Skip to main content

തവക്കുല്‍ കര്‍മാന്‍

2011ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ യമന്‍ പത്രപ്രവര്‍ത്തകയാണ് തവക്കുല്‍ അബ്ദുസ്സലാം കര്‍മാന്‍. നൊബേല്‍ പുരസ്‌ക്കാരം നേടുന്ന ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്‌ലിം വനിതയും ആണ് ഈ 'ഉരുക്കുവനിത'. 32-ാം വയസ്സിലായിരുന്നു ഈ ലോക അംഗീകാരം അവരെത്തേടിയെത്തിയത്.

1979 ഫെബ്രുവരി ഏഴിന് യമനിലെ മിഖ്‌ലാഫില്‍ ജനിച്ചു. യമന്‍ പ്രസിഡന്റ് അബ്ദുല്ല സ്വാലിഹിന്റെ മന്ത്രിസഭയില്‍ നിയമന്ത്രിയായിരുന്ന അബ്ദുസ്സലാം ഖാലിദ് കര്‍മാന്‍ പിതാവാണ്.

കൊമേഴ്‌സില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ തവക്കുല്‍ പത്രപ്രവര്‍ത്തനമാണ് തൊഴിലാക്കിയത്. 'അസ്സൗറ' പത്രത്തിലായിരുന്നു ജോലി.

ജനാധിപത്യ അവകാശങ്ങളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ 'ചങ്ങലകളില്ലാത്ത വനിതാ പത്രപ്രവര്‍ത്തകര്‍' (മുനള്ളമത്തുസ്സ്വഹ്ഫിയ്യാതി ബിലാ ഖുയൂദ്) എന്ന് കൂട്ടായ്മ രൂപീകരിച്ച് 2005ലാണ് തവക്കുല്‍ തന്റെ സമരം തുടങ്ങിയത്.

പ്രസിഡന്റ് സ്വാലിഹിനെതിരെ പോരാടാന്‍ 'അല്‍ഇസ്വ്‌ലാഹ്' പാര്‍ട്ടിയിലും അവര്‍ അംഗത്വമെടുത്തു. എസ് എം എസ് സേവനം പുനസ്ഥാപിക്കുക, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയാന്‍ നിയമം നിര്‍മിക്കുക, അഴിമതി ഇല്ലാതാക്കുക തുടങ്ങിയവയ്ക്കുവേണ്ടി വാദിച്ച അവര്‍ 2007 ഓടെ പ്രസിഡന്റ് സ്വാലിഹിനെതിരായ സമരം ശക്തമാക്കി.

2011 ജനുവരിയില്‍ അവര്‍ വിദ്യാര്‍ഥികളെ തെരുവിലിറക്കി. വൈകാതെ, അവര്‍ അറസ്റ്റിലായി. എ ന്നാല്‍ സമരം കൂടുതല്‍ തീക്ഷ്ണമാവുകയായിരുന്നു. 'സ്വാലിഹിനെ ഭരണത്തില്‍ നിന്നിറക്കും വരെ സമരം' എന്ന തവക്കുലിന്റെ ആഹ്വാനം രാഷ്ട്രീയപാര്‍ട്ടികളും പൗരാവകാശ സംഘടനകളും ഏറ്റെടുത്തു.

2011 ഒക്‌ടോബറില്‍തന്നെ അവരെത്തേടി നൊബേല്‍ സമ്മാനമെത്തുകയും ചെയ്തു. ഗാന്ധിജി, നെല്‍സണ്‍മണ്ഡേല, ലൂഥര്‍കിംഗ് എന്നിവരെ മാതൃകയാക്കി നടത്തിയ സമാധാനത്തിലൂന്നിയ വിപ്ലവശ്രമങ്ങള്‍ക്കായിരുന്നു നൊബേല്‍ അക്കാദമിയുടെ അംഗീകാരം.

മുഹമ്മദാണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്.

Feedback