Skip to main content

ആഇശ ബിന്‍ത് അബീബക്ര്‍

നമസ്‌കാരം കഴിഞ്ഞ് തിരുനബി(സ്വ) വീട്ടിലെത്തി. പനിയും ശക്തമായ തലവേദനയും ദൂതരെ ഏറെ അസ്വസ്ഥനാക്കി. അതിനിടയിലും നബി(സ്വ) ചോദിച്ചു: ''നാളെ ഞാന്‍ ആരുടെ വീട്ടിലാണ് കഴിയേണ്ടത്?'' ''സൈനബിന്റെ വീട്ടില്‍.''-മൈമൂന പറഞ്ഞു. ''അതു കഴിഞ്ഞാല്‍ പിന്നെ യെവിടെയാണ.്''- ദൂതര്‍ വീണ്ടും ചോദിച്ചു. ''സഫിയയുടെ വീട്ടില്‍.''- ഉത്തരംവന്നു. തിരുനബി (സ്വ) കൊതിക്കുന്ന മറുപടിയല്ല അതൊന്നും എന്ന് മൈമൂനക്ക് മനസ്സിലായി.

ഉടനെ അവര്‍ മറ്റുഭാര്യമാരെ പോയി കണ്ടു. തീരുമാനമെടുത്ത് ഒരുമിച്ച് അവര്‍ ഭര്‍ത്താവിനെ മുന്നിലെത്തി. ''ദൂതരേ, ആഇശയോടൊപ്പം കഴിയാന്‍ ഞങ്ങള്‍ താങ്കള്‍ക്ക് അനുവാദം തരുന്നു.''  അവരുടെ മറുപടി കടുത്ത അസ്വസ്ഥതക്കിടയിലും തിരുമുഖത്തെ പ്രസന്നമാക്കി.

അലി(റ)യുടെ കൈപിടിച്ച് ആഇശയുടെ മുറിയിലെത്തിയ ദൂതര്‍ പ്രിയപത്‌നിയുടെ മടിയില്‍ തലവച്ച് അല്പനേരം മയങ്ങി. അതിനിടെ, ആഇശയുടെ സഹോദരന്‍ അബ്ദുറഹിമാന്‍ മുറിയില്‍വന്നു. ഒരു മിസ്‌വാക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൈയില്‍. തിരുനബി അതിലേക്ക് നോക്കി. ഉടനെ ആഇശ സഹോദരനില്‍ നിന്ന് അത് വാങ്ങി കടിച്ച് അതിന്റെ അഗ്രം ഒന്നുകൂടി മൃദുലമാക്കി എന്നിട്ട് ദൂതരുടെ പല്ല് വൃത്തിയാക്കിക്കൊടുത്തു. ആഇശയെ നോക്കി അവിടുന്ന് പുഞ്ചിരിച്ചു.

പൊടുന്നനെ, ദൂതര്‍ ബോധരഹിതനായി.പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ നീങ്ങവെ അവിടുന്ന് കണ്ണു തുറന്നു. ആ ചുണ്ടുകള്‍ അനങ്ങുന്നത് ആഇശ കണ്ടു. ''അല്ലാഹുവേ ഞാനിതാ നിന്നിലേക്ക്..'' മടിയിലെ തല അനങ്ങുന്നത് ആഇശയറിഞ്ഞു. ആ കണ്ണുകള്‍ മെല്ലെയടയുകയും ചെയ്തു. തല വിരിപ്പിലേക്ക് ഇറക്കിവെക്കുമ്പോള്‍ ആഇശയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ത്തുടങ്ങിയിരുന്നു. അന്ന് ആഇശയുടെ പ്രായം 20 വയസ്സ്.

ഒമ്പതാം വയസ്സില്‍ വിശ്വാസികളുടെ മാതാവെന്ന ഉന്നത പദവിയിലെത്തിയ സിദ്ദീഖി(റ)ന്റെ പ്രിയ മകള്‍ തിരുനബിയുടെ മണവാട്ടിയായെത്തിയഏക കന്യകയാണ്. കാലാവസാനം വരെയുള്ളവിശ്വാസികള്‍ക്ക് മാതൃകയും വിസ്മയവുമായ ആ ജീവിതം സംഭവബഹുല മായിരുന്നു. സ്ത്രീസംബന്ധമായ ഇസ്‌ലാമികകാര്യങ്ങള്‍ ആഇശയിലൂടെ യാണ് പുറംലോകത്തിന് പഠിക്കാനായത്. ''നിങ്ങളുടെ മതത്തിന്റെ പകുതി ഇവരില്‍ നിന്ന് നിങ്ങള്‍ പഠിക്കുക''- ഒരിക്കല്‍ ആഇശയെ ചൂണ്ടി ദൂതര്‍ പറഞ്ഞു. ഇതു മാത്രം മതി മഹതിയുടെ ഇസ്‌ലാമിലെ സ്ഥാനം മനസ്സിലാവാന്‍.

കന്യകയെന്ന നിലയിലും സിദ്ദീഖിന്റെ മകളെന്ന നിലയിലും തിരുനബി കൂടുതല്‍ സ്‌നേഹിച്ചത് ആഇശയെയായിരുന്നു. നര്‍മം പറഞ്ഞും ചൊടിപ്പിച്ചും സല്ലപിച്ചും കളിച്ചും അവിടൂന്ന് ഹൃദ്യമായി പെരുമാറി. ഭാര്യമാരില്‍ ആഇശയോടൊപ്പം കഴിയുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ ഇറങ്ങിയിട്ടുള്ളു. രോഗമുണ്ടാവുമ്പോള്‍ അവരുടെ വീട്ടിലെത്തും. ഒടുവില്‍ മരിച്ചതുംആ മടിയില്‍ തലവെച്ചു തന്നെ.

ആഇശ ഒരിക്കല്‍ ചോദിച്ചു: ''നബിയേ, താങ്കള്‍ക്ക് എന്നോടുള്ള ഇഷ്ടം എങ്ങനെയാണ്''. ''മുറുക്കിപ്പിരിച്ച കയറു പോലെയാണ് ആഇശാ''-നബി(സ്വ) പറഞ്ഞു. പിന്നീടൊരു ദിവസം, സമ്മാനമായി കിട്ടിയ ഒരുപിടി കാരക്കയുമായി ദൂതര്‍ വീട്ടിലെത്തി. അടുപ്പെരിഞ്ഞിട്ട് രണ്ടു ദിവസമായി. വിശന്നിരിക്കുന്ന പ്രിയതമക്ക് സന്തോഷമാവുമെന്ന് കരുതി കാരക്ക പാത്രത്തിലാക്കി ദൂതര്‍ അത് അവര്‍ക്ക് നേരെ നീട്ടി. എന്തോ ദേഷ്യത്തില്‍ ആഇശ അത് തട്ടി. താഴെ വീണ്ചിതറിയ കാരക്ക ദൂതര്‍ തന്നെ ക്ഷമയോടെ പെറുക്കിയെടുത്തു.

തന്റെ അവിവേകം തിരിച്ചറിഞ്ഞ ആഇശ സങ്കടപ്പെട്ടു. പുഞ്ചിരിച്ചു കൊണ്ട് ദൂതര്‍ അവരെ സമാധാനിപ്പിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ ആഇശ ചോദിച്ചു: ''നബിയേ, കയറിപ്പോള്‍ എങ്ങനെയുണ്ട്?'' ''മുറുകിത്തന്നെയിരിക്കുന്നു.'' ദൂതര്‍ പറഞ്ഞു. അവരിരുവരും ചിരിച്ചു. ഈ ചോദ്യവും മറുപടിയും ഇടക്കിടെ ആവര്‍ത്തിക്കാറുണ്ട് അവര്‍ക്കിടയില്‍.

ആഇശയുടെ സ്വഭാവം സൂക്ഷ്മമായി പഠിച്ചിരുന്നു തിരുനബി(സ്വ). കൗമാരം വിട്ടിട്ടില്ലാത്ത അവര്‍ക്ക് ഒന്നും മറച്ചുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. ''ആഇശ, നിന്റെ വിദ്വേഷവും സന്തോഷവും അപ്പപ്പോള്‍ ഞാനറിയും''-നബി(സ്വ) പറഞ്ഞു. ആഇശ ചോദിച്ചു; ''എങ്ങനെ പ്രിയപ്പെട്ടവരെ?'' ''നീ സന്തോഷവതിയാണെങ്കില്‍ സത്യം ചെയ്യുമ്പോള്‍ 'മുഹമ്മദിന്റെ നാഥനാണേ സത്യം' എന്നാണ് പറയുക. മറിച്ചാണെങ്കില്‍ 'ഇബ്‌റാഹീമിന്റെ നാഥനാണേ' എന്നുമായിരിക്കും''.

ഒരിക്കല്‍, പതിവിലും വൈകി ദൂതര്‍ ആഇശയുടെ മുറിയിലെത്തി. ''ഇതുവരെ എവിടെയാ യിരുന്നു?'' ആഇശയുടെ ചോദ്യം. ''ഉമ്മുസലമയുടെ വീട്ടില്‍, പ്രിയപ്പെട്ടവളേ'' നബി പറഞ്ഞു. ''അവരുടെ ഊഴം കഴിഞ്ഞതല്ലേ''-ആഇശ വിട്ടില്ല. ദൂതര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു. കൗമാരാവേശത്തോടെ ആഇശ തുടര്‍ന്നു: ''ദൈവദൂതരേ, താങ്കള്‍ ഒരു താഴ്‌വരയിലെ രണ്ട് കുന്നുകള്‍ക്കിടയിലാണെന്ന് വിചാരിക്കുക. ഒരു കുന്ന് കാലികള്‍ മേഞ്ഞിട്ടില്ലാത്തതും മറ്റേത് അവമേഞ്ഞതുമാണ്. എങ്കില്‍ ഏത് പച്ചപ്പിലേക്കാണ് താങ്കള്‍ കാലികളെ തിരിക്കുക?'' ''മേഞ്ഞിട്ടില്ലാത്ത പച്ചപ്പിലേക്ക്''-ദൂതര്‍ സംശയിച്ചില്ല. ''എങ്കില്‍, ഞാന്‍ മറ്റു ഭാര്യമാരെപ്പോലെയല്ല. താങ്കളുടെ ജീവിതത്തിലേക്ക് വരും മുമ്പ് അവര്‍ക്കെല്ലാം ഭര്‍ത്താക്കന്‍മാരുണ്ടായിരുന്നു.'' പ്രിയസഖിയുടെ വിവരണം ആസ്വദിച്ചു കൊണ്ട് ദൂതര്‍ വീണ്ടും പുഞ്ചിരിതൂകി.

എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം ദൂതര്‍ ആഇശക്ക് വകവച്ചുകൊടുത്തിരുന്നു. ഒരിക്കല്‍ പോലും അവരോട് ദേഷ്യപ്പെട്ടില്ല. ദേഷ്യപ്പെടുന്നവരെ വിലക്കുകയും ചെയ്തു. 

'താങ്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആരെയാണ്' എന്ന ചോദ്യം പലരില്‍ നിന്നുമായി കേട്ടിട്ടുണ്ട് ദൂതര്‍. അപ്പോഴെല്ലാം പല പേരുകള്‍ മറുപടിയായി വന്നിട്ടുമുണ്ട്. എന്നാല്‍ ആ പട്ടികയിലെ ഒരേയൊരു ഭാര്യാനാമം ആഇശയുടേതു മാത്രമാണ്. നബി(സ്വ)യുടെ മക്കളെ പ്രസവിക്കുകയും അവിടുത്തെ ഏറെ സ്വാധീനിക്കുകയുംസംരക്ഷിക്കുകയും ചെയ്ത ആദ്യഭാര്യ ഖദിജയുണ്ടായിട്ടു പോലും. അതായിരുന്നു ആഇശ ബിന്‍ത് അബീബക്ര്‍(റ).

ആഇശയുടെ ജീവിതത്തിലെ വേദനാജനകമായ സംഭവങ്ങളിലൊന്നാണ് തനിക്കെതിരെയുണ്ടായ ദുരാരോപണം. തിരുദൂതരും ഇക്കാര്യത്തില്‍ അസഹ്യമായ ഹൃദയവ്യഥയനുഭവിച്ചു. കപടനായ അബ്ദുല്ലാഹിബ്‌നുഉബയ്യും കൂട്ടരും നാടുനീളെ ആഇശയെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി. എന്നാല്‍ അല്പകാലം ഭാര്യയില്‍ നിന്ന് അകന്നു നില്ക്കുകയല്ലാതെ, ആഇശയെ ഒറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്തതേയില്ല. ഒടുവില്‍ പതിവ്രതകളുടെ മാതൃകയായി എടുത്തു കാണിച്ചു കൊണ്ട് ഖുര്‍ആനില്‍, ആഇശയെ കുറ്റവിമുക്തയാക്കിയും അപവാദം പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയും വിശ്വാസികളെ ഗുണദോഷിച്ചുകൊണ്ടുമൊക്കെയായി ഒമ്പത് സൂക്തങ്ങളാണ് അല്ലാഹു ഇറക്കിയത്. സൂറത്തു ന്നൂറിലെ പതിനൊന്ന് മുതല്‍ പത്തൊമ്പത് വരെയുള്ള ആയത്തുകളാണവ.

ഖലീഫ ഉസ്മാന്റെ(റ) വധത്തിനു ശേഷം ഉരുത്തിരിഞ്ഞ സങ്കീര്‍ണതകള്‍ നിറഞ്ഞ സാഹചര്യത്തില്‍ പിന്നീട് ഖലീഫയായ അലി(റ)യും ആഇശ(റ)യും തമ്മിലുണ്ടായ ജമല്‍ യുദ്ധം ചരിത്രത്തിലെ വേദനയാണ്. അവസ്ഥ തിരിച്ചറിഞ്ഞ ആഇശ(റ) രംഗം വിടുക യും പശ്ചാത്തപിക്കുകയും ചെയ്തു. ഉമ്മുല്‍ മുഅ്മിനീന്‍ പദവിയുടെ പവിത്രത പാലിച്ചുകൊണ്ട് ഒട്ടക കൂടാരത്തിലിരുന്നാണ് യുദ്ധത്തിന് നേതൃത്വം നല്കിയിരുന്നത്. ജമല്‍ യുദ്ധം എന്ന പേര് വീണതും അതുകൊണ്ട് തന്നെയാണ്. ജമല്‍ എന്നാല്‍ ഒട്ടകമാണ്.

ആഇശ(റ) തികഞ്ഞ പണ്ഡിതയായിരുന്നു. ഒമ്പതു കൊല്ലവും അഞ്ചു മാസവും മാത്രമേ അവര്‍ നബി(സ്വ)യോടൊപ്പം കഴിഞ്ഞിട്ടുള്ളു. അതും യൗവനാരംഭംവരെ. എന്നാല്‍ അനേകം ഹദീസുകള്‍ അവര്‍ നിവേദനം ചെയ്തു. രണ്ടായിരത്തി ഒരുനൂറിലധികം സ്വഹീഹായ ഹദീസുകള്‍ അവരുടേതായി വന്നിട്ടുണ്ട്. മുതിര്‍ന്ന സ്വഹാബി അബൂമൂസല്‍ അശ്അരി(റ) പോലും സംശയങ്ങള്‍ ചോദിച്ചിരുന്നത് ആഇശ(റ)യോടായിരുന്നു.

പ്രസംഗം, കവിത, കര്‍മശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലുംഅവര്‍ വ്യുല്‍പത്തി നേടി. നാലു ഖലീഫമാരുടേതിനെക്കാളും ആകര്‍ഷകമായിരുന്നു അവരുടെ പ്രസംഗമെന്ന് അഹ്‌നഫ് പറയുന്നുണ്ട്. ഏറെ ദാനശീലമുള്ള ആളുമായിരുന്നു അവര്‍.

നബിയുടെ ആത്മമിത്രം അബൂബക്‌റി(റ)ന്റെയും ഉമ്മുറൂമാന്റെയും മകളായി ക്രിസ്തുവര്‍ഷം 612 ലാണ് ആഇശയുടെ ജനനം. മക്കളില്ല. സഹോദരി അസ്മാഇന്റെ മകന്‍ അബ്ദുല്ല, സഹോദരന്‍ അബ്ദുറഹ്മാന്റെ മകന്‍ ഖാസിം എന്നിവരെ വളര്‍ത്തി, ഉമ്മു അബ്ദില്ല എന്ന പേരിലും അറിയപ്പെട്ടു.

തിരുനബിക്ക്(സ്വ) ശേഷവും നാലരപ്പതിറ്റാണ്ടിലേറെക്കാലം ജിവിച്ച അവര്‍ ക്രിസ്തുവര്‍ഷം 678 (ഹിജ്‌റ57)ല്‍ വിടവാങ്ങി. മറവുചെയ്യപ്പെട്ടത് ബഖീഇല്‍.

Feedback