Skip to main content

മുത്തുബീവി

 മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച മഹതിയാണ് മുത്തുബീവി എന്ന ബീവിതാത്ത. 

യൂസുഫ്‌കോയ തങ്ങളുടെയും ഖദീജക്കുട്ടിയുടെയും പുത്രിയായി പുളിക്കല്‍ നരിക്കുത്ത് കളത്തില്‍ തറവാട്ടില്‍ ജനിച്ചു. പുളിക്കല്‍ മദ്രസ്സത്തുല്‍ മുനവ്വറ സ്‌കൂളില്‍ അഞ്ചാംതരം വരെ പഠിച്ചു. . അധ്യാപക ട്രെയിനിംഗിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. അധ്യാപക പരിശീലനത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍ എട്ടാംതരം വരെയുള്ള പൊതുവിദ്യാഭ്യാസം നേടിയിരിക്കണം. ഒരു മുസ്‌ലിം വിദ്യാര്‍ഥിനി എന്ന പ്രത്യേക പരിഗണനയിലും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും അന്നത്തെ വിദ്യാഭ്യാസ സൂപ്രണ്ട് ഗഫൂര്‍ഷാ ട്രെയിനിങ്ങിനു വേണ്ട പൊതുയോഗ്യത നേടാന്‍ സഹായം ചെയ്തു.

പുരോഗമനവാദിയായിരുന്ന യൂസഫ് കോയ തങ്ങള്‍ മകളെയും കൂട്ടി അന്നത്തെ മുജാഹിദ് പണ്ഡിതന്‍ പി.കെ. മൂസ്സ മൗലവിയെ കണ്ടു. അദ്ദേഹം എലത്തൂര്‍ കേയിന്റെ സ്‌കൂളില്‍ മുത്തുബീവിക്കു പ്രവേശനം വാങ്ങിക്കൊടുത്തു. രണ്ടുവര്‍ഷത്തെ ട്രെയിനിംഗ് ശേഷം അധ്യാപികയായി. 

1927 ല്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ മദ്രസത്തുല്‍ മുഹമ്മദിയ്യ സ്‌കൂള്‍ മാനേജര്‍ കെ.വി. മാമുക്കോയ ഒരു മുനിസിപ്പല്‍ സ്‌കൂള്‍ മുസ്‌ലിം പിന്നോക്ക പ്രദേശമായ കുണ്ടുങ്ങല്‍ സ്ഥാപിക്കാനുള്ള അനുവാദം നേടി. മുഖ്യമായും മുസ്‌ലിം പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തുടങ്ങിയ സ്‌കൂളിന് നഗരം മാപ്പിള ഗേള്‍സ് സ്‌കൂള്‍ എന്ന് പേരും നല്‍കി. ഈ വിവരം മുത്തുബീവി അറിയാനിടയായി. അവര്‍ കോഴിക്കോട്ടെത്തി കെ.വി. മാമുക്കോയ സാഹിബിനെ സമീപിച്ചു ജോലിക്കപേക്ഷ നല്‍കി. സ്‌കൂളിന് അനുവാദം ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ മാമുക്കോയ സാഹിബ് നിര്യാതനായി. 

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതവിദ്യാഭ്യാസത്തിനു പുറമെ ഭൗതിക വിദ്യാഭ്യാസവും നല്‍കാനുള്ള ഏര്‍പ്പാട് ഒച്ചപ്പാടുണ്ടാക്കി. പലരും സ്ഥലം അനുവദിക്കാന്‍ മടികാണിച്ചു. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ ചാപ്പയില്‍ തന്റെ കുതിരപ്പന്തിയുടെ സ്ഥലം സ്‌കൂളിനായി വിട്ടുകൊടുത്തു. അവിടെ തുടങ്ങിയ സ്‌കൂളില്‍ പ്രധാന അധ്യാപികയായി മുത്തു ബീവി നിയമിതയാവുകയും ചെയ്തു. 

പര്‍ദ്ദയണിഞ്ഞ് പുലര്‍ച്ച മുതല്‍ മുസ്‌ലിം തറവാടുകളിലും ഇടത്തരം വീടുകളിലും കുട്ടികളെ തേടിയിറങ്ങി. നാല് വീടുകളില്‍ നിന്ന് എട്ട് കുട്ടികള്‍ ചേര്‍ന്നു. പതിനഞ്ച് വരിയുള്ള ഹാജര്‍ പട്ടിക പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കഠിനാദ്ധ്വാനം ചെയ്തു. 1938 ല്‍ നാലും അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ സ്ഥലം മതിയാവാതെ വന്നു. മുക്രിയകത്ത് മമ്മദ്ഹാജിയുടെ ഇടിയങ്ങരയിലെ വാടക കെട്ടിടത്തില്‍ മുപ്പത് രൂപ വാടക നിശ്ചയിച്ച് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചു. 

മുനിസിപ്പല്‍ സ്‌കൂള്‍ പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. പരപ്പില്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നാണ് ഇന്നത്തെ പേരെങ്കിലും 'ബീവിന്റെ സ്‌കൂള്‍' എന്ന പേരിലാണ് ഈ പ്രാഥമിക വിദ്യാലയം ഇന്നും അറിയപ്പെടുന്നത്. ഒരു മാപ്പിള സ്ത്രീയുടെ സ്മരണ ആ പേരിലൂടെ തലമുറകള്‍ കൈമാറുന്നു. പിന്നോക്ക പ്രദേശത്ത് മുസ്‌ലിം പെണ്‍കുട്ടികളുടെ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയ നാമമാണ് ബീതാത്തയുടേയും അവര്‍ വളര്‍ത്തിയെടുത്ത പ്രാഥമിക പള്ളിക്കൂടത്തിന്റെതും. 

വീടുകള്‍ തോറും കയറിയിറങ്ങി മുസ്‌ലിം സ്ത്രീകളെ ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച അവര്‍ ബോധവാന്മാരാക്കി പല വീടുകളും ഉണരുന്നത് ബീവിയെ കണ്ടുകൊണ്ടായിരുന്നു. കുട്ടികളെ കുളിപ്പിച്ച് സ്‌കൂളിലയക്കാന്‍ ഓര്‍മ്മപ്പെടുത്തിയാണ് അവര്‍ പോവുക. ഈ തീര്‍ത്ഥയാത്ര പ്രഭാതം മുതല്‍ സന്ധ്യ ഏറെയാവുന്നതുവരെ നീണ്ടു. ഇതിനായി അവര്‍ സഹിച്ച ത്യാഗവും വലുതായിരുന്നു. ഭര്‍ത്താവിന്റെ കുടുംബം അവര്‍ക്ക് വിലക്ക് കല്‍പ്പിച്ചു. നാട്ടില്‍ അവര്‍ സംസാരവിഷയമായി. പെണ്‍കുട്ടികളെ നരകഭാഷ പഠിപ്പിക്കുന്നുവെന്ന അപകീര്‍ത്തിക്കിരയായി. ആദ്യഭര്‍ത്താവ് കാസിം കോയ തങ്ങള്‍ പള്ളി ഇമാമായിരുന്നു. ഭാര്യയുടെ ഈ പോക്ക് തെറ്റാണെന്ന് വ്യാഖ്യാനിച്ചു വിവാഹ മോചനം നടത്തി. 

കൊടിഞ്ഞി ഹൈദ്രോസ് കോയതങ്ങളെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ചു. രണ്ടുവര്‍ഷം മദ്രസ്സത്തുല്‍ മുഹമ്മദിയ്യയില്‍ അദ്ധ്യാപകനായും പിന്നീട് പട്ടാളത്തില്‍ ഉറുദു അദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിരുന്നു. പട്ടാളത്തില്‍ അദ്ധ്യാപകനായിരിക്കെ സിങ്കപ്പൂരിലേക്ക് പോയി അവിടെ വെച്ച് നിര്യാതനായി. രണ്ടു ഭര്‍ത്താക്കന്മാരിലും മുത്തുബീവിക്ക് സന്താനങ്ങളില്ല. 

1988 ജൂണ്‍ 9 ആം തിയ്യതി നിര്യാതനായി. പുളിക്കല്‍ പള്ളി ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Feedback