Skip to main content

പ്രായശ്ചിത്തം (6)

വന്നുപോയ തെറ്റുകള്‍ക്ക് പരിഹാരമായി ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പ്രായശ്ചിത്തം എന്നു പറയുന്നത്. ഇസ്‌ലാമിക നിയമവ്യവസ്ഥയിലും 'പ്രായശ്ചിത്തം' ഉണ്ട്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും 'കഫ്ഫാറ' എന്നാണ് പ്രായശ്ചിത്തത്തിനുപയോഗിച്ച സംജ്ഞ. 'മറയ്ക്കുക' എന്നാണ് കഫ്ഫാറയുടെ ഭാഷാര്‍ഥം. പുണ്യകര്‍മങ്ങള്‍ കൊണ്ട് പാപങ്ങള്‍ മറച്ചു വെയ്ക്കുക എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം. 

നിര്‍ബന്ധമായി ചെയ്യേണ്ട കര്‍മങ്ങളിലുള്ള വീഴ്ച്ചയോ പോരായ്മയോ നികത്താന്‍ പ്രായശ്ചിത്തമുണ്ട്. ഗുരുതരമായ തെറ്റുകള്‍ക്ക് ഭൗതികമായ പകരം വെയ്ക്കല്‍ എന്ന നിലയിലും പ്രായശ്ചിത്തമുണ്ട്. അഞ്ചുകാര്യങ്ങളില്‍ ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിച്ചിട്ടുണ്ട്. അവ താഴെ പറയുന്നു.


1. സത്യലംഘനം 2. ഹജ്ജില്‍ ഇഹ്‌റാമിലായിരിക്കെ തലമുടിയെടുക്കുക 3. മനഃപൂര്‍വമല്ലാത്ത നരഹത്യ 4. 'ദ്വിഹാര്‍' എന്ന ദുഷ്പ്രവൃത്തി 5 റമദാനിലെ പകല്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ആദ്യത്തെ നാലെണ്ണം വിശുദ്ധ ഖുര്‍ആനിലും അഞ്ചാമത്തത് ഹദീസിലും വിവരിച്ചിട്ടുണ്ട്. 

പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ടത് നാലു കാര്യങ്ങളാണ്. 1. അടിമയെ മോചിപ്പിക്കല്‍ 2. വ്രതമനുഷ്ടിക്കല്‍    3.അഗതികള്‍ക്ക് ആഹാരം കൊടുക്കല്‍ 4. നഷ്ടപരിഹാരത്തുക (ദിയ). 

കര്‍മങ്ങള്‍ ചെയ്യുന്നതില്‍ വരുന്ന വീഴ്ചകള്‍ക്ക് പരിഹാരമായി ചെയ്യുന്ന 'ഫിദ്‌യ' യും പ്രായശ്ചിത്തത്തിന്റെ ഇനങ്ങളില്‍പ്പെടുന്നു. ഉദാഹരണം: നോമ്പിലും ഹജ്ജിലുമുള്ള ഫിദ്‌യകള്‍.
 

Feedback