Skip to main content

പലിശ

ആധുനിക സാമ്പത്തിക മേഖലയുടെ ജീവനായി വ്യാഖ്യാനിക്കപ്പെടുന്ന അത്ഭുത സംവിധാനമാണ് പലിശ. പലിശയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ സാധ്യമല്ലെന്നിടത്താണ് ഇന്ന് ലോകം എത്തി നില്ക്കുന്നത്. എന്നാല്‍ ഇത് സാമ്പത്തിക മേഖലയുടെ ഏറ്റവും ഉത്തമമായ ചോദകമാണ് എന്ന വാദത്തിന് അത്രതന്നെ ബലം ഇപ്പോഴില്ല. തുപ്പാനും ഇറക്കാനും പറ്റാത്തത് എന്നാണ് ഇന്ന് സാമ്പത്തിക ലോകം പലിശയെ കാണുന്നത്.  പലിശ  ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ അത് ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അവസാനമാകും എന്നിടത്തേക്കാണ് പുതിയ പഠനങ്ങളും കണക്കുകളും സൂചന നല്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമാവുന്നതോടു കൂടിയാണ് പലിശ സമ്പ്രദായത്തിന് കൃത്യമായ ചിട്ടകളും വ്യവസ്ഥകളും രൂപപ്പെട്ടത്. ആദ്യകാലങ്ങളില്‍ വമ്പിച്ച മൂലധന സമാഹരണത്തിനും മുതല്‍ മുടക്കിനും ഉപകാരപ്പെട്ട ഈ മാഗ്നറ്റിക് ആശയം 'പലിശ ഇല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഇല്ല' എന്ന ആത്യന്തികവാദം സൃഷ്ടിച്ചു. അതിന്റെ ദൂഷ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്ന് സാമ്പത്തിക വിദഗ്ധരെ പിന്തിരിപ്പിച്ചു. എന്നാല്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവുമെല്ലാം ഈ രംഗത്ത് പുതിയ ആലോചനകള്‍ നടത്താന്‍ അവരെ പ്രചോദിപ്പിക്കുകയാണ്. പലിശ നിരക്ക് പരമാവധി കുറച്ചു കൊണ്ടുവരാനും അതുവഴി സംരംഭക മൂലധനം(റിസ്‌ക് കാപിറ്റല്‍) വര്‍ധിപ്പിച്ച് ഉത്പാദനമേഖലയെ പ്രചോദിപ്പിക്കാനുമുള്ള ആലോചനകള്‍ക്കു തുടക്കമിടുകയാണ്. പലിശ അഞ്ചോ പത്തോ ശതമാനമാണ് നിക്ഷേപകന് നല്കുന്നതെങ്കില്‍ അത് കച്ചവടമോ കൃഷിയോ ആയി നല്കുന്നത് അതിനെക്കാള്‍ എത്രയോ കൂടുതലായിരിക്കുമെന്നതും അനുഭവയാഥാര്‍ഥ്യമാണ്.

പലിശ വളരുന്നില്ല(30:39), ഇടപെടുന്ന മേഖലയെ അത് ക്ഷയിപ്പിക്കുകയാണ് ചെയ്യുന്നത് എന്നുള്ള  ഖുര്‍ആനിലെ അര്‍ഥശങ്കക്കിടമില്ലാത്ത പ്രഖ്യാപനവും (2:276)  പലിശയുമായി ബന്ധപ്പെടുന്ന സാമ്പത്തിക ലോകത്തിന് സ്ഥിരതയുണ്ടാവില്ല, അത് പിശാചു ബാധിച്ചവനെപ്പോലെ വീണും എഴുന്നേറ്റും ആടിക്കൊണ്ടിരിക്കുമെന്ന നിരീക്ഷണവും (2:275) അന്വര്‍ഥമാവുന്ന അവസ്ഥയിലേക്കാണ് ആധുനിക സാമ്പത്തിക ലോകം കിതച്ചടുത്തുകൊണ്ടിരിക്കുന്നത്. പണത്തിന് മൂല്യമുണ്ടാക്കുന്നത് അതിനുമേലുള്ള അധ്വാനമാണ് എന്നത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന നിയമമാണ്. പലിശ ഇതിനുവിരുദ്ധമാണ്. പണം സ്വന്തമായി വളരുന്നില്ല. 

തീര്‍ത്തും ചൂഷണാധിഷ്ഠിതമായ പലിശ പൂര്‍വ മതസമൂഹങ്ങളിലും നിഷിദ്ധമായിരുന്നു. യഹൂദര്‍ നിഷിദ്ധമായ പലിശ അനുവദനീയമാക്കിയതാണ് അല്ലാഹു അവരുട മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് ഖുര്‍ആനില്‍ ഉണര്‍ത്തുന്നുണ്ട്. ''അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും, പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്''(4:160,161).

ബൈബിള്‍ പഴയ നിയമത്തില്‍ (പുറപ്പാട് 22:25, വേല്യപുസ്തകം 25: 35, ആവര്‍ത്തന പുസ്തകം23: 20, 21) പലിശ നിഷിദ്ധമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യഹൂദികളല്ലാത്തവരില്‍ നിന്ന് പലിശ വാങ്ങാം എന്ന വ്യാഖ്യാനത്തിലൂടെ അവര്‍ ക്രിസ്ത്യാനികളില്‍ നിന്നും മറ്റും പലിശ വാങ്ങി. ഇംഗ്ലണ്ടില്‍ ഇത് വ്യാപകമായപ്പോള്‍ ജൂതരോട് ക്രൈസ്തവ സമൂഹത്തിന് വിദ്വേഷം തുടങ്ങുകയും അവസാനം അവരെ അവിടെ നിന്ന് ആട്ടിയോടിക്കുന്ന അവസ്ഥയുണ്ടാവുകയും പലിശ നിരോധിക്കുകയും ചെയ്തു. പിന്നീട് ക്രൈസ്തവ മതനേതാക്കളുടെ ശാസനങ്ങള്‍ അനുസരിക്കാതെ ക്രൈസ്തവ ധനികന്‍മാര്‍ പലിശ വ്യാപാരത്തിനിറങ്ങി. 1545ല്‍ ഹെന്‍ട്രി എട്ടാമന്റെ കാലത്താണ് ക്രൈസ്തവ സമൂഹവും പലിശയിലേക്കിറങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ പലിശ വ്യാപാരത്തിന് അടിത്തറ പാകിക്കൊണ്ട്  ബാങ്ക് ഓഫ് ലണ്ടന്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴും ക്രൈസ്തവ സഭകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ, ഇന്ന് ലോക പലിശയുടെ എല്ലാ കേന്ദ്രങ്ങളും ഈ രണ്ടു സമൂഹത്തിലെ കുത്തകകളുടെ കൈയിലാണെന്നതാണ് വസ്തുത.

പലിശ വിവിധ പേരുകളില്‍ വരുമെന്നും അതിന്റെ പൊടിയെങ്കിലും അനുഭവിക്കാത്തവര്‍ ഉണ്ടാകില്ലെന്നുമുള്ള റസൂല്‍(സ്വ)യുടെ പ്രവചനം (അഹ്മദ്) പുലരുന്ന വിധത്തിലാണ് ഇന്ന് സാമൂഹിക ജീവിതത്തില്‍ പലിശയുടെ സ്വാധീനം. ഇസ്‌ലാം ഇതിനെ തീര്‍ത്തും നിഷിദ്ധമാക്കുന്നു. നബി(സ്വ) വരുന്ന കാലത്ത് അറേബ്യയിലുണ്ടായിരുന്നത് രണ്ടു തരം പലിശയായിരുന്നു. കച്ചവടക്കാര്‍ക്ക് ചരക്ക് കടം കൊടുക്കുകയും കച്ചവടം കഴിഞ്ഞു വരുമ്പോള്‍ നിശ്ചയിച്ച പലിശപ്രകാരം കൂടുതലാക്കി തിരിച്ചു വാങ്ങുകയുംചെയ്യുന്ന രീതി. ഇതിന് രിബല്‍ ഫദ്ല്‍ (മിച്ചപ്പലിശ,റൊക്കപ്പലിക, വര്‍ധനപ്പലിശ) എന്നായിരുന്നു പേര്. ഇത് കച്ചവടമല്ലേ എന്ന സംശയത്തിനാണ്, 'അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുംചെയ്തിരിക്കുന്നുവെന്ന്' (2:175) തെളിച്ചു പറഞ്ഞത്. ഒരു വസ്തുവിന് പകരം അതേ വസ്തു ഏറ്റുക്കുറച്ചിലോടെ കൈമാറ്റം ചെയ്യുന്ന ഈ രീതി പാടില്ലെന്ന് നബി(സ്വ) വ്യക്തമാക്കി. ഒരു ദിര്‍ഹം രണ്ടു ദിര്‍ഹമിന്നു വില്‍ക്കരുത്, സ്വര്‍ണത്തിനു സ്വര്‍ണം, വെള്ളിക്കുവെള്ളി, ഗോതമ്പിനു ഗോതമ്പ്, ഉപ്പിനു ഉപ്പ് എന്നിവ തുല്യമായും റൊക്കമായുമല്ലാതെ കച്ചവടംചെയ്യരുതെന്ന് നബി(സ്വ) കല്പിച്ചു. ഇതില്‍ ആരെങ്കിലും വര്‍ധിപ്പിക്കുകയോ വര്‍ധന ആവശ്യപ്പെടുകയോ ചെയ്താല്‍ അവന്‍ പലിശ ഇടപാടു നടത്തി. ഇതില്‍ വാങ്ങുന്നവനും കൊടുക്കുന്നവും തുല്യരാണ് എന്നും അദ്ദേഹം ഉണര്‍ത്തി (ബുഖാരി).

മറ്റൊരു തരം പലിശയായിരുന്നു രിബന്നസീഅ. ഒരാള്‍ക്ക് നിശ്ചിത അവധിവെച്ച് പണം കടം കൊടുക്കും. അവധിയില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ സംഖ്യ വര്‍ധിപ്പിക്കും. അത് തിരിച്ചടക്കാതെ തുടരുമ്പോള്‍ പലിശക്കുമേല്‍ പലിശ ഇരട്ടി ഇരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കും. രിബല്‍ ഫദ്ല്‍ വളരെ ചെറിയ അളവിലേ പലിശ വാങ്ങിയിരുന്നുള്ളൂവെങ്കില്‍ ഈ രീതിയില്‍ അധമര്‍ണന്‍ വലിയ ബാധ്യതക്കാരനായി മാറുമായിരുന്നു.ഇതു പരാമര്‍ശിച്ചുകൊണ്ടാണ് ഖുര്‍ആന്‍ പറഞ്ഞത്, ''സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളാ യേക്കാം''(3:130).

പലിശ പാടെ നിരോധിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ കല്പന, ഹിജ്‌റ പത്താം വര്‍ഷം ഹജ്ജതുല്‍ വിദാഇലെ തന്റെ പ്രസിദ്ധമായ അറഫാ പ്രഭാഷണത്തില്‍ നബി(സ്വ) ഉള്‍പ്പെടുത്തി. എല്ലാ പലിശയും നിഷിദ്ധമാക്കുന്ന കല്പന നടപ്പിലാക്കുന്നതിന്റെ ഭാഗമായി തന്റെ പിതൃസഹോദരന്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്തലിബിന് ലഭിക്കാനുള്ള പലിശ താന്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇനി മുതല്‍ മൂലധനത്തിനു മാത്രമേ ആര്‍ക്കും അവകാശമുണ്ടായിരിക്കുകയുള്ളൂവെന്നും ഖുര്‍ആനില്‍ വ്യക്തമാക്കി. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ഥ) വിശ്വാസികളാ ണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയുമരുത് ''(2:278,279).

കടത്തിനുമേല്‍ നേടുന്ന ഏതു പ്രയോജനവും പലിശയാണ് എന്ന നിര്‍വചനത്തിലൂടെ എന്താണ് പലിശ എന്ന് വളരെ ലളിതമായി നബി(സ്വ) പഠിപ്പിച്ചു. പലിശവാങ്ങുന്നത് അല്ലാഹുവിനോടുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. പലിശ വാങ്ങുന്നതു മാത്രമല്ല അത് കൊടുക്കുന്നതും അതിന് സാക്ഷി നില്‍ക്കുന്നതും അതിന്റെ എഴുത്തുകുത്തുകള്‍ നടത്തുന്നതുമെല്ലാം റസൂല്‍(സ്വ) നിഷിദ്ധമാക്കി. അദ്ദേഹം പറഞ്ഞു: അവരെല്ലാം സമന്മാരാണ്.(മുസ്‌ലിം) പലിശ തീറ്റിക്കുന്നവനെയും നബി(സ്വ) ശപിക്കുകയുണ്ടായി. (ബുഖാരി). ഏഴു മഹാപാപങ്ങളില്‍ ഒന്നായും നബി(സ്വ) പലിശയെ എണ്ണുന്നുണ്ട് (ബുഖാരി).

Feedback