Skip to main content

ബേനസീര്‍ ഭൂട്ടോ

പാകിസ്താന്റെ ഉരുക്കുവനിതയെന്നോ ഉപഗ്രഹവനിതയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു ബേനസീര്‍ ഭൂട്ടോ. അധികാരത്തില്‍ കയറിയും ഇറങ്ങിയും നാടുവിട്ടും തിരിച്ചുവന്നും വീണ്ടും അധികാരം നേടിയും അവര്‍ പാകിസ്താന്റെ രാഷ്ട്രീയ ചലനങ്ങളില്‍ നിറഞ്ഞു നിന്നു. 

അഴിമതിക്കേസുകളും ആരോപണ പ്രത്യാരോപണങ്ങളും ജീവിതത്തില്‍ നിരന്തരം അനുഭവിക്കേണ്ടി വന്നു. എന്നാല്‍ അതിനെയെല്ലാം മിറകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരുടെ അപാരമായ നേതൃപാടവമായിരുന്നു അതിനുള്ള കാരണം. അവരുടെ നേതൃപാടവത്തിനുള്ള മികച്ച ഉദാഹരണമാണ് തന്റെ പഠനകാലത്ത് 1976ല്‍ ഓക്‌സഫഡ് യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതൊരു ചരിത്ര സംഭവം തന്നെയായിരുന്നു. ആ സ്ഥാനം വഹിക്കുന്ന ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യവ്യക്തി  ബേനസീര്‍ ആയിരുന്നു.

1953 ജൂണ്‍ 21ന് കറാച്ചിയിലെ പിന്റെ ആശുപത്രിയില്‍ സിന്ധ് രജപുത് ഫാമിലിയില്‍പെട്ട സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെയും കുര്‍ദ് പാരമ്പര്യമുള്ള ബീഗം നുസ്രത്ത് ഇസ്ഫഹാനിയുടെയും മകളായിട്ടാണ് ബേനസീര്‍ ജനിക്കുന്നത്. ഇംഗ്ലീഷും ഉര്‍ദുവും ഒരുപോലെ സംസാരിച്ചിരുന്ന ബേനസീറിന്റെ ഒന്നാം ഭാഷ ഇംഗ്ലീഷ് ആയിരുന്നു. കറാച്ചിയില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് അമേരിക്കയായിരുന്നു. 

1969 മുതല്‍ 73 വരെ ഹാര്‍വാര്‍ഡിലും 73 മുതല്‍ 77 വരെ ഓക്‌സ്ഫഡിലും വിദ്യാര്‍ഥിയായിരുന്ന ബേനസീര്‍ ഭൂട്ടോ കംപാരിററീവ് ഗവണ്‍മെന്റ്, ഇന്റര്‍നാഷണല്‍ ലോ, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങള്‍ അവിടെ നിന്ന് കരസ്ഥമാക്കി. തന്റെ ജീവിതത്തിലെ ഏററവും സന്തോഷകരമായ നാളുകളായിരുന്നു അതെന്ന് അവര്‍ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ അവര്‍ സജീവമായി രാഷ്ട്രീയത്തിലിറങ്ങി. 

1987ല്‍ ആസിഫലി സര്‍ദാരിയുമായി അവരുടെ വിവാഹം നടന്നു. 1988ല്‍ ആദ്യത്തെ പ്രാവശ്യം പ്രധാനമന്ത്രിയുടെ പരമോന്നത പദത്തിലേക്ക് അവര്‍ ചുവടുവച്ചു കയറി. 1988 ഡിസംബര്‍ രണ്ടിന് പാകിസ്താന്റെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറെറടുക്കുമ്പോള്‍ അവര്‍ക്കു വെറും 35 വയസ്സു മാത്രമായിരുന്നു പ്രായം. പാകിസ്താനെ നേരെയാക്കിയെടുക്കാന്‍ അവര്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളും വിമര്‍ശിക്കപ്പെട്ടു. 

ആധുനികവത്കരണത്തിനെതിരെ നാനാഭാഗത്തു നിന്നും ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്കെതിരെ അവര്‍ ശക്തമായി മുന്നോട്ടു പോയി. ആണവ മേഖലയില്‍ പാകിസ്താന്‍ ആററമിക് എനര്‍ജി കമ്മിഷന്‍ (പി എ ഇ സി) സ്ഥാപിച്ച അവര്‍ ഉപഗ്രഹ നേട്ടങ്ങള്‍ക്കായി ഇന്റഗ്രേററഡ് റിസര്‍ച്ച് പ്രോഗ്രാമും(ഐ ആര്‍ പി) ആരംഭിച്ചു. 

പാകിസ്താന്റെ ഒന്നാമത്തെ മിലിട്ടറി ഉപഗ്രഹമായ ബദര്‍-1 വിക്ഷേപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മിസൈല്‍ വേധം ലക്ഷ്യമാക്കിയ അവര്‍ അതിലും വിജയിച്ചു. പല കാര്യങ്ങളും പാകിസ്താന് വേണ്ടി ചെയ്‌തെങ്കിലും ഒപ്പം അഴിമതിക്കേസുകളിലും ഇവരുടെ പേര് ഉയര്‍ന്നുകേട്ടു. അതോടൊപ്പം തന്നെ പാകിസ്താന്‍ പ്രസിഡന്റായിരുന്ന ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള പ്രശ്‌നങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരുന്നു. 1990ല്‍ വിവിധ കുററങ്ങള്‍ ചാര്‍ത്തി പ്രസിഡന്റ്, ബേനസീറിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പിരിച്ചുവിട്ടു. 

അയോഗ്യയാക്കപ്പെട്ടെങ്കിലും പാകിസ്താന്‍ ജനങ്ങളുടെ പിന്തുണയോടെ പൊതുരംഗത്ത് തുടര്‍ന്ന അവര്‍ 1993ല്‍ പൂര്‍വാധികം ശക്തിയോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തി. 1993-96 വരെ നീണ്ട ഈ ഭരണകാലയളവില്‍ ദേശീയവത്കരണവും സ്വകാര്യവത്കരണവും വിദേശനയങ്ങളും നടപ്പില്‍ വരുത്തിയ അവര്‍ പാകിസ്താനെ സാമ്പത്തിക ഭദ്രതയുടെ ഉയരങ്ങളിലെത്തിച്ചു. ഇത്രയൊക്കെ ചെയ്‌തെങ്കിലും 1996ല്‍ അഴിമതിയുടെ പേരില്‍ അവര്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെടുകയുണ്ടായി.

ഇതിനു ശേഷം കുറച്ചു കാലം വിദേശത്ത് കഴിച്ചു കൂട്ടിയ ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27ന് ഇലക്ഷന്‍ പ്രചാരണത്തിനടയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ചരമം പ്രാപിച്ചു. മരിക്കുമ്പോള്‍ 54 വയസ്സായിരുന്നു

Feedback
  • Sunday Apr 28, 2024
  • Shawwal 19 1445