Skip to main content

മആരിഫുല്‍ ഖുര്‍ആന്‍

1954 ജൂലൈ രണ്ടിനാണ് 'മആരിഫുല്‍ ഖുര്‍ആ'ന്റെ യഥാര്‍ഥത്തിലുള്ള ആരംഭം. ഈ ദിവസമാണ് മുഹമ്മദ് തഖീ ഉസ്മാനിയെ പാകിസ്താന്‍ റേഡിയോയുടെ അധികൃതര്‍ ക്ലാസ് എടുക്കാന്‍ വേണ്ടി ക്ഷണിച്ചത്. തെരഞ്ഞെടുത്ത വചനങ്ങളുടെ അര്‍ഥവും വ്യാഖ്യാനവുമാണ് അദ്ദേഹം റേഡിയോയിലൂടെ അവതരിപ്പിക്കേണ്ടിയിരുന്നത്. രണ്ട് നിബന്ധനകളോടെ അദ്ദേഹം ആ ദൗത്യം ഏറ്റെടുത്തു. ചെയ്യുന്ന ജോലിക്ക് ഒരു പ്രതിഫലവും സ്വീകരിക്കുകയില്ല എന്നും എഡിറ്റിങ് കൂടാതെ തന്റെ ക്ലാസുകള്‍ പ്രക്ഷേപണം ചെയ്യണം എന്നതുമായിരുന്നു ആ നിബന്ധനകള്‍. ഇതുപ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും മആരിഫുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ അദ്ദേഹത്തിന്റെ ക്ലാസുകള്‍ പ്രക്ഷേപണം ചെയ്യാന്‍ ആരംഭിച്ചു.

പത്ത് വര്‍ഷം നീണ്ടുനിന്ന ഈ പ്രോഗ്രാമിന് തികഞ്ഞ സ്വീകാര്യതയാണ് മുസ്‌ലിം-ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ ലഭിച്ചത്. 1964ല്‍ അധികൃതര്‍ അവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളാല്‍ ഈ പരിപാടി നിര്‍ത്തിവെച്ചപ്പോള്‍, കഴിഞ്ഞ പരിപാടികള്‍ ഖുര്‍ആന്‍ തഫ്‌സീറായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞു കൊണ്ടുള്ള അപേക്ഷകളുടെ പ്രവാഹമായിരുന്നു. അങ്ങനെ 1964ല്‍ മുഹമ്മദ് ഉസ്മാനീ തന്റെ ക്ലാസുകള്‍ രചനാരൂപത്തിലാക്കാന്‍ തുടങ്ങി. സൂറത്തുല്‍ ഫാതിഹ മുതല്‍ ആരംഭിച്ച അദ്ദേഹം ഫാതിഹ പൂര്‍ത്തിയാക്കുകയും സൂറ:അല്‍ബഖറ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഒഴിവാക്കാനാവാത്ത തിരക്കുകള്‍ മൂലം  രചന അവസാനിപ്പിക്കേണ്ടി വന്നു.  നീണ്ട അഞ്ചുവര്‍ഷത്തിനു ശേഷം 1969ല്‍ അസുഖ ബാധിതനായി കിടപ്പിലായ സമയത്താണ് വീണ്ടും രചന തുടങ്ങിയത്.  അങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ഏഴായിരം പേജുകള്‍ എട്ട് വാള്യങ്ങളിലായി തന്റെ ഖുര്‍ആന്‍ തഫ്‌സീര്‍ പൂര്‍ത്തിയാക്കി.


ആദ്യത്തെ വാള്യത്തില്‍ തന്നെ ദീര്‍ഘമായ ഒരു ആമുഖം അദ്ദേഹം ചേര്‍ത്തു. ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, പ്രശ്‌നങ്ങള്‍, മക്കീ മദനീ അധ്യായങ്ങള്‍, ഖുര്‍ആന്‍ പ്രിന്റിങ്, തഫ്‌സീറുകള്‍, അറബി ഭാഷ തുടങ്ങി നിരവധി കാര്യങ്ങള്‍ ഒന്നാമത്തെ വാള്യത്തില്‍ വളരെ വിശദമായി അദ്ദേഹം വിസ്തരിക്കുന്നു. ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങാനുള്ള നല്ലൊരു പരിശീലനം തന്നെ ആമുഖ വായനയിലും ലഭിക്കുന്നു.
വളരെ ലളിതമായ ഒരു പരിഭാഷാ രീതിയാണ് മുഹമ്മദ് തഖീ ഉസ്മാനി ഇതിനായി അവലംബിച്ചത്. പ്രധാന വിഷയങ്ങളെക്കുറിച്ചെല്ലാം  കൃത്യമായ ചര്‍ച്ചകള്‍ നടത്തിയാണ് തഫ്‌സീര്‍ ആദ്യാവസാനം മുന്നോട്ട് പോവുന്നത്. ഇതിനായി അദ്ദേഹം അവലംബിച്ച പ്രധാന തഫ്‌സീറുകള്‍ തഫ്‌സീര്‍ അത്ത്വബ്‌രി, ഇബ്‌നുകസീര്‍, ഖുര്‍ത്വുബി, ബഹ്‌റുല്‍ മുഹീത്വ്, റൂഹുല്‍ മആനി എന്നിവയാണ്.

Feedback
  • Friday May 17, 2024
  • Dhu al-Qada 9 1445