Skip to main content

തഫ്‌സീര്‍ ക്രോഡീകരണം

താബിഉകളുടെ കാലശേഷം വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഖുര്‍ആന്‍ തഫ്‌സീറുകള്‍ ക്രോഡീകരിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായി. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഈ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പുകളുണ്ടായി. 

1) വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണങ്ങളായി പ്രവാചകനില്‍ നിന്നോ സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ നിവേദനം ചെയ്യപ്പെട്ടവ വിവിധ നാടുകളില്‍ ചിതറിക്കിടന്നിരുന്ന പണ്ഡിതന്മാരില്‍ നിന്ന് ക്രോഡീകരിക്കലായിരുന്നു ഒന്നാമത്തെ കാല്‍വെപ്പ്. ഹദീസ് ക്രോഡീകരണത്തോടൊപ്പമായിരുന്നു ഈ ശ്രമം. ഖുര്‍ആനിലെ ഓരോ അധ്യായവും ക്രമത്തില്‍ വിശദീകരിക്കുന്ന രീതിക്ക് പകരം ഹദീസുകള്‍ക്ക് വിവിധ അധ്യായങ്ങള്‍ നല്കുന്നതില്‍ ഒരധ്യായമായി തഫ്‌സീറും ക്രോഡീകരിക്കുകയാണുണ്ടായത്. ഈ കാലഘട്ടത്തിലെ പ്രമുഖ പണ്ഡിതന്മാര്‍: യസീദുബ്‌നു ഹാറൂന്‍ അസ്സലമി (മരണം ഹി.117), ശുഅ്ബത്തുബ്‌നുല്‍ ഹജ്ജാജ് (മരണം ഹി.160),  വകീഉബ്‌നുല്‍ ജര്‍റാഹ് (മരണം ഹി.197), സുഫ്‌യാനുബ്‌നു ഉയയ്‌ന (മരണം ഹി.198), റൗഹുബ്‌നു ഉബാദത്ത് (മരണം ഹി.205), അബ്ദുറസാഖ് ബ്‌നു ഹുമാം (മരണം ഹി.211), ആദമുബ്‌നു അബീ ഇയാസ് (മരണം ഹി.220), അബ്ദുബ്‌നു ഹുമൈദ് (മരണം ഹി.249), സുഫ്‌യാനുസ്സൗരി (മരണം ഹി:161).

2) രണ്ടാം ഘട്ടത്തില്‍ തഫ്‌സീര്‍ ഹദീസില്‍നിന്നു വേര്‍പെട്ട് സ്വതന്ത്രമായി. ഖുര്‍ആനിലെ ക്രമമനുസരിച്ച് സൂറത്തുകള്‍ക്കും ആയത്തുകള്‍ക്കും വിശദീകരണം നല്കുന്ന രീതി പ്രാബല്യത്തില്‍ വന്നു. ഇബ്‌നു മാജ (മരണം ഹി. 273), ഇബ്‌നു ജരീറുത്വബ്‌രി (മരണം ഹി. 310), അബൂബക്‌റുബ്‌നു മുന്‍ദിര്‍ (മരണം ഹി. 318), ഇബ്‌നു അബീ ഹാതിം (മരണം ഹി. 327), അബൂ ശൈഖ് ഇബ്‌നു ഹിബ്ബാന്‍ (മരണം ഹി. 369), ഹാകിം (മരണം ഹി. 405), അബൂബക്‌റുബ്‌നു മര്‍ദവൈഹി (മരണം ഹി. 410) എന്നിവരായിരുന്നു പ്രധാന മുഫസ്സിറുകള്‍. സനദു(പരമ്പര)കളോട് കൂടിയാണ് ഇവര്‍ തഫ്‌സീറുകള്‍ രചിച്ചത്. യഥാര്‍ഥത്തില്‍ ഈ തഫ്‌സീറുകളെല്ലാം ഹദീസ് ഉദ്ധരിക്കുകയാണ് ചെയ്യുന്നതെങ്കിലും ഇബ്‌നു ജരീര്‍ ത്വബ്‌രി മറ്റ് അഭിപ്രായങ്ങള്‍ കൂടി ഉദ്ധരിക്കുവാനും അവയില്‍ ഉത്തമമേതെന്ന് വ്യക്തമാക്കാനും ശ്രമിച്ചത് കാണാം.

3) മൂന്നാം ഘട്ടത്തില്‍ തഫ്‌സീറുകളില്‍ സനദുകള്‍ (നിവേദക പരമ്പര) ചുരുക്കാനുള്ള ശ്രമം നടന്നു. അതുകൊണ്ടു തന്നെ വ്യാജ വിവരങ്ങളും ദുര്‍ബല റിപ്പോര്‍ട്ടുകളും തഫ്‌സീറുകളില്‍ കടന്നു കടന്നു കൂടുവാന്‍ തുടങ്ങി. ചില ഇസ്‌റാഈലീ കെട്ടുകഥകള്‍ തഫ്‌സീറുകളില്‍ കടന്നു കൂടുകയും ചെയ്തു.

4) നാലാം ഘട്ടം അബ്ബാസിയാ കാലം (ഹി.132-656) മുതല്‍ ആധുനിക കാലം വരെയുള്ള വിശാലമായ കാലഘട്ടമാണ്. തഫ്‌സീറുകളില്‍ ഒട്ടേറെ പുതുമകള്‍ ഈ കാലയളവുകളില്‍ ഉണ്ടായിട്ടുണ്ട്. മുന്‍കാല തഫ്‌സീറുകള്‍ പൂര്‍വിക ഉദ്ധരണികളില്‍ പരിമിതമായിരുന്നു. എന്നാല്‍ പിന്നീട് അവയോടൊപ്പം ബുദ്ധിപരമായ ചിന്തകള്‍ക്കുകൂടി തഫ്‌സീറുകളില്‍ ഇടം നല്‍കിത്തുടങ്ങി. വിവിധ അഭിപ്രായങ്ങളില്‍ ഉത്തമമേതെന്ന് കണ്ടെത്താനുള്ള ബുദ്ധിപരമായ ശ്രമങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പിന്നീടത് ഭാഷ, ശാസ്ത്രം, തത്ത്വ ചിന്ത, വിശ്വാസങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കുകയും തഫ്‌സീറുമായി അകന്ന ബന്ധമുള്ള കാര്യങ്ങള്‍ പോലും തഫ്‌സീറിന്റെ ഭാഗമാവുകയും ചെയ്തു. 

ഈ കാലഘട്ടത്തിലുണ്ടായ വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഫലമായി മുസ്‌ലിം ലോകത്ത് ഒട്ടേറെ മേഖലകളില്‍ സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും വളര്‍ന്നു വന്നു. അവയുടെ ശക്തമായ സ്വാധീനം തഫ്‌സീറുകളിലും നിഴലിച്ചു നിന്നു. വ്യാഖ്യാതാക്കള്‍ ഏതു മേഖലയിലാണോ പ്രാവീണ്യം നേടിയത് അവരുടെ തഫ്‌സീറുകളും ആ വിജ്ഞാന ശാഖയില്‍ നിറഞ്ഞു നിന്നു. ഉദാഹരണമായി വ്യാകരണ പണ്ഡിതന്റെ തഫ്‌സീറില്‍ വ്യാകരണ നിയമങ്ങളും (ബഹ്‌റുല്‍ മുഹീത്വ്-അബൂ ഹയ്യാന്‍) തത്ത്വ ശാസ്ത്രജ്ഞന്മാരുടേതില്‍ ദര്‍ശനങ്ങളും (മഫാതിഹുല്‍ ഗൈബ്-ഇമാം റാസി) കര്‍മശാസ്ത്ര വിശാദരന്‍മാരുടേതില്‍ ഫിഖ്ഹീ മസ്അലകളും (ജസ്സാസിന്റെയും അബൂബക്കറുബ്‌നു അറബിയുടെയും തഫ്‌സീറുകള്‍) ചരിത്രകാരന്മാരുടേതില്‍ നേരും നുണയും കലര്‍ന്ന കഥകളും (സഅ്‌ലബിയുടെയും ഖാസിനിന്റെയും തഫ്‌സീറുകള്‍) സൂഫികളുടേതില്‍ സൂഫീ ചിന്തകളും (ഇബ്‌നു അറബിയുടെ തഫ്‌സീര്‍) പ്രധാനമായും വിവരിച്ചു കാണാം.

ഖുര്‍ആനിലെ ആയത്തുകള്‍ ക്രമത്തില്‍ വിശദീകരിക്കുന്നതിനു പകരം വിഷയബന്ധിതമായി ഖുര്‍ആന്‍ രചനകള്‍ക്ക് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്. ഇബ്‌നുല്‍ ഖയ്യിം ഖുര്‍ആനിലെ തത്ത്വങ്ങളെക്കുറിച്ചും, അബൂ ഉബൈദ അമാനുഷികതയിലും റാഗിബുല്‍ ഇസ്ഫഹാനി പദവിശകലനത്തിലും അബൂ ജഅഫറുന്നഹാസ് നാസിഖ്-മന്‍സൂഖ് വിഷയത്തിലും അബൂഹസനില്‍ വാഹിദി ആയത്തുകളുടെ അവതരണ കാരണങ്ങളെക്കുറിച്ചും മാത്രമായി തഫ്‌സീറുകളെഴുതിയിട്ടുണ്ട്. 


 

Feedback
  • Tuesday Apr 30, 2024
  • Shawwal 21 1445