Skip to main content

അശ്അരിയ്യ സരണി (2)

ഒരു ദിവസം ബസ്വറയിലെ പള്ളിയില്‍ വെച്ച് അബുല്‍ ഹസന്‍ അശ്അരി ഒരു പ്രഖ്യാപനം നടത്തി. ''എന്നെ അറിഞ്ഞിട്ടുള്ളവര്‍ക്ക് ഞാനാരാണെന്നറിയാം, അറിയാത്തവര്‍ക്കായി എന്നെ പരിചയപ്പെടുത്താം. ഞാന്‍ അബുല്‍ഹസന്‍ അലി. ഇസ്മാഈലുല്‍ അശ്അരിയുടെ മകന്‍. പ്രമുഖ സ്വഹാബി അശ്അരിയുടെ പിന്‍മുറക്കാരന്‍. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും, പരലോകത്ത് വെച്ച് വിശ്വാസികള്‍ അല്ലാഹുവിനെ കാണുകയില്ലെന്നും എനിക്ക് വാദമുണ്ടായിരുന്നു. എന്നാല്‍ ഞാനിതാ പശ്ചാത്തപിച്ച് മടങ്ങിക്കഴിഞ്ഞു. ഞാനതില്‍ നിന്ന് പിന്‍മാറുകയും ചെയ്യുന്നു''.

മുഅ്തസിലികളുടെ വിചിത്രവാദങ്ങള്‍ കൈയൊഴിഞ്ഞ്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഋജു പാതയിലൂടെ പഠനവുമായി മുന്നോട്ടുപോയി അഹ്‌ലുസ്സുന്നത്തിന് പുതിയ സരണി കാണിച്ചുകൊടുത്ത മഹാനാണ് അബുല്‍ഹസനില്‍ അശ്അരി. ഇദ്ദേഹമാണ് അല്‍ അശ്അരിയ്യ സരണിയുടെ സ്ഥാപകന്‍.

ചിന്തകളുടെയും പഠനങ്ങളുടെയും വസന്തമായിരുന്നു അബ്ബാസി ഭരണകാലം. അക്കാലത്ത് ക്രി.വ. 873ലാണ് അശ്അരി ജനിക്കുന്നത്. മുഅ്തസിലികള്‍ തിളങ്ങിനില്‍ക്കുന്ന കാലമായിരുന്നു അത്. അബ്ബാസി ഭരണത്തില്‍ അവര്‍ക്കായിരുന്നു മിക്കപ്പോഴും മേധാവിത്വം. മുഅ്തസിലീ ആചാര്യന്‍, അല്‍(ജുബ്ബാഇ)യുടെ ശിഷ്യത്വം സ്വീകരിച്ച അബുല്‍ഹസന്‍ വളര്‍ന്നത് മുഅ്തസിലീ ആശയത്തിന്റെ തണലിലായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് അതിലെ അപകടം ബോധ്യപ്പെട്ടത്. പശ്ചാത്തപിച്ച് മടങ്ങിയ അദ്ദേഹം പുതിയ ചിന്താ സരണിക്ക് ബീജാവാപം നല്‍കുകയായിരുന്നു.

'ഖുര്‍ആന്‍ സൃഷ്ടിയാണ്, തിന്മ ദൈവത്തില്‍ നിന്നല്ല, സത്യവിശ്വാസികള്‍ പരലോകത്തുവെച്ച് അല്ലാഹുവിനെ കാണില്ല' തുടങ്ങിയ മുഅ്തസിലീ വാദങ്ങളെ പ്രാമാണികമായി അദ്ദേഹം ഖണ്ഡിച്ചു. അല്ലാഹുവിന്റെ ഗുണങ്ങള്‍ (സ്വിഫാത്ത്) അവന്റെ സത്ത (ദാത്ത്)യോടൊപ്പം തന്നെയാണ്. വചനം അവന്റെ ഗുണമാണല്ലോ. അപ്പോള്‍ വചനമാകുന്ന ഖുര്‍ആന്‍ അനാദിയാണ്. അതേസമയം ഖുര്‍ആനിന്റെ പദങ്ങളും അക്ഷരങ്ങളും അനാദിയല്ലതാനും. ഇതായിരുന്നു അശ്അരിക്ക് പറയാനുണ്ടായിരുന്നത്.

അല്ലാഹുവിന്റെ ഇച്ഛയില്ലാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. എന്നിരിക്കെ നന്മ അല്ലാഹുവില്‍ നിന്നും തിന്മ മറ്റുള്ളവരില്‍ നിന്നും എന്ന് എങ്ങനെ പറയാനാകും എന്നായിരുന്നു അശ്അരിയുടെ പ്രധാന ചോദ്യം.

അസ്തിത്വമുള്ള എല്ലാം പരലോകത്ത് കാണപ്പെടും. അല്ലാഹുവിനും അസ്ത്വിത്വമുണ്ടല്ലോ. ഖുര്‍ആനും (അല്‍ഖിയാമ, 22, 23) സുന്നത്തും ഉദ്ധരിച്ച് മുഅ്തസിലികളുടെ ദൈവദര്‍ശന നിഷേധ വാദങ്ങളും അദ്ദേഹം ഖണ്ഡിച്ചു.


 

Feedback
  • Saturday Jul 27, 2024
  • Muharram 20 1446