Skip to main content

ഡോ. സാറ ഇന്റര്‍ഫെയ്ത്ത്

ഇന്റര്‍ ഫെയ്ത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സ്ത്രീ രത്‌നമാണ് പ്രൊഫസര്‍ സാറ സഈദ്. തങ്ങളുടെ മത വ്യക്തിത്വമോ ആഭിമുഖ്യമോ ഒന്നും കളഞ്ഞ് കുളിക്കാതെ തന്നെ സമൂഹം നേരിടുന്ന പൊതു പ്രശ്‌നങ്ങളില്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മത കൂട്ടായ്മകളാണ് ഇന്റര്‍ ഫെയിത്ത് കമ്മ്യൂണിറ്റി. ലോകസമാധാനം, ദാരിദ്ര്യം, സാമൂഹ്യനീതി, സ്ത്രീശാക്തീകരണം, ശിശു ക്ഷേമം, നിരക്ഷരത, ആഗോളതാപനം തുടങ്ങി പ്രാദേശീകവും ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളില്‍ ആവുന്നത് പ്രവര്‍ത്തിക്കുവാന്‍ തോളോട് ചേര്‍ന്ന് നില്‍ക്കുക, യത്‌നിക്കുക എന്നതാണ് മുഖ്യമായും ഇന്റര്‍ ഫെയിത്ത് വര്‍ക്ക് കൊണ്ട് ലക്ഷ്യമിടുന്നത്.

ഒരു മതത്തിലെ തന്നെ അവാന്തര വിഭാഗങ്ങള്‍ക്കിടയിലും പൊതുവില്‍ ലോകത്തെ മുഖ്യധാര മതങ്ങള്‍ക്കിടയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഗവണ്‍മെന്റുകള്‍ തന്നെ മുന്‍കയ്യെടുത്ത് സംഘടിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കുന്നവരെ കലഹിക്കാന്‍ അനുവദിക്കുന്നതിന്ന് പകരം അവരുടെ ക്രിയാത്കമായ കഴിവുകളെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്ന് ഉപയുക്തമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. 
    
ന്യൂയോര്‍ക്കിലെ ഇന്റര്‍ ഫെയ്ത്ത് സെന്ററിന്റെ ഡയരക്ടര്‍ എന്ന നിലയില്‍ പ്രൊഫസര്‍ സാറ സഈദിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.. 1997 ല്‍ സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു ഇടം എന്നനിലയിലാണ് ന്യൂയോര്‍ക്ക് ഇന്റര്‍ ഫെയ്ത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. കേവലം ഒരു മത കൂട്ടായ്മയില്‍ നിന്ന് ഉയര്‍ന്ന് പതിനാറ് വര്‍ഷം പിന്നിടുമ്പോള്‍  ക്രിയാത്മകമായത് ഏറെ ചെയ്യാനായ ചരിതാര്‍ഥ്യത്തിലാണ് സാറ സഈദ് അടക്കമുള്ളവര്‍. 2012 ല്‍ കത്തോലിക്ക് ചാരിറ്റബിള്‍ സൊസൈറ്റിയും മുസ്‌ലിം വുമണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച് ആന്റ് ഡവലപ്‌മെന്റും ചേര്‍ന്ന് നടത്തിയ ഫീഡിങ്ങ് യുവര്‍ നൈബേസ് (Feeding Your Neighbors) എന്ന കാമ്പയിനിലൂടെ അഞ്ചു ലക്ഷം പേര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. ജനുവരി 22 മുതല്‍ 29 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് ഇത് സാധ്യമായത് എന്നത് തന്നെ ഈ കൂട്ടായ്മയുടെ ശക്തിയും മികവുമാണ് സൂചിപിക്കുന്നത്. മുസ്‌ലിം വുമണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച് ആന്റ് ഡവലപ്‌മെന്റിന്റെ മുദ്രാവാക്യം തന്നെ 'working through faith to praise Allah by serving all of creation' എന്നാണ്. 

ഏഷ്യന്‍ പശ്ചാത്തലമുള്ള പ്രൊഫസര്‍ സാറ കൗമാരത്തിലേ രക്ഷിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഇംഗ്ലീഷിനു പുറമെ അറബിയും ഉറുദുവും അനായാസം  കൈകാര്യം ചെയ്യുന്ന അവര്‍  അമേരിക്കയിലെ യാലെ യൂനിവേഴ്‌സിറ്റിയില്‍ (Yale University)  നിന്ന് ബാച്ചിലര്‍ ഡിഗ്രിയും പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്  പി എച്ച് ഡിയും കരസ്ഥമാക്കി. പിന്നീട് ബറൂച്ച(Baruch College) കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സംഘട്ടനങ്ങള്‍ക്കും ചിദ്രതക്കും പകരം വിഭിന്ന വിഭാഗങ്ങളുടെ ശാക്തീകരണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ വണ്‍ ബ്ലൂ എന്ന ആശയം മുന്നോട്ട് വെച്ചത് പ്രൊഫസര്‍ സാറയാണ്. അതിന്റെ അദ്ധ്യക്ഷ പദവിയും കമ്മ്യുണിറ്റി മെമ്പര്‍ സ്ഥാനവും അവര്‍ വഹിച്ചു പോരുന്നു. ഭിന്നിപ്പുകളിലും  സംഘട്ടനങ്ങളിലും പാഴാക്കുന്ന മനുഷ്യന്റെ ഊര്‍ജ്ജം ക്രിയാത്മകമായ നിലയില്‍ സമൂഹത്തിന്റെ പൊതു നന്മയ്ക്ക് ഉപയുക്തമാക്കുന്നതിന്ന് സഹായിക്കുന്ന വര്‍ക്കുഷോപ്പുകളും വ്യവസ്ഥാപിത പരിപാടികളും വണ്‍ ബ്ലൂ നടത്തിവരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഹഫിംഗ്ടന്‍ പോസ്റ്റില്‍ പ്രൊഫസര്‍ സാറയെ ന്യുയോര്‍ക്കിലെ അഞ്ചു സമാധാനത്തിന്റെ ദൂതന്മാരില്‍ ഒരാളായാണ് പരിചയപ്പെടുത്തിയത്. 


 
ഹഫിംഗ്ടന്‍ പോസ്റ്റ്  അടക്കമുള്ള ആനുകാലികങ്ങളില്‍ എഴുതാറുള്ള  പ്രൊഫസര്‍ സാറ ഏതാനും പുസ്തകങ്ങളും ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. Women Friendly Mosques and Community Centers: Working Together to Reclaim Our Heritage, എന്ന  ബുക്‌ലെറ്റും, അമേരിക്കയിലെ മുസ്‌ലിം ആരധാനയലങ്ങളും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ പറ്റിയുമുള്ള Women and the American Mosque എന്ന  സര്‍വ്വേ റിപ്പോര്‍ട്ടും വളരെ ശ്രദ്ദേയമായ ഒന്നാണ്. സാമൂഹ്യനീതിക്കും മനുഷ്യാവകാശത്തിന്നും വേണ്ടി നിലകൊള്ളുന്ന WOMEN IN ISLAM INC യുടെ ബോര്‍ഡ് മെമ്പര്‍,  Muslim Consultative Network  ന്റെ ബോര്‍ഡ് സെക്രട്ടറി, one blue inc യുടെ കമ്മ്യുണിറ്റി പാര്‍ട്ട്ണര്‍  തുടങ്ങി ന്യുയോര്‍ക്കിലും പുറത്തുമായുള്ള അനേകം സംരംഭങ്ങളില്‍  പ്രോഫസര്‍ സാറ ചാലക സാന്നിദ്ധ്യമായി വര്‍ത്തിക്കുന്നു.

Feedback