Skip to main content

കച്ചവടം: പ്രാധാന്യവും സാധുതയും (3)

സാമ്പത്തിക മേഖലയിലെ പ്രധാന ഇടപാടാണ് കച്ചവടം. പുരാതനകാലം മുതല്‍ ജീവിതവിഭവ സമാഹരണത്തിനായി മനുഷ്യര്‍ ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നാണയങ്ങളും കറന്‍സികളുമെല്ലാം രൂപപ്പെടുന്നതിനു മുമ്പു തന്നെ ബാര്‍ട്ടര്‍ സംവിധാനത്തോടെ ഇതു നിലനിന്നിരുന്നു. ചലനാത്മകമായ സമൂഹത്തിന് അനിവാര്യമായതാണ് ഈ ഇടപാട്. മനുഷ്യന്റെ വളര്‍ച്ചയിലും പുരോഗതിയിലുമെല്ലാം കച്ചവടത്തിനും കച്ചവടയാത്രകള്‍ക്കുമുള്ള പങ്ക് വലുതാണ്. വെട്ടിപ്പിടുത്തങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമെല്ലാം കച്ചവടം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിത്തിട്ടതും കരുത്തായതും കച്ചവടമായിരുന്നു. അതോടൊപ്പം സാംസ്‌കാരിക കൈമാറ്റത്തിനും വൈജ്ഞാനിക വളര്‍ച്ചക്കും കച്ചവടം വലിയ സ്വാധീനം ചെലുത്തിയത് കാണാം. അറബികളുടെ കപ്പലോട്ടം ലോകത്തുണ്ടാക്കിയ വൈജ്ഞാനിക സാംസ്‌കാരിക വളര്‍ച്ച ഇതിനുതെളിവാണ്.

പ്രധാന സാമ്പത്തിക മേഖല എന്ന നിലയില്‍ ഇന്നും കച്ചവടവും വ്യാപാരവും തലയുയര്‍ത്തി നില്ക്കുന്നു. വാണിജ്യ മേല്‍കോയ്മയുള്ള രാഷ്ട്രങ്ങളും സമൂഹങ്ങളും സാങ്കേതികവിദ്യകളുടെ കുത്തൊഴുക്കിലും അവയെക്കൂടി സ്വാംശീകരിച്ച് തഴച്ചു വളരുന്നത് ചൈനയിലൂടെയും മറ്റും ലോകം കാണുന്ന യാഥാര്‍ഥ്യമാണ്.

മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും ധാര്‍മികവും സാമ്പത്തികവുമായ വളര്‍ച്ചയുടെ അടിക്കല്ലായ കച്ചവടത്തെ ഇസ്‌ലാം സമഗ്രതയോടെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പലിശയെ അല്ലാഹു നിഷിദ്ധമാക്കുകയും കച്ചവടം അനുവദനീയമാക്കുകയും ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനിലൂടെ ഉണര്‍ത്തുന്നത് കച്ചവടത്തിന്റെ ധര്‍മവും മഹത്വവും വ്യക്തമാക്കുന്നതാണ്. 'ഏറ്റവും നല്ല വരുമാനമേത് എന്ന ചോദ്യത്തിന് കൃഷിയും നിയമപരമായ കച്ചവടവും' എന്ന് നബി(സ്വ) മറുപടി പറയുന്നതിലും കച്ചവടത്തിന്റെ ധാര്‍മിക ബന്ധം കാണാവുന്നതാണ്. 

മുഹമ്മദ് നബി(സ്വ) ജനിച്ചത് ഒരു കച്ചവട സമൂഹത്തിലാണ്. ഉഷ്ണശൈത്യകാലങ്ങളില്‍ യമനിലേക്കും സിറിയയിലേക്കും മാറിമാറിയുള്ള കച്ചവട സൗകര്യവും, കഅ്ബയുടെ പേരില്‍ നാട്ടിലും പുറംനാട്ടിലും സുരക്ഷിതമായ കച്ചവടവും സാധ്യമാക്കി തന്നതിനുള്ള നന്ദിയായി അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ മക്കക്കാര്‍ക്ക്, വിശിഷ്യാ ഖുറൈശികള്‍ക്ക് ബാധ്യതയുണ്ടെന്ന് ഖുര്‍ആനിലെ ഖുറൈശ് അധ്യായത്തിലൂടെ അല്ലാഹു അവരെ ഓര്‍മപ്പെടുത്തുന്നുണ്ട്. 

നബി(സ്വ)യും പല അനുചരന്മാരും കച്ചവടക്കാരായിരുന്നു. കച്ചവടവുമായി കെട്ടുപിണഞ്ഞുകിടന്ന ആ സമൂഹത്തിന്റെ  നേര്‍ചിത്രമാണ്, മദീനയില്‍ നബി(സ്വ) ജുമുഅ നടത്തിക്കൊണ്ടിരിക്കെ അങ്ങാടിയില്‍ കച്ചവട സംഘത്തിന്റെ ആരവം കേട്ടപ്പോള്‍ റസൂലിനെ വിട്ട് ഓടിപ്പോകുന്ന അനുചരന്മാര്‍. ഹജ്ജില്‍ കച്ചവടം നടത്താനും നമസ്‌കാരം കഴിഞ്ഞ ഉടനെ കച്ചവടത്തിനായി പോകാനും കച്ചവടത്തിനായി നമസ്‌കാര ദൈര്‍ഘ്യം കുറയ്ക്കാനുമെല്ലാം ഖുര്‍ആന്‍ അനുമതി നല്കിയതില്‍ നിന്ന് ശ്രേഷ്ഠമായ തൊഴിലാണ് കച്ചവടമെന്ന് പറയാം.

തന്റെ ഉടമസ്ഥതയിലുള്ള ഉപകാരപ്രദമായ ഒരു വസ്തുവോ വസ്തുതയോ ആവശ്യക്കാരനായ വ്യക്തിക്ക് വില നിശ്ചയിച്ച് കൈമാറുക എന്ന ലളിതമായ ഇടപാടാണ് കച്ചവടം. ഇന്നത് അതിസങ്കീര്‍ണമായ ഒരുപാട് നിയമങ്ങള്‍ അനുസരിച്ച് നിര്‍വഹിക്കപ്പെടേണ്ട എഞ്ചിനീയറിംഗായി മാറിയിരിക്കുന്നു. കച്ചവടം സുതാര്യവും സുഗമവുമാക്കുന്നതിന് ആധുനിക ലോകം വന്‍ പഠന ശാഖകളും നിയമ സംവിധാന ങ്ങളുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കേവല ഭൗതിക അടിത്തറയില്‍ സ്ഥാപിതമായ ഈ  സംവിധാനങ്ങള്‍ പക്ഷേ, മാനവരാശിയുടെ ഋജുവും സന്തുലിതവുമായ വളര്‍ച്ചക്ക് ഉപകാരപ്പെടുന്നില്ല. ഏതാനും വലിയ കച്ചവടക്കാരെ ഇനിയും വലുതാക്കാനും ലക്ഷോപലക്ഷം ചെറുകിടക്കാരെ കടക്കാരാക്കാനുമാണ് വ്യവസായ വാണിജ്യ ലോബികളുടെ നിയമസംഹിതകള്‍ ഉപയോഗപ്പെടുന്നത്. മാനവികതക്ക് വിലകല്പിക്കാത്ത ലാഭലോബിയാണ് ഇന്ന് കച്ചവടം നിയന്ത്രിക്കുന്നത്. പലിശയും ചൂതും ചതിയും വഞ്ചനയുമെല്ലാം സമാസമം ചേര്‍ത്ത് രൂപപ്പെടുത്തുന്ന കച്ചവടക്കൂട്ടുകള്‍ എല്ലാ മാനുഷിക മൂല്യങ്ങളെയും കളിയാക്കുകയും ഉല്ലംഘിക്കുകയുമാണ്. തടയിടേണ്ടവര്‍ കൂട്ടുനില്ക്കുന്ന ദയനീയ കാഴ്ചയാണ് വര്‍ത്തമാനലോക ദുരന്തം. 

മനുഷ്യനുമായി അഭേദ്യമായി ബന്ധമുള്ള കച്ചവടത്തെ മാനവികമാക്കാന്‍ ഇസ്‌ലാം ഏറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും അത് നടപ്പിലാക്കി ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിലും നബി(സ്വ)യുടെ ചര്യയിലുമായി പരന്നു കിടക്കുന്ന കച്ചവട നിയമങ്ങളെ ഇസ്‌ലാമിക കര്‍മശാസ്ത്രം വളരെ വിശദമായി തന്നെ വിശദീകരിച്ചിട്ടുണ്ട്. ആധുനിക നിയമങ്ങളും വ്യവസ്ഥകളും രൂപപ്പെടുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഇസ്‌ലാം മുന്നോട്ടു വെച്ച നിയമങ്ങള്‍ ഇന്നും നിത്യപ്രസക്തമായി നിലനില്ക്കുന്നു.  

മുസ്‌ലിമിന്റെ വരുമാനം അനുവദനീയമായിരിക്കണം. ''സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു''(4:29). കച്ചവടം അനുവദനീയമാകുന്നത് ഇസ്‌ലാമിക നിബന്ധനകള്‍ പാലിക്കപ്പെടുമ്പോഴാണ്. വില്‍ക്കുന്നവന്‍, വാങ്ങുന്നവന്‍, ചരക്ക് എന്നിവയാണ് ഇടപാടിലെ അനിവാര്യ ഘടകങ്ങള്‍. കച്ചവടം സാധുതയുള്ളതായി മാറണമെങ്കില്‍ അതില്‍ സംതൃപ്തി, ധാര്‍മികത എന്നീ ഘടകങ്ങള്‍ കൂടി ഉള്‍ച്ചേരേണ്ടതുണ്ട്.   കച്ചവടം നടത്താനുള്ള അര്‍ഹത ബുദ്ധി, പ്രായപൂര്‍ത്തി, അറിവ് എന്നിവയാണ് ക്രേതാവിനും വിക്രേതാവിനുമുണ്ടായിരിക്കേണ്ട യോഗ്യത.  താന്‍ നിര്‍വഹിക്കുന്ന കച്ചവടത്തെക്കുറിച്ചും ചരക്കിനെക്കുറിച്ചുമെല്ലാം സാമാന്യധാരണ ക്രേതാവിനും വിക്രേതാവിനും ഉണ്ടായിരിക്കണം. ഇവരും ഇവര്‍ ചുമതലപ്പെടുത്തുന്നവരും വ്യക്തമായ വാക്കുകളോ രേഖകളോ കൊണ്ട് കച്ചവടം നടത്തണം. കുട്ടികളും ബുദ്ധിമാന്ദ്യമുള്ളവരും ലഹരിബാധിതരും നടത്തുന്ന ഇടപാടുകള്‍ക്ക് സാധുതയില്ല. ഇടപാടില്‍ രണ്ടുപേരും സംതൃപ്തരായിരിക്കണം. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വില്‍ക്കുന്നവന്റെ സംതൃപ്തി പരിഗണിക്കേണ്ടതില്ലെന്നാണ് പണ്ഡിതാഭിപ്രായം. കടത്തില്‍ മുങ്ങിയവനോ പാപ്പറായി പ്രഖ്യാപിക്കപ്പെട്ടവനോ അവന്റെ വസ്തുവിറ്റ് കടം വീട്ടേണ്ടി വരുമ്പോള്‍ പൂര്‍ണ സംതൃപ്തനായിരിക്കണമെന്നില്ല എന്നാണ് അവര്‍ അതിന് ഉദാഹരണം പറയുന്നത്.

ഇടപാടുകാര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുകയും വ്യക്തമായ തെളിവു സമര്‍പ്പിക്കാന്‍ രണ്ടു കൂട്ടര്‍ക്കും സാധിക്കാതെ വരികയും ചെയ്താല്‍ ഉടമയുടെ വാദമാണ് സ്വീകരിക്കപ്പെടുക. അപ്പോള്‍ ഇടപാട് ദുര്‍ബലപ്പെടുത്തി ചരക്ക് ഉടമയ്ക്ക് തിരിച്ചു നല്കുകയാണ് വേണ്ടത്. ''രണ്ടു കച്ചവടക്കാര്‍ തമ്മില്‍ ഭിന്നിക്കുകയും അവര്‍ക്ക് തെളിവില്ലാതെ വരികയും ചെയ്താല്‍ ചരക്കുടമയുടെ വാക്കാണ് സ്വീകരിക്കേണ്ടത്, അല്ലെങ്കില്‍ കച്ചവടം പരസ്പരം ഒഴിയണം'' എന്നാണ് നബി(സ്വ)യുടെ നിര്‍ദേശം. (അബീദാവീദ്)

ചരക്കിന്റെ കാര്യത്തിലും ഇസ്‌ലാമിന് മാനവിക കാഴ്ചപ്പാടുണ്ട്. അതിനാല്‍ സ്രഷ്ടാവ് നിഷിദ്ധമാക്കിയ വസ്തുക്കള്‍ കച്ചവടം ചെയ്യാന്‍ പാടില്ല. വില്‍ക്കുന്നവന്റെ ഉടമസ്ഥതയിലുള്ളതും കൈമാറാനും ഏറ്റെടുക്കാനും കഴിയുന്നതുമായിരിക്കണം വസ്തു. പ്രയോജനകരവും വിശിഷ്ടവുമാകണം. ന്യൂനതകള്‍ വ്യക്തമാക്കുകയും അളവ്,  ഗുണം എന്നിവ തിട്ടപ്പെടുത്തുകയും വേണം. ഇതില്‍ ഏതെങ്കിലുമൊന്ന് നഷ്ടമായാല്‍ ആ ഇടപാട് സാധുവല്ല. ഉടമപ്പെടുത്തും മുമ്പ് നഷ്ടം സംഭവിച്ചത് വിറ്റവന്‍ കാരണമോ അജ്ഞാതകാരണത്താലോ ആണെങ്കില്‍ നഷ്ടം അയാളാണ് സഹിക്കേണ്ടത്. മറ്റൊരാള്‍ കാരണമാണെങ്കില്‍ അയാളില്‍ നിന്നാണ് അത് ഈടാക്കേണ്ടത്. വാങ്ങിയവന്‍ കാരണമായി ഉണ്ടായതാണെങ്കില്‍ അയാള്‍ അതിനുത്തരവാദിയാണ്.

കച്ചവടം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചക്കെന്നതുപോലെ ധാര്‍മിതയ്ക്കും അനുഗുണമാകണം. പലിശ വളരുന്നില്ലെന്നു പറയുകയും കച്ചവടം അനുവദനീയമാക്കി യിരിക്കുന്നു എന്ന് അല്ലാഹു ഉണര്‍ത്തുന്നത് ഇതിന് തെളിവാണ്. ലാഭനഷ്ടങ്ങള്‍ കച്ചവടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ ധാര്‍മികമായ കച്ചവടം ഭൗതികമായി നഷ്ടത്തിലായാലും ദൈവികമായി ലാഭത്തിലും വളര്‍ച്ചയിലുമായിരിക്കും. അതിനാലാണ് വിശ്വാസപരവും ധാര്‍മികവുമായ കാഴ്ചപ്പാടിലൂടെ സമൂഹദ്രോഹപരമായ കച്ചവടങ്ങള്‍ ഇസ്‌ലാം നിരോധിക്കുന്നത്. വിഗ്രഹങ്ങളും ഏലസും ശവവും മദ്യവുമെല്ലാം നിരോധിക്കപ്പെടുന്നത് ഇങ്ങനെയാണ്. അമിതലാഭം, കരിഞ്ചന്ത, അവ്യക്തത എന്നീ രീതികളും നിഷിദ്ധമായത് ഈ ധാര്‍മിക അടിത്തറയില്‍ നിന്നുകൊണ്ടാണ്.

ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല കച്ചവടങ്ങളിലും അല്ലാഹുവിന്റെ ഈ അതിരുകള്‍ പാലിക്കപ്പെടുന്നില്ലെന്നു കാണാം. മുസ്‌ലിംകളും നാടോടുമ്പോള്‍ മുന്നിലോടുകയാണ്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: മനുഷ്യര്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് മനുഷ്യന്‍ സമ്പാദിക്കുന്ന ധനം ഹാറാമായതോ ഹലാലായതോ എന്നൊന്നും ഗൗനിക്കുകയില്ല (ബുഖാരി). ഇസ്‌ലാം വെച്ച നിബന്ധനകള്‍ പാലിക്കാത്ത കച്ചവടങ്ങള്‍  അസാധുവാണ്. ഇത്തരം കച്ചവടങ്ങളില്‍ ലഭിക്കുന്ന ചരക്കുകള്‍ വിക്രേതാവിനെ തിരിച്ചേല്‍പിക്കണം. നിശിച്ചുപോയതാണെങ്കില്‍ തുല്യമായ വസ്തുവോ വിലയോ നല്കണം. ഇതിലൂടെ വല്ല ലാഭവും നേടിയിട്ടുണ്ടെങ്കില്‍ അത് ദാനംചെയ്യണം.

എല്ലാ നിയമങ്ങളും പാലിച്ച് വളരെ സൂക്ഷ്മതയോടെ നിര്‍വഹിക്കുന്ന കച്ചവടം പുണ്യകര്‍മമാണെന്നുമാത്രമല്ല അവര്‍ക്ക് അതിമഹത്തായ പദവിയുണ്ടെന്ന് റസൂല്‍(സ്വ) സുവിശേഷമറിയിക്കുന്നുണ്ട്. അബൂസയ്യിദ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു. സത്യസന്ധനും വിശ്വസ്തനുമായ വ്യാപാരി നബിമാരോടും സത്യാത്മക്കളോടും ശഹീദു(രക്തസാക്ഷി) കളോടും കൂടിയാകുന്നു (തിര്‍മിദി).

Feedback