിരുന്ന ശിശുസ്‌നേഹിയായിരുന്നു നബിതിരുമേനി(സ്വ). ശിശുക്കള്‍ക്ക് പ്രയാസകരമാവുന്ന യാതൊന്നും ആരാധനകളില്‍പോലും ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നമസ്‌കാരത്തില്‍ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആഗ്രഹിക്കുകയും എന്നാല്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ ഉടനെ നമസ്‌കാരം ചുരുക്കുകയും ചെയ്തിരുന്നു അദ്ദേഹം. അന്യരുടെ കുട്ടികളെ നബി(സ്വ) എടുത്ത് മടിയില്‍വെച്ച് താലോലിക്കുകയും നബിയുടെ വസ്ത്രത്തില്‍ കുട്ടി മൂത്രമൊഴിച്ചാല്‍ അതില്‍ യാതൊരു പ്രയാസവുമില്ലാതെ മൂത്രമൊഴിച്ച ഭാഗത്ത് വെള്ളം തളിക്കുകയും ചെയ്തിരുന്നു. നബി(സ്വ) വീട്ടിലെ കുഞ്ഞുങ്ങളെ ചുമലില്‍ വഹിച്ചുനടക്കും. ഒരിക്കല്‍ നബി(സ്വ)യുടെ ഒരു ചുമലില്‍ ഹസനും മറ്റേ ചുമലില്‍ ഹുസൈനും ഇരിക്കുന്നത് കണ്ടപ്പോള്‍ ഉമര്‍(റ) കുട്ടികളോട് പറഞ്ഞു. നിങ്ങള്‍ കയറിയ കുതിര തരക്കേടില്ല. ഉടനെ നബി(സ്വ) പറഞ്ഞു. രണ്ട് കുതിരക്കാരും നല്ലവര്‍ തന്നെ. നബി(സ്വ) നമസ്‌കാരത്തിന് പുറപ്പെടുമ്പോഴാണ് പൗത്രന്മാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പുറത്ത് കയറുന്നത്. നബി കുട്ടിയെ ഇറക്കിവെച്ച് അവനെ പിണക്കാന്‍ തയ്യാറായില്ല. കുട്ടിയെ ചുമന്ന് പള്ളയില്‍ വന്ന് നമസ്‌കാരം തുടങ്ങിയപ്പോള്‍ അവനെ ഇറക്കിവെച്ചു. എന്നാല്‍ നബി(സ്വ) സുജൂദിലായപ്പോള്‍ കുട്ടി പുറത്ത് കയറിക്കൂടി. സുജൂദ് ദീര്‍ഘിച്ചപ്പോള്‍ ഒരാള്‍ തലയുയര്‍ത്തി നോക്കി. നബി(സ്വ)യുടെ പുറത്ത് കുട്ടി ഇരിക്കുന്നു. അയാള്‍ സുജൂദിലേക്ക് തന്നെ തിരിച്ചുപോയി. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ സുജൂദിന്റെ അസാധാരണമായ ദൈര്‍ഘ്യത്തില്‍ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ട് കാരണം തിരക്കി. നബിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ മകന്‍ എന്റെ പുറത്ത് കയറിക്കൂടി. അവന്റെ ആവശ്യം തീരും മുമ്പ് ധൃതിയില്‍ അവനെ താഴെയിറക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല (നസാഈ). നബി(സ്വ) യാത്രകഴിഞ്ഞു വരുമ്പോള്‍ വഴിയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വീട്ടിലെ കുട്ടികള്‍ ഓടിയെത്തും. നബി(സ്വ) അവരെ പൊക്കിയെടുത്ത് വാഹനത്തില്‍ തന്റെ മുന്നിലും പിന്നിലുമായി ഇരുത്തുമായിരുന്നു. നബി(സ്വ) കൊച്ചുകുട്ടികളുടെ മുമ്പില്‍ ചുവന്ന നാവ് നീട്ടും. കുട്ടികള്‍ കൗതുകത്തോടെ അതു നോക്കി രസിക്കും. 

കളിക്കാനുള്ള കുട്ടികളുടെ സഹജമായ താല്പര്യത്തെ വകവെച്ചു കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു. കുട്ടികള്‍ക്ക് ബുദ്ധിവികാസവും മാനസികോല്ലാസവും പ്രദാനം ചെയ്യുന്ന കളികളില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം റസൂല്‍(സ്വ) അനുവദിച്ചു. പത്‌നി ആഇശ(റ) കളിക്കോപ്പുകളുമായാണ് നബി(സ്വ)യുടെ വീട്ടിലേക്ക് പുതുപെണ്ണായി വന്നത്. ആഇശക്ക് അവരുടെ കളിക്കൂട്ടുകാരികളെ നബി(സ്വ) സംഘടിപ്പിച്ചുകൊടുക്കുമായിരുന്നു. നബി(സ്വ)യുടെ സേവകന്‍ കൂടിയായ  അനസ്(റ) ജോലികഴിഞ്ഞ് ഉച്ചയ്ക്ക് വിശ്രമിക്കുമ്പോള്‍ കുട്ടികള്‍ കളിക്കുന്ന സ്ഥലത്തേക്ക് പോയി. അവരോടൊപ്പം ചേര്‍ന്നു. അപ്പോള്‍ നബി(സ്വ) അവിടെ വന്നു കുട്ടികള്‍ക്ക് സലാം പറഞ്ഞു. അനസി(റ)നെ വിളിച്ച് ഒരു ആവശ്യത്തിനുവേണ്ടി പറഞ്ഞയച്ചു. നബി(സ്വ) ഒരു തണലില്‍ കുട്ടികളുടെ കളി വീക്ഷിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ ഈ നടപടി കുട്ടികള്‍ക്ക് കളിക്കാന്‍ കൂടുതല്‍ ആവേശം പകരുന്നതായിരുന്നു. ഉമ്മമാരെയും കുഞ്ഞുങ്ങളെയും തമ്മില്‍ വേര്‍പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് നബി(സ്വ) പ്രത്യേകം നിര്‍ദേശിച്ചിരുന്നു. യുദ്ധത്തില്‍ ബന്ധനസ്ഥരെ കൈകാര്യം ചെയ്യുമ്പോള്‍ പോലും ഈ നിര്‍ദേശം പാലിക്കാന്‍ റസൂല്‍(സ്വ) പട്ടാളക്കാരോട് പറഞ്ഞിരുന്നു.

രക്ഷിതാക്കള്‍ കുട്ടികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് നബി(സ്വ) കര്‍ശനമായി നിരോധിച്ചു. ഒരിക്കല്‍ നബി(സ്വ)യുടെ അടുത്ത് ഒരാള്‍ ഇരിക്കുകയായിരുന്നു. അയാളുടെ മകന്‍ കടന്നുവന്നു. അയാള്‍ കുട്ടിയെ വലത്തെ തുടയില്‍ ഇരുത്തി. മുത്തം കൊടുത്തു. പിന്നെ മകള്‍ വന്നപ്പോള്‍ മുന്നിലാണ് ഇരുത്തിയത്. നബി(സ്വ) ചോദിച്ചു. എന്തുകൊണ് താങ്കള്‍ അവര്‍ക്കിടയില്‍ തുല്യതകാണിച്ചില്ല. മുത്തം നല്‍കുന്നതില്‍പോലും തുല്യത കാണിക്കണമെന്ന് നബി(സ്വ) നിഷ്‌കര്‍ഷിച്ചു. മക്കള്‍ക്ക് വല്ലതും കൊടുക്കുകയാണെങ്കില്‍ വിവേചനം പാടില്ലെന്ന് നബി(സ്വ) പ്രത്യേകം ഉണര്‍ത്തി. നുഅ്മാനുബ്‌നു ബശീര്‍ നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു. ഞാന്‍ ഉമറയിലുള്ള എന്റെ മകന് ഒരു സമ്മാനം കൊടുത്തിട്ടുണ്ട്. ഉടനെ നബിയുടെ ചോദ്യം. മറ്റുമക്കള്‍ക്കും ഇങ്ങനെ കൊടുത്തിട്ടുണ്ടോ? ഇല്ലെന്ന് അറിയിച്ചപ്പോള്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. മക്കള്‍ക്കിടയല്‍ സമത്വം പാലിക്കുക എന്നതായിരുന്നു നബി(സ്വ)യുടെ താക്കീത്. സന്താനങ്ങളുമായി സഹവസിച്ചും ഉല്ലസിച്ചും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.

Feedback