Skip to main content

വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിശുദ്ധഖുര്‍ആന്‍ വിവര്‍ത്തനമാണ് 'വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ'. പ്രഗത്ഭ പണ്ഡിതരായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും പറപ്പൂര്‍ കുഞ്ഞി മുഹമ്മദ് മദനിയും ചേര്‍ന്നാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. 1990 ല്‍ കിതാബ് മഹല്‍ (കോഴിക്കോട്) എന്ന പ്രസിദ്ധീകരണാലയമാണ് ഇത് ആദ്യമായി പുറത്തിറക്കിയത്. കോഴിക്കോട് ആസ്ഥാനമായ യുവത ബുക് ഹൗസ് 1993 മുതല്‍ ഇത് പ്രസിദ്ധീകരിച്ചു തുടങ്ങി. വളരെ ലളിതവും സുഗ്രാഹ്യവുമായ ഭാഷയിലും ഖുര്‍ആനിനോട് ഭാഷാപരമായും ആശയപരമായും ഏറെ അനുയോജ്യവുമായിരുന്ന ഈ വിവര്‍ത്തനം പൂര്‍വിക പണ്ഡിതരുടെ ഖുര്‍ആന്‍ വ്യാഖ്യാന നിലപാടുകളോടും പരമാവധി നീതി പുലര്‍ത്തുന്നുണ്ട്.

യു.എ.ഇയിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ വിശുദ്ധ ഖുര്‍ആനിന്റെ ഒരു സമ്പൂര്‍ണ ശബ്ദ വിവര്‍ത്തന റിക്കോര്‍ഡിംഗിനെ കുറിച്ച് ചിന്തിക്കുകയും അത് കേരള നദ്‌വതുല്‍ മുജാഹിദീനുമായി കൂടിയാലോചിക്കുകയും ചെയ്തതാണ് ഈ വിവര്‍ത്തനത്തിന്റെ പിറവിക്ക് തുടക്കമായത്. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിനെ അടിസ്ഥാനമാക്കി ഇത്തരമൊരു ശബ്ദവിവര്‍ത്തനം തയ്യാറാക്കാന്‍ കെ എന്‍ എം അവര്‍ക്ക് അനുമതി നല്കുകയും ബഹുമാന്യ പണ്ഡിതന്മാരായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനി എന്നിവരെ ചുമതല ഏല്പിക്കുകയും ചെയ്തു. 1987ല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ട് കാസറ്റുകള്‍ പുറത്തിറങ്ങി. ഇതിന് നാട്ടിലും വിദേശത്തും ഏറെ പ്രചാരവും വന്‍സ്വീകാര്യതയും ലഭിക്കുകയും ഖുര്‍ആനിന്റെ ഓഡിയോ വിവര്‍ത്തന രംഗത്തുണ്ടായ വലിയ വിടവ് നികത്തുകയും ചെയ്തു. 

ഇത് പുസ്തക രൂപത്തില്‍ മുദ്രണം ചെയ്യുന്നത് സാധാരണക്കാരിലേക്ക് ഖുര്‍ആനിക അധ്യാപനങ്ങള്‍ എത്തിക്കുവാന്‍ ഏറെ ഉപയുക്തമാകും എന്ന ചിന്തയില്‍ നിന്നാണ് അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അതിനുവേണ്ടി പ്രസ്തുത പണ്ഡിതര്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ വിവര്‍ത്തനം പൂര്‍ത്തീകരിക്കുകയും ബഹുമാന്യനായ പണ്ഡിതന്‍ കെ പി മുഹമ്മദ് മൗലവി അത് പരിശേധിച്ച് ഉറപ്പുവരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന് കേരളീയ സമൂഹത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അയത്‌ന ലളിതമായ ഭാഷയും ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം വ്യക്തത വരുത്താനുതകുന്ന ചെറിയ വിശദീകരണക്കുറിപ്പുകളും ഖുര്‍ആനിനെ കുറിച്ച വിശദവും ശാസ്ത്രീയവുമായ ആമുഖവും അവസാനത്തില്‍ ഖുര്‍ആനിക വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സമ്പന്നമായ വിഷയവിവര സൂചികയും ഇതിനെ വേറിട്ടതും കനപ്പെട്ടതുമാക്കി. 'സമ്പൂര്‍ണ പരിഭാഷ' പൊതു ജനങ്ങള്‍ക്കെന്നതു പോലെ പണ്ഡിതന്മാര്‍ക്കും സ്വീകാര്യമാക്കി. ഖുര്‍ആനിക വചനങ്ങള്‍ അറബി ലിപിയില്‍ മുസ്ഹഫിലേതു പോലെ വലുതായി നല്കുകയും ഓരോ വചനത്തിനോടും ചേര്‍ന്ന് അതിന്റെ മലയാള പരിഭാഷ ചേര്‍ക്കുകയും ചെയ്ത രൂപം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോടൊപ്പം ആശയം കൂടി ഗ്രഹിക്കാന്‍ സാധാരണക്കാര്‍ക്ക് സൗകര്യമായി. അതോടൊപ്പം ചെറിയ ഏക വാള്യ പുസ്തകമായതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ വാങ്ങാനും കൊണ്ടു നടക്കാനുമെല്ലാം കഴിയുന്നു എന്നതും ജനപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ ധാരാളം പ്രതികള്‍ മലയാളികളായ അമുസ്‌ലിംകളുടെ കൈകളിലെത്താനും ഇവ കാരണമായി.  

ഇതിനിടെ ഇതിന്റെ പ്രസിദ്ധീകരണം സുഊദി മതകാര്യവകുപ്പിനു കീഴിലുള്ള മദീനയിലെ മലിക് ഫഹദ് പ്രിന്റിംഗ് കോംപ്ലക്‌സ് ഏറ്റെടുത്തു. വിശുദ്ധ ഖുര്‍ആന്‍ മുദ്രണം ചെയ്യാനും വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ക്കുമായി മാത്രം സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം  ഇതിനകം  പല തവണകളിലായി കൂടുതല്‍ ആകര്‍ഷകമായ രൂപത്തില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയുടെ ആയിരക്കണക്കിന് കോപ്പികള്‍ പ്രസിദ്ധീകരിക്കുകയും സൗജന്യമായി വിതരണം നടത്തുകയും ചെയ്തു.

Feedback