Skip to main content

പൗത്രന് അവകാശം ലഭിക്കുന്നില്ല

ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിലെ നൂനതയായി വിമര്‍ശകര്‍ പലപ്പോഴും എടുത്തു കാണിക്കാറുള്ളത് പരേതനു പുത്രന്‍മാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ മരണത്തിനു മുമ്പ് മരണപ്പെട്ട പുത്രന്റെ സന്താനങ്ങള്‍ക്ക്  അനന്തരാവകാശം ലഭിക്കുകയില്ല എന്നതാണ്. ഇത് അടുത്ത ബന്ധു അകന്ന ബന്ധുവിനെ തടയും എന്ന അനന്തരാവകാശത്തിലെ പൊതു നിയമനുസരിച്ചാണ്. ഇതുപോലെ സഹോദരങ്ങള്‍ക്ക് അനന്തരാവകാശം ലഭിക്കുന്ന ഘട്ടത്തില്‍ ചില സഹോദരന്‍മാര്‍ ജീവിച്ചിക്കുന്നവരും മറ്റു ചിലര്‍ മരണപെട്ടവരുമാണെങ്കില്‍ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമുണ്ടാവില്ല. ഇസ്‌ലാമിക ദായ ക്രമത്തില്‍ അനന്തരാവകാശികളെ പല ശ്രേണിയായി തരം തിരിക്കപ്പെട്ടതാണ്. പുത്രന്‍മാര്‍ ഒരു ശ്രേണിയിലും പൗത്രന്മാര്‍ അതിനു താഴെയുള്ള ശ്രേണിയിലും  പൗത്രന്റെ പുത്രന്‍മാര്‍ അതിനും താഴെയുള്ള ശ്രേണിയിലുമാണ്. അതിനാല്‍ ഓരോ ശ്രേണിയിലുമുള്ളവരുടെ അഭാവത്തില്‍ മാത്രമേ അതിനു താഴെ ശ്രേണിയിലുള്ളവര്‍ക്ക് അവകാശം ലഭിക്കുകയുള്ളു.
 
ഇനി നേരത്തെ മരണപ്പെട്ട ഒരു അവകാശിയുടെ ഓഹരി അദ്ദേഹത്തിന്റെ സന്താനങ്ങള്‍ക്കോ അവകാശികള്‍ക്കോ നല്‍കാന്‍ ഒരു നിയമമുണ്ടാക്കിയാല്‍ ഇസ്‌ലാമിക ദായ ക്രമത്തിലെ പല ചട്ടങ്ങള്‍ക്കുമത് എതിരായിത്തീരുന്നതാണ് ഉദാ: മരണപ്പെട്ട ഒരു വ്യക്തിക്ക് ജീവിച്ചിരിക്കുന്ന A എന്ന ഒരു പുത്രനും മരണപ്പെട്ട B എന്ന ഒരു പുത്രനുമുണ്ട്. A എന്ന പുത്രന്  A1, A2 എന്നീ രണ്ടു പുത്രന്‍മാരും B  എന്ന പുത്രന് B1  എന്ന ഒരു പുത്രനു മാണുള്ളതെങ്കില്‍ A1, A2 എന്നീ പൗത്രന്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും (പിതാമഹന്റെ സ്വത്തില്‍ നിന്ന് ) തങ്ങളുടെ പിതാവിന്റെ മരണശേഷം  B1 എന്ന പൗത്രന് നേരത്തെ ലഭിച്ച സ്വത്തിന്റെ പകുതിയോ അല്ലെങ്കില്‍ ഇവരുടെ പിതാവായ Aക്ക് ഇവരല്ലാത്ത മറ്റു അവകാശികളുണ്ടെങ്കില്‍ അവരുടെതും കഴിച്ച് ബാക്കിയുടെ പകുതിയേ ഓരോരുത്തര്‍ക്കും ലഭിക്കുകയുള്ളു. എന്നാല്‍ ഇസ്‌ലാമിക ദായ ക്രമത്തില്‍ പൗത്രന്‍മാര്‍ എല്ലാവരും ഒരേ പോലെയാണു. അതായത് ഉപരി സൂചിത കേസിലെ A  B എന്നിവരുടെ അഭാവത്തില്‍ A1, A2,  B1, എന്നീ പൗത്രന്മാര്‍ക്ക് തുല്യ ഓഹരിയാണു ലഭിക്കുക. ഇതുപോലെ വേറെയും പല സങ്കീര്‍ണതകളും  ഇത്തരമൊരു നിയമത്തിലൂടെ ഉണ്ടായിത്തീരുമെന്നതിനാലാവാം അത്തരമൊരു നിയമം ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ കൊണ്ടുവരാതിരുന്നത്.

എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇത്തരം സാഹചര്യങ്ങളില്‍ അനാഥ പൗത്രന്മാര്‍ക്ക് വേണ്ടി മാന്യമായ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്യാന്‍ പിതാമഹനോട് ഇസ്‌ലാം കല്പിക്കുന്നുണ്ട് . ചില മുന്‍കാല പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അത് നിര്‍ബന്ധ ബാധ്യതയാണ്. വ്യവസ്ഥാപിതമായ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് അടുത്ത ബന്ധുക്കള്‍ക്ക് വസിയ്യത്ത് ചെയ്യണമെന്നു കല്‍പ്പിക്കുന്ന താഴെ പറയുന്ന സൂക്തം അവതരിക്കുകയുണ്ടായി.

''നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്'' (2:180).

എന്നാല്‍ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വന്നതോടെ വസിയ്യത്ത് അനന്തരാവകാശികളല്ലാത്ത ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. അതിനാല്‍ അനാഥ പുത്രനോ അതുപോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തന്റെ അനന്തരാവകാശം ലഭിക്കാനിടയില്ലാത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മരണപ്പെടുന്നതിന്നു മുമ്പായി ഓരോ വ്യക്തിയും അവരുടെ സാമ്പത്തിക നില പരിഗണിച്ചുകൊണ്ട് ആകെ സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്ത മാന്യമായ ഒരു വിഹിതം അവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധമായും വസിയ്യത് ചെയ്യേണ്ടതാണ് എന്ന്  ഭൂരിപക്ഷ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു.

മേല്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍  അനാഥ പൗത്രന്‍മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം പിതാമഹന്‍ വസ്വിയ്യത്ത് ചെയ്യണമെന്ന ഒരു നിയമം 'നിര്‍ബന്ധ വസ്വിയ്യത്ത് നിയമം' എന്ന പേരില്‍  ചില അറബ് രാഷ്ട്രങ്ങള്‍ വ്യക്തി നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇനി പിതാമഹന്‍ മേല്‍ പറഞ്ഞ പ്രകാരം വസിയ്യത്ത് ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍ തങ്ങളുടെ  പിതാവിന്റെ അനന്തര സ്വത്ത് വീതം വെക്കുമ്പോള്‍ തങ്ങളുടെ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക്  ഒരു വിഹിതം നല്‌കേണ്ടതാണെന്ന് ഖുര്‍ആനിന്റെ അധ്യാപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാകാവുന്നതാണു . ഖുര്‍ആന്‍ പറയുന്നു: 

''(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു'' (4: 8).

തങ്ങളുടെ സഹോദരന്റെ അനാഥരായ സന്താനങ്ങളുടെ സാനിധ്യത്തില്‍ പിതാവിന്റെ സ്വത്ത് ഭാഗം വെക്കുമ്പോള്‍ ഉപരി സൂക്തത്തില്‍ പരാമര്‍ശിച്ച ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കൂടി അനന്തരാവകാശം ഭാഗം വെക്കുന്നതില്‍ പരിഗണിക്കേണ്ടതാണ്.  കാരണം ഇവര്‍ അടുത്ത ബന്ധുക്കളും അനാഥകളുമാണ്. കൂട്ടത്തില്‍ ഇവര്‍ അഗതികളുമാണെങ്കില്‍ മേല്‍ സൂക്ത ത്തില്‍ പരാമര്‍ശിച്ച മൂന്ന് വിഭാഗം ആളുകളുടെയും വിശേഷണങ്ങള്‍ ഒത്തിണങ്ങിയവരാവുകയും പരേതന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതം ലഭിക്കാന്‍ ഏറെ അര്‍ഹതയുള്ളവരായിത്തീരുകയും ചെയ്യുന്നു.
  
അതിനുപുറമെ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സാമ്പത്തിക ശേഷിയില്ലാത്ത ബന്ധുക്കള്‍ക്ക് ചെലവിന് നല്‍കേണ്ടതാണ്. പ്രത്യേകിച്ച് അവര്‍ പരസ്പരം അനന്തരമെടുക്കാന്‍ അര്‍ഹരാണെങ്കില്‍. അതനുസരിച്ച് അനാഥരായ സഹോദര സന്താനങ്ങള്‍ അനന്തരമെടുക്കാന്‍ അര്‍ഹരായവരും അനാഥരുമാണെങ്കില്‍  പിതൃവ്യന്‍മാര്‍ ഇവരെ തങ്ങളുടെ പിതാവിന്റെ അനന്തരവാകാശത്തിനു പരിഗണിക്കുക മാത്രമല്ല തുടര്‍ന്നും ഇവരെ സഹായിക്കേണ്ടതുമാണ്.

Feedback