Skip to main content
vb

സമീറാ ഫാസിലി

അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് കീഴില്‍ നാഷനല്‍ എക്കണോമിക് കൗണ്‍സിലിന്‍റെ ഡെപ്യൂട്ടി ഡയറക്ടറാണ് അഭിഭാഷകയും കമ്യൂണിറ്റി ഡവലപ്മെന്‍റ് ഫിനാന്‍സ് വിദഗ്ധയുമായ സമീറ ഫാസിലി.

ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്ലാന്‍റയുടെ ഡയറക്ടര്‍ ആയിരുന്ന സമീറ ഫാസിലി യു.എസ് പ്രസിഡന്‍റായിരുന്ന ഒബാമയുടെ ഭരണകാലത്ത് വൈറ്റ് ഹൗസിന്‍റെ ദേശീയ സാമ്പത്തിക കൗണ്‍സിലില്‍ നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.എസ് ധനമന്ത്രാലയത്തിന്‍റെ ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റിലും അവര്‍ ഇതേ പദവി വഹിച്ചിരുന്നു.

യേല്‍ ലോ സ്കൂളിന്‍റെ കമ്യൂണിറ്റി ആന്‍റ് എക്കണോമിക് ഡെവലപ്മെന്‍റ് ക്ലിനിക്കിലെ ക്ലിനിക്കല്‍ ലക്ച്ചറര്‍ ആയിരുന്നു ഫാസിലി. രാജ്യത്തെ ആദ്യത്തെ സി.ഡി.എഫ്.ഐ ബാങ്കായ ഷോര്‍ബാങ്കിലും അവര്‍ സേവനം ചെയ്തു.

കശ്മീരില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ: മുഹമ്മദ് യൂസുഫ് ഫാസിലിയുടെയും റാഫിക ഫാസിലിയുടെയും മകളാണ് സമീറ ഫാസിലി. 1996 ല്‍ നിക്കോള്‍സ് സ്കൂളില്‍ പഠനം. തുടര്‍ന്ന് ഹാര്‍വാഡ് കോളേജില്‍ നിന്ന് സോഷ്യല്‍ സ്റ്റഡീസിലും യേല്‍ ലോ സ്കൂളില്‍ നിന്ന് നിയമബിരുദവും   നേടി. കറാമയിലെ മുസ്ലിം വുമണ്‍ ലോയേസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സിലും ലോകാരോഗ്യ സംഘടനയിലും ഐക്യരാഷ്ട്ര അഭയാര്‍ഥികള്‍ക്കുള്ള ഹൈക്കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കശ്മീരിലെ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ സംഘടനയായ 'സ്റ്റാന്‍റ് വിത്ത് കശ്മീരി' നെ പിന്തുണയ്ക്കുകയും ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ചുള്ള 2019 ലെ യു എസ് കോണ്‍ഗ്രസ്സ് ഹിയറിംഗില്‍ സഹോദരിയും മനുഷ്യാവകാശ അഭിഭാഷകയുമായ യുസ്ര ഫാസിലിയും പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

വിവാഹിത. മൂന്നു കുട്ടികള്‍. ജോര്‍ജിയയിലെ അറ്റ്ലാന്‍റയിലാണ് താമസം. 
 

Feedback
  • Thursday Sep 18, 2025
  • Rabia al-Awwal 25 1447