Skip to main content

മനുഷ്യവധവും പശ്ചാത്താപവും

ഇസ്‌ലാമിക നിയമവ്യവസ്ഥയനുസരിച്ച് ഒരാള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റം മനുഷ്യവധമാണ്. അന്യായമായി ഒരു മനുഷ്യനെ വധിക്കുന്നയാള്‍ക്ക് നരകമാണ് പ്രതിഫലം (4:93). അതുകൊണ്ടു കഴിഞ്ഞില്ല. ഭൗതികമായും അയാള്‍ ശിക്ഷാര്‍ഹനാണ്. ഘാതകവധം (ഖിസ്വാസ്) ആണ് ഇസ്‌ലാമിക ശരീഅത്തനുസരിച്ച് ശിക്ഷാവിധി (2:179). കുറ്റം തെളിഞ്ഞതിനാല്‍ വധശിക്ഷ വിധിക്കപ്പെട്ട ഒരു ഘാതകന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ ഭരണാധികാരിക്കു കഴിയില്ല. ഇസ്‌ലാമിക നിയമമനുസരിച്ച് അതിന്ന് അധികാരമുള്ളയാള്‍ വധിക്കപ്പെട്ടവന്റെ അടുത്ത ബന്ധുവാണ് (17:33). 

വധിക്കപ്പെട്ടയാളുടെ ബന്ധു ഘാതകന്നു മാപ്പുകൊടുത്താല്‍ ഭരണകൂടം അയാളുടെ വധശിക്ഷ ലഘൂകരിക്കും. എന്നാല്‍ ഘാതകന്‍ വധിക്കപ്പെട്ടയാളുടെ ബന്ധുവിന് പ്രായശ്ചിത്തമായി (ദിയ) ഒരു തുക നല്‌കേണ്ടതുണ്ട്. Blood money എന്നറിയപ്പെടുന്ന ഈ നഷ്ടപരിഹാരം ഉഭയകക്ഷികള്‍ ചേര്‍ന്നു തീരുമാനിക്കാവുന്നതാണ് (4:92).

അബദ്ധവശാല്‍ ഒരാളുടെ കൈയാല്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു പോയാല്‍ മനഃപൂര്‍വ മല്ലാത്ത നരഹത്യ എന്ന വകുപ്പില്‍ ഭൗതിക നിയമത്തിലും പരിഗണനയുണ്ട്. ഇസ്‌ലാമിക ശരീഅത്ത് ഇങ്ങനെ വധിക്കപ്പെടുന്നയാള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത നല്കുന്നു. ആരുടെ പക്കലാണോ അബദ്ധം പിണഞ്ഞത് അയാളാണ് നഷ്ടപരിഹാരം (ദിയ) നല്‌കേണ്ടത്. 

അല്ലാഹു പറയുന്നു: ''യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധവശാല്‍ കൊന്നുപോയാല്‍ പ്രായശ്ചിത്തമായി ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്കുകയാണു വേണ്ടത്. ആ അവകാശികള്‍ ഉദാരമായി അത് വിട്ടുതന്നെങ്കിലൊഴികെ.

ഇനി, കൊല്ലപ്പെട്ടവന്‍ നിങ്ങളോട് ശത്രുതയുള്ള വിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ്. എങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക മാത്രമാണു വേണ്ടത്. ഇനി, കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ള ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശിക്കു നഷ്ടപരിഹാരം നല്കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. 

വല്ലവനും അതു സാധിച്ചു കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കണം. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ മാര്‍ഗമാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (4:92).
 

Feedback