Skip to main content

ഉമ്മുഉമാറ(റ)

തിരുനബിയുടെ ദൂതനായി മുസ്അബ്(റ) യസ്‌രിബിലെത്തി. വീടുകള്‍ കയറിയിറങ്ങി ശാന്തമായി ഇസ്‌ലാമികപാഠങ്ങള്‍ നിവാസികള്‍ക്ക് പറഞ്ഞുകൊടുത്തു. ഉസൈദുബ്‌നുഹുളൈറും സഅ്ദു ബ്‌നുമുആദും ഉള്‍പ്പെടെയുള്ള ഗോത്രമുഖ്യന്മാര്‍വരെ വിശ്വാസം പ്രഖ്യാപിച്ചു. നുസൈബ ബിന്‍ത് കഅ്ബൂം അവരില്‍ ഒരാളായി.

രണ്ടാം അഖബ ഉടമ്പടിക്ക് വേദിയൊരുക്കി തീര്‍ഥാടനത്തിനെത്തിയ യസ്‌രിബ് വാസികളിലെ 75 പേര്‍ അര്‍ധരാത്രിയില്‍, ഖുറൈശികളുടെ കണ്ണുവെട്ടിച്ച് അഖബയിലെ നീര്‍ച്ചാലിനടുത്തെത്തി. തിരുനബിയെ നേരില്‍ കാണാനുള്ള ആത്മദാഹം അവരുടെ മുഖത്ത് സ്ഫുരിച്ചു നിന്നു. അതില്‍ രണ്ട് അംഗനമാരുണ്ടായിരുന്നു. അതിലൊരാള്‍ നുസൈബ ബിന്‍ത് കഅ്ബാണ്. ചരിത്രത്തില്‍ ഖ്യാതി നേടിയ ഉമ്മുഉമാറ(റ)യെന്ന വീരാംഗന!

ഉടമ്പടി അവസാനിച്ചു. പുരുഷന്മാരെല്ലാം തിരുദൂതരുടെ കൈപിടിച്ച് സംരക്ഷണ പ്രതിജ്ഞയെടുത്തു. പിരിയാന്‍ നേരം, ഗസിയ്യത്തുബ്‌നു അംറ് തിരുനബിയെ ഉണര്‍ത്തി ''എന്റെ ഭാര്യ ഉമ്മുഉമാറയും മറ്റൊരു വനിതയും കൂടെയുണ്ട്. അവര്‍ പ്രതിജ്ഞ ചെയ്തിട്ടില്ല.''

''നിങ്ങളോട് ഞാന്‍ എന്തു പ്രതിജ്ഞ ചെയ്തുവോ അത് അവരോടും ചെയ്തിരിക്കുന്നു. സ്ത്രീകള്‍ക്ക് ഞാന്‍ ഹസ്തദാനം ചെയ്യാറില്ല.'' ദൂതര്‍ മറുപടി പറഞ്ഞു.

വീര വനിത

ഖസ്‌റജ് ഗോത്രത്തിലെ ബനൂനജ്ജാറില്‍ കഅ്ബിന്റെ പുത്രിയായി ജനിച്ച നുസൈബയെ ഗന്നിയത്തുബ്‌നു അംറാണ് വിവാഹം ചെയ്തത്. സൈദുബ്‌നു ആസ്വിം എന്നയാളും അവരെ വിവാഹം ചെയ്തിരുന്നു. തിരുനബിയുടെ ദൂതനായി ചെല്ലുകയും കള്ളപ്രവാചകന്‍ മുസൈലിമ യാല്‍ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത ഹബീസുബ്‌നു ആസ്വിം(റ), അതേ മുസൈലിമയെ വധിക്കുന്നതില്‍ പങ്കാളിയായ അബ്ദുല്ല എന്നിവരും ഉമ്മുഉമാറ(റ)യുടെ മക്കളാണ്. ഹിജ്‌റ 13ല്‍ ഉമറി(റ)ന്റെ ഖിലാഫത്തിന്റെ തുടക്കത്തിലാണ് ഇവരുടെ വേര്‍പാട്.

നബി(സ്വ)യുടെ സംരക്ഷണ ബാധ്യതയേറ്റെടുത്തുകൊണ്ടുള്ള അഖബാ ഉടമ്പടി അവര്‍ അക്ഷരാര്‍ഥത്തില്‍ പാലിച്ചു. ഉഹ്ദ്, ഖൈബര്‍, ഹുനൈന്‍ യുദ്ധങ്ങളിലും ഹുദൈബിയ സന്ധി, മക്കാവിജയം, നബിയുടെ ഉംറ എന്നീ ചരിത്ര സന്ധികളിലും നബി(സ്വ)യോടൊപ്പം അവരുണ്ടായി രുന്നു. സിദ്ദീഖി(റ)ന്റെ കാലത്ത് കള്ളപ്രവാചകനെതിരെ നടന്ന യമാമ യുദ്ധത്തിലും ഉമ്മുഉമാറ വീരചരിതം രചിച്ചു.

ബദ്‌റില്‍ പങ്കെടുക്കാന്‍ ഉമ്മുഉമാറക്ക് സാധിക്കാത്തതില്‍ വിഷമം അനുഭവിക്കുന്നതിനിടെയാണ് ഉഹ്ദ് യുദ്ധം മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഭര്‍ത്താവ് ഗാസിയ്യക്കും മകന്‍ അബ്ദുല്ലക്കുമൊപ്പമാണ് ഉമ്മുഉമാറയും പുറപ്പെട്ടത്. തിരുപത്‌നി ആഇശ(റ), ഉമ്മുസുലൈം(റ), അസ്മാഅ്(റ) എന്നിവര്‍ക്കൊപ്പമായിരുന്നു അവര്‍.

യുദ്ധം മുസ്‌ലിംകളുടെ പിടിയില്‍ നിന്ന് വിട്ട സമയത്ത് വാളും പരിചയുമെടുത്ത് ഉമ്മുഉമാറ കളത്തിലുമിറങ്ങി. അവരെപ്പറ്റി നബി(സ്വ) പറഞ്ഞിരിക്കുന്നു. ''ഞാന്‍ നോക്കുന്നിടത്തെല്ലാം ഉമ്മുഉമാറ എന്നെ രക്ഷിക്കാനായി നിറഞ്ഞുനില്‍ക്കുന്നു. പരിചയില്ലാത്ത അവര്‍ക്ക് അത് നല്‍കാന്‍ ഒരാളോട് ഞാന്‍ പറയുകയുമുണ്ടായി''.

ഈ യുദ്ധത്തില്‍ അവര്‍ക്ക് ചുമലിലും കാലിലും ആഴത്തിലുള്ള മുറിവേറ്റു.

കള്ളവാദിയെ നേരിടാന്‍ മകന്‍ അബ്ദുല്ല(റ)യോടൊപ്പം അവര്‍ യമനിലേക്ക് പുറപ്പെട്ടു. അവരുടെ മറ്റൊരു പുത്രന്‍ ഹബീബി(റ)നെ മുസൈലിമ ഓരോ അംഗങ്ങളും മുറിച്ചെടുത്ത ശേഷം വധിച്ചു.

യുദ്ധം കൊടുമ്പിരികൊള്ളവെ ഉമ്മുഉമാറ മുസൈലിമയെ തെരഞ്ഞുനടന്നു. അബ്ദുല്ലയും ഒപ്പം കൂടി. ഒടുവില്‍ അവര്‍ അയാളെ കണ്ടെത്തി. അപ്പോഴേക്കും വഹ്ശിയുടെ ചാട്ടൂളിയേറില്‍ മുസൈലിമ വീണു. പിന്നാലെ അബ്ദുല്ലയുടെ വാള്‍ പ്രഹരമേറ്റു. തിരുനബിയെ ഏറെ ബുദ്ധിമുട്ടിക്കുകയും മകനെ കൊല്ലുകയും ചെയ്ത മുസൈലിമയുടെ അന്ത്യം അവര്‍ നേരില്‍ കണ്ടു.

ഉമ്മുഉമാറ കുടുംബത്തെ സ്വര്‍ഗത്തില്‍ എന്നോടൊപ്പം ചേര്‍ക്കണേയെന്ന് നബി(സ്വ) ഒരിക്കല്‍ പ്രാര്‍ഥിച്ചിരുന്നു.

Feedback