Skip to main content

നഷ്ടം വകവെച്ചു കൊടുക്കല്‍, പങ്കാളിയുടെ അവകാശം

നഷ്ടം വകവെച്ചുകൊടുക്കല്‍

വിറ്റ സാധനം തിരിച്ചെടുക്കുന്നതല്ല എന്ന് എഴുതിവെക്കാന്‍ ഭൗതിക നിയമവും അല്ലാഹുവിന്റെ നിയമവും കച്ചവടക്കാരനെ അനുവദിക്കുന്നില്ലെങ്കിലും ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാല്‍ നിശ്ചിത അവധി കഴിഞ്ഞതും അറിവുകേടിനാല്‍  ചെറിയമാറ്റം സംഭവിച്ചതും മറ്റും തിരിച്ചെടുക്കാന്‍ നിര്‍ബന്ധിക്കാന്‍ പറ്റില്ല. ഗുണവും വിലയുമെല്ലാം തൃപ്തിപ്പെട്ട് വാങ്ങി പിന്തിരിയാനുള്ള സ്വാതന്ത്ര്യത്തിന്റെ അവധിയും കഴിഞ്ഞ ശേഷം തിരിച്ചു വരുന്നവനോട്, പണം തിരിച്ചു തരില്ല വേറെ വസ്തുക്കള്‍ വേണമെങ്കിലെടുക്കാം എന്നു പറയുന്നതു തന്നെ വിശാലമനസ്‌കതയാണ്. ആരും അക്രമിക്കപ്പെടാന്‍ പാടില്ലെന്നതിനാലും ഉപഭോക്താവിന്റെ വീഴ്ചയില്‍ വിക്രേതാവ് ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നതിനാലും ഇസ്‌ലാം ഇതൊന്നും നിര്‍ബന്ധമാക്കുന്നില്ല. എന്നാലും തന്റെ വിശ്വാസ വിശാലതയാലും പരലോക പ്രതീക്ഷയാലും അല്പം നഷ്ടം സഹിച്ചാണെങ്കിലും ഉപഭോക്താവിന്റെ വലിയ നഷ്ടത്തില്‍ വിട്ടുവീഴ്ച ചെയ്യാനും ഇളവനുവദിക്കാനും ശ്രമിച്ചാല്‍ അത് ഭക്തിയുടെ നിദര്‍ശനമാണ്.

കച്ചവടശേഷം പ്രകൃതി ദുരന്തം പോലുള്ള കാരണങ്ങളാല്‍ ചരക്ക് നശിച്ചുപോയാല്‍ വില്‍പനക്കാരന് ഉത്തരവാദിത്തമില്ലെങ്കിലും മാനുഷിക പരിഗണനയില്‍ നഷ്ടപരിഹാരം നല്കുന്നത് അഭികാമ്യവും പുണ്യകരവുമാണ്. നബി(സ്വ) പറഞ്ഞു: ''നീ നിന്റെ സഹോദരന്ന് ഒരു ഫലം വിറ്റിട്ട് അതിനെന്തെങ്കിലും അത്യാപത്ത് ബാധിച്ച് നശിച്ചുപോയാല്‍ അതിന്റെ വിലയില്‍ നിന്നൊന്നും വാങ്ങാന്‍ നിനക്ക് പാടില്ല. ന്യായമില്ലാതെ നീയെങ്ങനെ സഹോദരന്റെ ധനം വാങ്ങും''(മുസ്‌ലിം). ഈ ഹദീസ് ഇങ്ങനെ നഷ്ടം വകവെച്ചുകൊടുക്കല്‍ അഭികാമ്യമാണെന്നു സൂചിപ്പിക്കുകയാണെന്നാണ് മിക്ക പണ്ഡിതരും അഭിപ്രായപ്പെട്ടത്.


ശുഫ്അ അഥവാ പങ്കാളിയുടെ അവകാശം

ഇസ്‌ലാമിക ശരീഅത്തിലെ സാമ്പത്തിക ഇടപാടുകളിലെ  വിശാലമായ പരാര്‍ഥതയുടെയും മനുഷ്യപ്പറ്റിന്റെയും പ്രയാസലഘൂകരണത്തിന്റെയും മനോഹര രൂപമാണ് ശുഫ്അ അവകാശം. വസ്തുവില്‍ അയല്‍വാസികള്‍ക്കും കൂട്ടു സ്വത്തില്‍ പങ്കാളികള്‍ക്കുള്ള അവകാശമാണിത്. ഇത്തരം ഓഹരികളും അവകാശങ്ങളും പുറത്തൊരാള്‍ക്ക് കൈമാറിയാല്‍ തൊട്ടടുത്ത ഉടമകള്‍ക്ക് അത് പ്രയാസങ്ങളുണ്ടാക്കുമെന്നതിനാലാണ് അവര്‍ക്ക് ഇസ്‌ലാം ഈ അവകാശം അനുവദിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ അത് വാങ്ങാനുള്ള പ്രഥമ അവകാശം ഇപ്പറഞ്ഞ അയല്‍വാസികള്‍ക്കും പങ്കാളികള്‍ക്കും ഇസ്‌ലാം അനുവദിച്ചു നല്കുന്നു.  തന്റെ സ്വത്തോ, സ്വത്തിലെ തന്റെ ഓഹരിയോ വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യമായി അതിന്റെ അയല്‍വാസിയോ തന്റെ പങ്കാളിയോ ആയ വ്യക്തിയോട് അത് എടുക്കാന്‍ ആവശ്യപ്പെടണം. അയാള്‍ക്ക് അത് ആവശ്യമില്ലെന്ന് അറിയിക്കുകയോ ന്യായമായ വില നല്കാന്‍ അയാള്‍ വിസമ്മതിക്കുകയോ ആണെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് അത് വില്ക്കാന്‍ പാടുള്ളൂ. വഖ്ഫ് പോലുള്ള പൊതുസ്വത്തില്‍ ഈ അവകാശം നിലനില്ക്കുകയില്ല.

അയല്‍ക്കാരനെയോ പങ്കാളിയെയോ ദ്രോഹിക്കാനും പ്രതികാരം തീര്‍ക്കാനുമായി ആരുമറിയാതെ ഇത്തരം ഇടപാടുകള്‍ നടത്തുന്നവര്‍ കുറ്റക്കാരാകുമെന്നതില്‍ സംശയമില്ല.

Feedback