Skip to main content

താബിഉകളുടെ തഫ്‌സീര്‍

സ്വഹാബികളുടെ തൊട്ടടുത്ത തലമുറയാണ് താബിഉകള്‍. അവരില്‍ ഖുര്‍ആന്‍ വ്യാഖ്യാനം ഏറ്റെടുത്തത് സ്വഹാബിമാരുടെ പ്രഗത്ഭരായ ശിഷ്യന്മാരായിരുന്നു. അവരുടെ പ്രധാന അവലംബങ്ങള്‍: ഒന്ന്, ഖുര്‍ആന്‍. രണ്ട്, പ്രവാചക ചര്യ. മൂന്ന്, സ്വഹാബിമാരുടെ ഇജ്തിഹാദ്. നാല്, സ്വന്തം ഇജ്തിഹാദ്.

പ്രവിശാലമായ ഇസ്‌ലാമിക സാമ്രാജ്യത്തില്‍ പ്രധാനമായും മൂന്ന് വിജ്ഞാന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. മക്ക, മദീന, കൂഫ. സ്വഹാബിമാരിലെ പ്രഗത്ഭരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായിരുന്നു ഈ കേന്ദ്രത്തിലെ അധ്യാപകര്‍.

മക്ക

ഇബ്‌നു അബ്ബാസ്(റ) ആയിരുന്നു ഈ പ്രദേശത്തെ ഗുരുവര്യന്‍. സഈദ്ബ്‌നു ജുബൈര്‍ (മരണം ഹി.95), മുജാഹിദ് (മരണം ഹി.104), ഇക്‌രിമ (മരണം ഹി.104), ത്വാഊസ് ബ്‌നു കിസാന്‍ (മരണം ഹി.106), അത്വാഉബ്‌നു അബീ റബാഹ് (മരണം ഹി.114) എന്നിവരായിരുന്നു താബിഉകളിലെ പ്രധാനികള്‍.

മദീന

ഉബയ്യുബ്‌നു കഅ്ബ്(റ) ആയിരുന്നു മദീനയിലെ ഗുരുവര്യന്‍. അബുല്‍ ആലിയ (മരണം ഹി.90), മുഹമ്മദ് ബ്‌നു കഅ്ബ് (മരണം ഹി.118), സൈദുബ്‌നു അസ്‌ലം (മരണം ഹി.136) എന്നിവരായിരുന്നു മദീനയിലെ പ്രമുഖ താബിഈ വ്യാഖ്യാതാക്കള്‍.

കൂഫ

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ആയിരുന്നു കൂഫയിലെ ഗുരു. കൂഫ ഗവര്‍ണര്‍ ഇദ്ദേഹത്തെ അധ്യാപകനും മന്ത്രിയുമായി നിയമിച്ചു. മസ്‌റൂഖ് ബ്‌നു അജ്ദ (മരണം ഹി.63), അസ്‌വദ്ബ്‌നു യസീദ് (മരണം ഹി.74), അല്‍ഖമത്ബ്‌നു ഖൈസ് (മരണം ഹി.61), ആമിറുശ്ശഅബി (മരണം ഹി.109), ഹസനുല്‍ ബസ്വരി(മരണം ഹി.110), ഖത്താദ അസ്സദൂസി (മരണം ഹി.117) എന്നിവരായിരുന്നു പ്രധാന ശിഷ്യര്‍.

താബിഈ കാലഘട്ടത്തിലെ പ്രത്യേകതകള്‍

1) ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍, വിശിഷ്യാ ചരിത്ര സംഭവങ്ങളില്‍ ഇസ്‌റാഈലീ വീക്ഷണങ്ങള്‍ കടന്നു കൂടി. ജൂത ക്രൈസ്തവരുടെ കൂടുതലായുള്ള ഇസ്‌ലാം മതാശ്ലേഷമായിരുന്നു കാരണം.
2) സനദുകളോട് കൂടി റിപ്പോര്‍ട്ട് ചെയ്യുന്ന രീതി അവലംബിച്ചതുകൊണ്ട് തഫ്‌സീര്‍ കൂടുതല്‍ സുരക്ഷിതമായി.
3) വീക്ഷണ വ്യത്യാസങ്ങള്‍ രംഗപ്രവേശം ചെയ്തു.
4) താബിഉകളുടെ വിശദീകരണങ്ങളില്‍ ഭിന്നതകളുടലെടുത്തു. സ്വഹാബികള്‍ക്കിടയില്‍ ഇത് കുറവായിരുന്നു.

Feedback
  • Tuesday Apr 30, 2024
  • Shawwal 21 1445