Skip to main content

ആയുര്‍വേദം

കാലങ്ങളോളമായി ഇന്ത്യയില്‍ നിലനിന്നുപോരുന്ന ഒരു ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുസിനെക്കുറിച്ചുള്ള വേദം എന്നാണ് ഈ പദത്തിനര്‍ഥം. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ് അഥര്‍വവേദത്തിന്റെ ഉപവേദമായി കണക്കാക്കുന്ന ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്നത്. ത്രിദോഷ സിദ്ധാന്തമാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷം. ഇവയുടെ സന്തുലിതാവസ്ഥയെ ആരോഗ്യമെന്നും ഇവയ്ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയ്ക്ക് രോഗം എന്നും പറയുന്നു. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചഭൂതനിര്‍മിതമായ പ്രകൃതിയില്‍, പഞ്ചഭൂതനിര്‍മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങള്‍ ഉപയോഗിച്ചു തന്നെ ചികില്‍സിക്കുക എന്നതാണ് ആയുര്‍വേദത്തിന്റെ ചികിത്സാ തത്ത്വം.


ഇന്നു ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളാണ് ചരകന്‍ രചിച്ച ചരകസംഹിത, സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്നിവ. ശസ്ത്രക്രിയകളുടെ പിതാവായി അറിയപ്പെടുന്നത് സുശ്രുതന്‍ ആണ്. അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വാഗ്ഭടന്‍. വിവിധ തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ആയുര്‍വേദത്തിലെ ഔഷധനിര്‍മാണം. കഷായം, അരിഷ്ടം, തൈലം, ചൂര്‍ണം, ഘൃതം, ഭസ്മസിന്ദൂരം, ലേഹ്യം, ഗുളിക എന്നിവയാണ് ഔഷധങ്ങള്‍. വാമനം, വിരേചനം, വസ്തി,  നസ്യം തുടങ്ങിയ ചികിത്സാവിധികളുപയോഗിച്ചാണ് രോഗിയെ ചികിത്സിക്കുന്നത്. ചികിത്സകന്ന് വൈദ്യന്‍ എന്ന പേര്‍ വിളിക്കപ്പെടുന്നു.  
 

Feedback
  • Wednesday Mar 26, 2025
  • Ramadan 26 1446