Skip to main content

തകാഫുല്‍ (ഇസ്‌ലാമിക് ഇന്‍ഷൂറന്‍സ്)

ഇസ്‌ലാം നിരോധിച്ച പലിശയും ചൂതാട്ടവും, അനിശ്ചിത തത്ത്വാധിഷ്ഠിത ഇന്‍ഷൂറന്‍സ് സങ്കല്പങ്ങള്‍ എന്നിവയ്ക്കും പകരമാണ് തകാഫുല്‍ അഥവാ ഇസ്‌ലാമിക് ഇന്‍ഷൂറന്‍സ് നിലവില്‍ വന്നത്.

തകാഫുല്‍ വ്യവസ്ഥയില്‍ എല്ലാ പോളിസി ഉടമകളും പാരമ്പര്യ പ്രീമിയത്തിനു പകരമായി അവകാശികള്‍ക്കിടയിലെ പരസ്പര ധാരണപ്രകാരം ഒരു പൊതു ഫണ്ടിലേക്ക് (Takaful Fund) നിശ്ചിത സംഖ്യ അടക്കാമെന്ന കരാറിലെത്തുന്നു.

ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ചും തങ്ങള്‍ക്കു വേണ്ട ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ തോതനുസരിച്ചുമാണ് തങ്ങള്‍ അടക്കേണ്ട സംഖ്യ തീരുമാനിക്കുന്നത്. പാരമ്പര്യ ഇന്‍ഷൂറന്‍സിലേതെന്ന പോലെ തകാഫുല്‍ സ്ഥാപനങ്ങളിലും ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ സ്വഭാവവും കാലാവധിയും പ്രത്യേകം എടുത്തു പറഞ്ഞിരിക്കും.

പോളിസി ഉടമകള്‍ക്കു വേണ്ടി തകാഫുല്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ഒരു തകാഫുല്‍ നേതൃത്വത്തെ ഏല്പിക്കുന്നു (Takaful Operator).

തകാഫുല്‍ ഓപറേറ്റര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തന ചെലവുകള്‍ക്കനുസൃതമായി (വിപണന-മാര്‍ക്കറ്റിംഗ് ചെലവുകള്‍, അവകാശ നിര്‍വഹണ ചെലവുകള്‍ എന്നിവ ഉള്‍പ്പടെ) അംഗീകൃത ഫീസ് ഈടാക്കുന്നതാണ്. പോളിസി ഉടമകള്‍ സമര്‍പ്പിക്കുന്ന തങ്ങളുടെ നഷ്ടക്കണക്കുകള്‍ തകാഫുല്‍ ഫണ്ടില്‍ നിന്ന് പരിഹരിച്ചു നല്കുന്നതാണ്.

സാമ്പ്രദായിക ഇന്‍ഷൂറന്‍സില്‍ നിന്നു ഭിന്നമായി ഭാവിയില്‍ പോളിസി ഉടമകള്‍ സമര്‍പിച്ചേക്കാവുന്ന നഷ്ടക്കണക്കുകളും അവയുടെ നിര്‍വഹണ ചെലവുകളും മറ്റു അത്യാവശ്യ നീക്കിയിരിപ്പുകളും കഴിച്ച് ബാക്കി വരുന്ന മുഴുവന്‍ സംഖ്യയ്ക്കും പോളിസി ഉടമകള്‍ക്കു മാത്രമായിരിക്കും അവകാശമുണ്ടായിരിക്കുക. തകാഫുല്‍ കമ്പനിക്ക് പ്രസ്തുത സംഖ്യയില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്. ഈ മിച്ചത്തുകകള്‍ പോളിസി ഉടമകള്‍ക്ക് ഡിവിഡന്റ് ആയോ ഭാവിയില്‍ അവര്‍ അടക്കേണ്ടുന്ന പ്രീമിയം തുകയായോ വിതരണം ചെയ്യാവുന്നതാണ്.

കഫല എന്ന വാക്കില്‍ നിന്നാണ് തകാഫുല്‍ എന്ന പദം നിഷ്പന്നമാവുന്നത്. പരസ്പരമുള്ള സംരക്ഷണവും ഉറപ്പുനല്കലുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്     (Mutual indemnification and guarantee).

''നിങ്ങള്‍ പുണ്യത്തിലും തഖ്‌വയിലും പരസ്പരം സഹകരിക്കുവിന്‍. തിന്‍മയിലും ശത്രുതയിലും സഹകരിക്കരുത്''. തകാഫുല്‍ നന്‍മയിലും പുണ്യത്തിലുമുള്ള ഒരു വിധേനയുള്ള പരസ്പര സഹായമാണ് (തആവുന്‍). നഷ്ട സാധ്യത നിരവധി പങ്കാളികള്‍ക്കിടയില്‍ കൂട്ടമായി വീതിക്കപ്പെടുന്ന ഒരു രീതിയാണ്  തകാഫുലിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

Feedback
  • Sunday May 5, 2024
  • Shawwal 26 1445