Skip to main content

ഖുര്‍ആന്‍ ലളിതസാരം

'ഡയലോഗ് സെന്റര്‍, കേരള' പ്രസിദ്ധീകരിച്ചതും 'ഐ പി എച്ച് ' വിതരണം ചെയ്യുന്നതുമായ വിശുദ്ധ ഖുര്‍ആനിന്റെ വിവര്‍ത്തനമാണ് 'ഖുര്‍ആന്‍ ലളിതസാരം'. മലയാളത്തിലുള്ള മിക്ക ഖുര്‍ആന്‍ ആശയവിവര്‍ത്തനങ്ങളുടെയും ഭാഷ പലപ്പോഴും പുതിയ വായനക്കാര്‍ക്ക് അരോചകമാവാറുണ്ട്. സമൃദ്ധമായ അറബിഭാഷയെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക വളരെ ശ്രമകരമാണ്. അക്ഷരങ്ങള്‍ക്ക് പോലും വിശാലമായ ആശയവും ആത്മീയതയുമുള്ള ദൈവിക ഗ്രന്ഥമാകുമ്പോള്‍ വിവര്‍ത്തനം കൂടുതല്‍ സൂക്ഷ്മത ഉള്ളതാവണം. ഇതുകൊണ്ടാണ് മലയാള ഭാഷാ വിദഗ്ദരായ പണ്ഡിതന്മാര്‍ പോലും ഖുര്‍ആനിന്ന് വിവര്‍ത്തനം തയ്യാറാക്കുമ്പോള്‍ വായനക്കാരന് ബുദ്ധിമുട്ടാകും എന്നറിഞ്ഞിട്ടും ബ്രാക്കറ്റുകളും മലയാളത്തിനു ചേരാത്ത അവ്യയാവര്‍ത്തനങ്ങളും പുനരുക്തികളുമെല്ലാം ഉപയോഗിച്ചിട്ടുള്ളത്.

ഖുര്‍ആനിന്റെ ഭാഷാ ശൈലി അനുവാചകരെ ആകര്‍ഷിക്കുന്നതാണ്. അത്രമാത്രം സാഹിത്യ സമ്പൂര്‍ണവും വശ്യമനോഹരവുമാണ് അതിന്റെ പ്രയോഗങ്ങള്‍. വിവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും ഈ ആകര്‍ഷകതയും മനോഹാരിതയും കൊണ്ടു വരാന്‍ സാധിക്കാറില്ല. എന്നാലും ഖുര്‍ആനിന്റെ വിജ്ഞാനത്തെ ആശിക്കുന്നവര്‍ക്ക് ലളിതമായി അതിന്റെ ആശയം പരമാവധി സത്യസന്ധമായി ലഭിക്കേണ്ടതുണ്ട്. അതിനുള്ള ഒരു പരിശ്രമമായിരുന്നു 'ഖുര്‍ആന്‍ ലളിതസാരം'. ആ ശ്രമത്തില്‍ 'ഖുര്‍ആന്‍ ലളിതസാര'ത്തിന് ഏറെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. 

ജമാഅത്തെ ഇസ്‌ലാമിയുടെ അറിയപ്പെടുന്ന ചിന്തകനും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് വാണിദാസ് എളയാവൂരുമായി സഹകരിച്ചു കൊണ്ടാണ് 'ഖുര്‍ആന്‍ ലളിതസാര'ത്തിന്റെ രചന നിര്‍വഹിച്ചത്. ലളിതവും സുഗ്രാഹ്യവുമാണ് അതിന്റെ ശൈലി. അനുഗൃഹീത എഴുത്തുകാരനും ഇസ്‌ലാമിക വിഷയങ്ങളില്‍ നേരത്തെ തന്നെ തന്റെ ചിന്തയും രചനയും കൊണ്ട് സമ്പന്നനുമാണ് വാണിദാസ് എളയാവൂര്‍. 'ഖുര്‍ആനിന്റെ മുന്നില്‍ വിനയാന്വിതം' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഖുര്‍ആനികാശയങ്ങളില്‍ അദ്ദേഹത്തിനുള്ള മാനസിക പൊരുത്തവും അറിവും വ്യക്തമാക്കുന്നതാണ്.

മലയാളത്തില്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് പൂര്‍ണമായും കാവ്യാവിഷ്‌കാരം നടത്തിയ മുസ്‌ലിംകളല്ലാത്ത രചയിതാക്കളുണ്ടായിട്ടുണ്ട്. (ദിവ്യദീപ്തി-കോന്നിയൂര്‍ രാഘവന്‍ നായര്‍. യുവത ബുക് ഹൗസ്, അമൃതവാണി-കെ ജി രാഘവന്‍ നായര്‍. ഐ പി എച്)  ഇത് മറ്റു സമൂഹങ്ങള്‍ക്ക് ഖുര്‍ആനിക ആശയങ്ങള്‍ മനസ്സിലാക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. 

എന്നാല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ഗദ്യരംഗത്ത് അമുസ്‌ലിംകളുടെ സംഭാവനകളില്ലായിരുന്നു. ആ വിടവാണ് ലളിതസാരത്തിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. കൂടാതെ വാണിദാസ് എളയാവൂര്‍ തന്നെ വ്യക്തമാക്കിയതുപോലെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഖുര്‍ആനിനെയും സംബന്ധിച്ച് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ തിരുത്താനും ഈ രചന സഹായകമാകും എന്നതില്‍ സംശയമില്ല. കേരളീയ സമൂഹത്തില്‍ ഈ രചനക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്

Read More

 

 

Feedback